
വീടുവീടാന്തരം
അഷ്‌റഫ് പേങ്ങാട്ടയിൽ
കഴിഞ്ഞ ലക്കം തുടർച്ച
പിറ്റേന്നു ജോലി കഴിഞ്ഞുവരുമ്പോൾ കാർപ്പാർക്കിങ്ങിൽ വെച്ചുപുതിയ അയൽക്കാരെ കണ്ടു. ഒരു ചുവന്ന ഫോർവ്വീലറിർ വന്നിറങ്ങുകയായിരുന്നു. ജീൻസും ടീഷർട്ടും കറുത്ത കണ്ണടയുമാണ് രണ്ടുപേരും ധരിച്ചിരുന്നത്. അധികം തടിയില്ലാത്ത ഒത്ത ശരീരം. മദാമ്മ, തനി ഡയാന രാജകുമാരി തന്നെ. ബേഗുകളുമെടുത്ത് അവർ ബിൽഡിങ്ങിലേക്കു കയറിപ്പോയി.
അപൂർവ്വമായേ മുറൂറിലിങ്ങനെ യൂറോപ്പുകാരൊക്കെ എത്താറുള്ളു. അതുകൊണ്ടാവണം ഗ്രൗണ്ട് ഫ്ലോറിലെ കച്ചവടക്കാരും ടാക്സി ഡ്രൈവർമാരുമെല്ലാം അവരെ ആർത്തിയോടെ നോക്കിനിൽപ്പുണ്ടായിരുന്നു.പക്ഷെ ഞാൻ ഒന്നും ശ്രദ്ധിക്കാതെ കോണിപ്പടികൾ കയറി. ഡ്രസ്സുമാറികൊണ്ടിരിക്കുമ്പോൾ അറിയാതെ കർട്ടന്റെ വിടവിലൂടെ അയൽ ഫ്ലാറ്റിലേക്കു നോക്കി. കണ്ണു മഞ്ഞളിച്ചുപോയി. ഡയാനയും ഭർത്താവും അടിവസ്ത്രങ്ങൾ മാത്രം ധരിച്ച്, ജീൻസും ടീഷർട്ടുമൊക്കെ ഹേങ്ങറിൽ തൂക്കുകയണ്.
ഡൈനിംങ്ങ് ടേബിളിലിരുന്നു പഠിക്കുകയായിരുന്ന മക്കളറിയാതെ , ആ അപൂർവ്വ കാഴ്ചകാണാൻ ഞാൻ ഭാര്യയെ വിളിച്ചു. കർട്ടൺ വിടവിലൂടെ അതു കണ്ടതും, അവൾ വാപൊത്തി. ആ നിൽപ്പിൽ അവൾ ദൈവത്തെ വിളിക്കുകയും ആശ്ചര്യ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും അവരെ ചീത്ത വിളിക്കുകയും ശപിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇടക്കിടക്ക് കണ്ണു വലിച്ച് ലോകത്തിന്റെ ഈ അവസ്തയെപറ്റി ഉത്കണ്ട്പ്പെടുകയും ചെയ്യുന്നുണ്ട്. അതിനിടയിൽ അയൽവാസികൾ രണ്ടും ബെഡ്ഡ് റൂമിൽ നിന്നു പോയി.
പാതിയഴിച്ച പന്റ്സുമായി നിൽകുന്ന എന്നെക്കണ്ട് ഭാര്യ അർത്ഥം വെച്ചൊന്നു നോക്കി. പാന്റ്സ് അലമാരയിൽ തൂക്കി, ലുങ്കിയുടുത്തു തിരിയുമ്പോഴുണ്ട്, ഡയാന അതേ വേഷത്തിൽ കിച്ചണിൽ. എന്തോ എടുക്കാനായി അവൾ ഫ്രിഡ്ജിലേക്കു കുമ്പിട്ടതും, എന്റെ നിയന്ത്രണങ്ങൾ കൈവിട്ടുപോകുമോ എന്ന ഭയമായി. ഒപ്പം, സാംസ്കാരിക പുരോഗതി ഇത്രയുംവരെ ആകരുത് എന്നു വിലയിരുത്തുകയും ചെയ്തു. എന്തോ എടുത്തുകൊണ്ട് ഡയാന കിച്ചണിൽ നിന്ന് പോയി.
