കവിത

കരുണാകരൻ

വെള്ളിയാഴ്ച, ദൈവമില്ലാത്ത ഉച്ച

വടക്കേ മുത്തശ്യാർ കാവിലെ വെളിച്ചപ്പാട്‌
വാളെടുത്താൽ ഇടത്തേക്കാൽ കോച്ചാൻ തുടങ്ങും
മുത്തശ്ശ്യാരമ്മയെപ്പോലെ.

ദേവിയുടെ തട്ടകം
പാലയും യക്ഷിയും ഒടിയനും ഉണ്ട്‌
ഇടവഴികളും ഒളിച്ചിരുന്ന മണങ്ങളുമുണ്ട്‌
കെട്ടിപ്പിടിക്കാൻ നിൽക്കുന്ന ചില
നിഴലുകളും.

രാത്രി ഇന്നത്തെപ്പോലെ അല്ല 
നീണ്ടു നീണ്ടുപോയി, ഒരു കിണർ പോലെ.

എങ്കിലും വൈകി സഞ്ചരിച്ച ആരിലും
ദേവിയുടെ ഒരു കണ്ണുണ്ട്‌
ആളപായം ഉണ്ടാവില്ല.
ഇതു പോലെ:
ഒരു രാത്രി താമിയെ ഒടിയൻ കൊല്ലാൻ പിടിച്ചു
കൊയ്ത്തു കഴിഞ്ഞ പാടത്ത്‌ വെള്ളി വെളിച്ചത്തിൽ
അവനും ഒടിയനും പൊരുതി, മരിയ്ക്കുമെന്നായതും
അവൻ എന്റെ ദേവീ എന്നുറക്കെ കരഞ്ഞു
വാളും ചിലമ്പുമായി ദേവി
വെളിച്ചപ്പാടിന്റെ വേഷത്തിൽ വന്നു.

ഒടിയൻ പേടിച്ചു
ഇനി ഉണ്ടാവില്ല എന്നു സത്യം ചെയ്തു
താമിയെ അവന്റെ വീട്ടിൽ വരാന്തയിൽ
ഒരു പനിയുടെ ഉറപ്പിൽ ദേവികൊണ്ടുവന്നു കിടത്തി,
ആളപായം ഉണ്ടായില്ല…

 

എങ്കിലും
ഊമകളായ കുട്ടികളും
പാമ്പുകടിച്ചു മരിക്കുന്ന ആളുകളുമുണ്ടായിരുന്നു.
വൈദ്യുതക്കമ്പികളിൽ തൂങ്ങിച്ചാവാനെത്തുന്ന
കാക്കകളും.

 

പിന്നെയാണ്‌
ദൈവം ഇല്ല എന്നുറപ്പുള്ള നാളുകൾ വന്നത്‌
രാത്രിയിലും ഓടുന്ന ബസുകളും
വീതികൂടിയ റോഡുകളും.

വെള്ളിയാഴ്ച ദൈവം ഇല്ലാത്ത ഉച്ചയ്ക്ക്‌
കാവിൽപാലമരത്തിന്റെ ചോട്ടിൽ പോയി
ഒറ്റയ്ക്കിരുന്നു
മരം ഇലകളെക്കൊണ്ട്‌ കൂകിവിളിപ്പിച്ചു
പേടി തോന്നിയില്ല
ചെറു ചുഴലിയെറിഞ്ഞ്‌ കാറ്റുകാത്തുനിന്നു
പേടിതോന്നിയില്ല
പിന്നെ പാലമരത്തിന്റെ ചോട്ടിൽ നിന്നും
ഒരു തള്ള കൊച്ചി കൊച്ചി നടന്നു,
കാവിലെ ദീപസ്തംഭം വരെക്കണ്ടു.
അതോടെ വെള്ളിയാഴ്ച
ദൈവം ഇല്ലാത്ത  ഉച്ച
ഒരു കെട്ടുകഥയുടെ രൂപത്തിലുമായ്‌...

വഴിമുട്ടുന്ന വഴികൾ
വെളിച്ചം കത്തുന്ന നിരത്തുകളിൽ
നൂലുകൾ പോലെ ഇഴഞ്ഞു...

ന്നൂറു വർഷങ്ങൾ കഴിഞ്ഞാലും ചങ്കിലെ ആ പിടി
മറക്കില്ല എന്ന് താമിപറയും
ഒടിയനേയും ദേവിയേയും ഓർക്കുമ്പോൾ.

നാൽപ്പത്തിയെട്ടാമത്തെ വയസ്സിൽ അവൻ
തൂങ്ങിച്ചത്തു, ആളപായം ഉണ്ടായി...
കാക്കകൾ കുറഞ്ഞു, പാലമരം വീണു.

 

ഒരു കൽത്തറ
വലുതാകുമെന്ന് ഒരു മരത്തൈ
കാറ്റ്‌ പക്ഷേ പരിചയമേ ഇല്ല.

നോക്കി നിൽക്കുമ്പോൾ വീണ്ടും അതേ തള്ള
കൊച്ചി കൊച്ചി നടന്നു പോയി,
റോഡുവരെ കണ്ടു
ഒരു പ്രാവശ്യം
തിരിഞ്ഞുനോക്കുകയും ചെയ്തു.

 മുത്തശ്യാർ-   പട്ടാമ്പിക്കടുത്ത്‌ ഒരു ദേശത്തെ ദേവത

z