
മരിച്ചവരുടെ അയൽ
അവർ കള്ളം പറയുകയില്ല
മൂടൽ മഞ്ഞേ അതു
പറയൂ
അവർ വിരസത അനുഭവിക്കില്ല
നിഴലേ അതറിയൂ
അവർ വൈകി വരില്ല
മരണമേ അങ്ങനെ
വരൂ
അവർ ജീവിക്കുന്നില്ല
വാച്ചുമാത്രമേ
സ്പന്ദിക്കുന്നുള്ളൂ.
എന്നാൽ നാമാരും
സമയത്തെ നിയന്ത്രിക്കുന്നില്ല
ഞാനോ മൂടൽമഞ്ഞോ
നിഴലോ മരണമോ.
ഏറെ വർഷങ്ങളായ്
നീ എന്റെ അയൽ
എന്നാൽ എനിക്ക്
നിന്നെ അറിയില്ല
നിന്റെ മുറി വെളിച്ചത്താൽ
നിറയുകയും
ഇരുളുകയും ചെയ്യുന്നു
നിന്റെ ചെടികൾ
പൂവിടുന്നു
വിരുന്നു ദിനങ്ങൾക്കനുസരിച്ച്
അലങ്കാരങ്ങൾ
മാറുന്നു
നിന്റെ പുൽപ്പച്ചയിൽ
ജമന്തിയുടെ മഞ്ഞ
പടർന്നിട്ടില്ല.
നീ ജീവിച്ചിരിക്കുന്നു
പിന്നെയോ
നീ ജീവിച്ചിരിക്കുന്നു
സെമിത്തേരിയിൽ.
വിവർത്തനം: സർജു
അമൽ നവ്വാർ- ലെബനീസ് കവിയും വിവർത്തകയും .1964 -ൽ കുവേറ്റിൽ ജനിച്ചു. ബെയ്‌റൂട്ടിൽ പഠനം. കാനഡയിൽ ജോലി. ഇപ്പോൾ അമേരിക്കയിൽ. സമാഹാരങ്ങൾ A Crown on the Edge, Hers Is Blue Wine and Intimate to Glass .
