പ്രണയരോഗി
ഓര്‍ത്തത് നിന്നെയായിരുന്നു.
എടക്കല്ലിന്റെ ഗുഹാമുഖത്തുനിന്ന്
ആകാശത്തിന്റെ വ്യഥിതശോഭകള്‍
വില്ലുകുലച്ചു വരുമ്പൊഴും
കണ്മഷിപോലെ കറുത്തു പോയ രാത്രിയില്‍
തൊവരിമലയുടെ നെഞ്ചത്ത്
ഒരു മണ്‍വിളക്കുമാത്രം
എരിഞ്ഞു നില്‍ക്കുന്ന് വിദൂരദൃശ്യം
കണ്ണുകള്‍ റാഞ്ചുമ്പൊഴും
ഒരു പൊക്കിള്‍ക്കുഴിക്ക്
ചുറ്റിലുമെന്ന പോലെ
പൂക്കോടിന്റെ തടാകക്കരയിലൂടെ
കൂട്ടുകെട്ടിന്റെ ഐസ്ക്രീം
നുണഞ്ഞുതീരുമ്പൊഴും
പള്ളിക്കുന്നിലെ മണിയൊച്ചകള്‍ക്കും
ആഹ്ലാദത്തിരക്കിനുമിടയ്ക്ക്
ഒറ്റപ്പെട്ട്
മനസ്സില്‍ ദുഃഖത്തിന്റെ മുള്ള് തട്ടുമ്പൊഴും
ഓര്‍ത്തത് നിന്നെയായിരുന്നു.
പക്ഷേ,നിന്നെ ഞാനറിയുന്നീല,നീയെന്നെയും.
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
കാലുംകണ്ണും മനസ്സും കടയുന്നതു വരെയെങ്കിലും,
ഹൃദയത്തിലെ റാന്തല്‍ അണയുന്നതു വരെയെങ്കിലും,
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കും.
നിന്റെ സ്നേഹം
ഒരു കിണറിന്റെ
മൂടിയായിരുന്നു.
അത് നീങ്ങിയപ്പോള്‍
കുപ്പിച്ചില്ലുകളും
പാമ്പുകളും നിറഞ്ഞ
കിണറ്റിലേക്ക്
ഞാനിതാ വീഴുന്നു.
എന്റെ കൈകള്‍
ഉയര്‍ന്നുതന്നെ...
എന്റെ നിലവിളി
ഉറക്കെത്തന്നെ...
വൈദ്യുതി നിലച്ച
നഗരം പോലുള്ള
എന്റെ ഹൃദയത്തില്‍
ഭീതിയുടെ പതിനായിരം
ജനറേറ്ററുകള്‍
ശബ്ദിച്ചു..
സ്നേഹമേ,
നീയെന്നെ വിട്ടുവോ...?
താഴെ,
മരണത്തിന്റെ
പിളര്‍ത്തിയ വായ.

ഒരു ഞായറാഴ്ച്ച വൈകിട്ട്
മലമ്പുഴയില്‍ വെച്ച്
കാനായി കുഞ്ഞിരാമന്റെ
യക്ഷി എന്നെ പിടികൂടി.
പക്ഷേ,യക്ഷി നന്നേ ചടച്ചിരുന്നു.
നഖങ്ങള്‍ വെട്ടിയിരുന്നു.
തുണി ഉടുത്തിരുന്നു.
കാനായി മനസ്സില്‍ നിന്ന്
പൊളിച്ചെടുത്ത(പൊളിച്ചുവെച്ച) യക്ഷി
ഊക്കന്‍ മുലകള്‍
മുന്നോട്ടുന്തിയുന്തി
എത്രകാലമായ്
എന്നെ കാത്തുകാത്ത്
ചീരഴിഞ്ഞു.
ഞാനും യക്ഷിയും
ഡാമിനു മുകളില്‍ കയറി.
ഇരുട്ടും ചാറ്റല്‍ മഴയും മിന്നലും
അവിടെ കുശുമ്പ് പറയുന്നുണ്ടായിരുന്നു.
നക്ഷത്രങ്ങള്‍ പുരാതനമായ
പല്ലിളികൊണ്ട് ആകാശം അലങ്കരിച്ചിരുന്നു.
വൈദ്യുതിക്ഷാമം കൊണ്ട്
പൊറുതിമുട്ടിയവര്‍ക്ക്
ആനന്ദാശ്വാസത്തിന്
താഴെ വൈദ്യുതോദ്യാനം
തീര്‍ത്തിരുന്നു.
ഡാമിനുമുകളില്‍
MALAMPUZHA DAM
എന്ന് ബള്‍ബുകള്‍ നാമം ചൊല്ലിയിരുന്നു.
അപ്പോള്‍ യക്ഷി പറഞ്ഞു:
*'I want your wild substance'
ഞാന്‍ പറഞ്ഞു :‘ബാലചന്ദ്രന്‍ ഇതറിയണ്ട,
കേസു കൊടുക്കും.’
-‘35 വയസ്സിന് ചുവടെയുള്ള കോപ്പിയടിക്കവി-
യായതുകൊണ്ട് എന്തെങ്കിലും ഇളവ്...?’
ഒരിളവുമില്ലാതെ ഞാനവളെ പ്രാപിച്ചു.
പാലക്കാടന്‍ ഭാഷയില്‍ അവള്‍ ചോദിച്ചു:
‘ചീരഴിഞ്ഞോ...?’
എല്ലാ ചീരും അഴിഞ്ഞിരുന്നു.
അവള്‍ പറഞ്ഞു:
‘എന്റെ ജന്മം സാര്‍ഥകമായി .
എനിക്കിനി ഡാമില്‍ ചാടണം.’
'പ്രിയപ്പെട്ട തന്തേ ,കാനായീ,
ഇവളെ സൃഷ്ടിച്ചപ്പോ
മൈസൂറിലെ ഗണേശപ്രതിമയുടെ
ജലാസക്തിവൈറസ്
ജീനില്‍ കലര്‍ന്നിരുന്നോ...? '
കാനായി മിണ്ടാട്ടമില്ല.
അയാളും പ്രതിമയായോ എന്തോ...?
* * * *
യക്ഷി ഇപ്പോള്‍‘എന്നെ കെട്ടണമെന്നു' പറഞ്ഞ് എന്റെ
കൂടെയുണ്ട്.ഇല്ലെങ്കില്‍,സ്ത്രീപീഡനത്തിന് കേസു കൊടുക്കുമത്രേ.ഏതായാലും
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന സാമ്പ്രദായികസഞ്ജീവനി കൊടുത്ത് ഞാനവളെ
രക്ഷിച്ചു.
(വര്‍ഷങ്ങള്‍ക്കുമുന്‍പ്
എഴുതിയത്)
*
ബാലചന്ദന്‍ ചുള്ളിക്കാടിന്റെ സഹശയനം എന്ന കവിതയിലെ ഒരു വരി.
ഇല പറിച്ചു കടിച്ച്
കാര്‍ക്കിച്ചു തുപ്പിയകുട്ടിയോട്
ലോകത്തിന്റെ മുഴുവന്‍
കയ്പ്പും പേറി കാഞ്ഞിരം പറഞ്ഞു:
'കയ്പ്പ് ജന്മസ്വഭാവമായിപ്പോയി;
മധുരിക്കുകയും പുളിക്കുകയും
ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍
കയ്പ്പ് എന്റെ മൌലികത.'
വയല്‍ക്കരയിലെ വീടിന്
കാറ്റും കിളികളും കൂട്ടുകാര്‍ ,
വെള്ളം നിറഞ്ഞ പാടം കണ്ണാടി,
തൊടിയിലെ കമുകിന്‍ തോട്ടത്തിന്റെ വക
സുഗന്ധ ലേപനം.
തണവു നിറഞ്ഞ മുറ്റത്ത്
ലോകത്തെ മുഴുവന്‍
സമാധാനം.
വയല്‍ക്കരയിലെ വീടിന്
ആശങ്കകളില്ല...ആനന്ദം മാത്രം.
അതിന്റെ വൈക്കോല്‍ മേല്‍ക്കൂര കണ്ട്
കരിമേഘങ്ങള്‍ അലിയുന്നു.
ചീവീടുകളും തവളകളും
ദൈവത്തിന്റെ ഫോണ്‍ വിളികള്‍ പോലെ
നിരന്തരം റിംങ് ചെയ്യുന്നു.
ആരെങ്കിലും ഒന്ന് എടുത്തെങ്കില്‍ ...
വയല്‍ക്കരയിലെ വീട്ടിലേക്ക്
അദ്ദേഹം വരുന്നുവെന്ന്
പറയാനാണെങ്കിലോ....
ആരോ വരുന്നുണ്ട്....
ദൂരെ വരമ്പത്തുകൂടി ശ്രദ്ധിച്ചു ശ്രദ്ധിച്ച്....
comments