ഞാൻ പതുക്കെ ബാൽക്കണിയുടെ അറ്റത്തുപോയി കഴുത്തുനീട്ടി നോക്കിയെങ്കിലും അവരുടെ സിറ്റിംങ്ങ് റൂമിലേക്ക് കണ്ണെത്തുന്നില്ല. നിരാശയോടെ തിരിഞ്ഞുനോക്കുമ്പോൾ തൊട്ടടുത്തുനിന്ന് ചിരിക്കുകയാണ് ഭാര്യ. "നന്നായി. അത്രയെങ്കിലും ഒരു മറവു കിട്ടിയല്ലോ?" അവൾ ദൈവത്തെ സ്തുതിച്ചു. ശരിയാണെന്ന് എനിക്കും തോന്നി. മനുഷ്യനും മൃഗവും തമ്മിലുള്ള ആ മഹത്തായ വിടവാണ് ഈ സാംസ്കാരിക ഉന്നതി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാമിങ്ങനെ തുറന്നിട്ടാൽ പിന്നെ എന്തായിരിക്കും അവർക്ക് പരസ്പരം ആകർഷിക്കാനും ആസ്വദിക്കാനും ബാക്കിയുണ്ടാവുക. വെറുതെയല്ല ഇവറ്റകളുടെ കുടുംബ ബന്ധങ്ങൾ പെട്ടെന്നു മുറിഞ്ഞുപോകുന്നത്.
കുട്ടികളുടെ ഹോംവർക്കുകളും ഭക്ഷണവുമൊക്കെ കഴിഞ്ഞ് അവരെ ഹാളിൽ ബെഡ്ഡു വിരിച്ചു കിടത്തിയപ്പോൾ പതിവുപോലെ ഞാൻ ടീവി ഓഫാക്കി, ലൈറ്റണച്ചു. ഏഷ്യാനെറ്റിലെ 'അകത്തളം" ചർച്ച പകുതിയായിട്ടേ ഉണ്ടായിരുന്നുള്ളു - പുതിയ ലോകത്തിന്റെ ആവാസവ്യവസ്തകളും ആകുലതകളും. കുടുംബമായി ജീവിക്കുന്നവർക്ക് താമസിക്കൻ ഒരുസമുച്ചയം. ബാച്ചിലേഴ്സിന്ന് വേറൊരിടം. ലേബേഴ്സിന്ന് മറ്റൊരിടം......
മക്കളെ കൃത്യ സമയത്തുറക്കിയില്ലെങ്കിൽ രാവിലെ വിളിച്ചാൽ എണീക്കില്ല. ഞാൻ പഴയൊരു ആഴ്ചപ്പതിപ്പുമെടുത്ത് ബെഡ്ഡ് റൂമിലേക്കുവന്നു. എന്റെ കണ്ണുകൾ ശരിക്കും തള്ളിപ്പോയി. ജനലിനപ്പുറത്ത് ജീവനുള്ളൊരു ബ്ലൂഫിലിം. അതുകണ്ട് പകച്ചു നിൽക്കുകയാണു ഭാര്യ. ഞാൻ വേഗം ബെഡ്ഡ് റൂമിന്റെ വാതിൽ അമർത്തിയടച്ച് കുറ്റിയിട്ടു.
ഡയാനയും ഭർത്താവും ഈ ലോകത്തൊന്നുമല്ല.
ആദ്യ ഷോക്കിൽനിന്ന് ഒന്നയഞ്ഞപ്പോൾ ഞാൻ ഭര്യയുടെ പുറകിലായി ചേർന്നുനിന്നു. അവളെ തൊട്ടതും പഴയ ശാപവാക്കുകൾ ഒരു വിറയലോടെ പുറപ്പെടുവിക്കാൻ തുടങ്ങി. ജനൽ കർട്ടൺ ഭദ്രമായി വലിച്ചിട്ടു. ഇവറ്റകളെകൊണ്ട് വലിയ ശല്ല്യമായി എന്നു പറഞ്ഞ് ഞാനവളെ പിറകിൽ നിന്നു കെട്ടിപ്പിടിച്ചു. അവളുടെ മാക്സിക്കും മുടിക്കും അന്നത്തെ മീൻ കറിയുടെ മണമായിരുന്നു.
രാവിലെ ഉറക്കമുണർന്ന് അദ്യം നോക്കിയത് ബാൽക്കണിയിലേക്കാണ്. അയൽ വീട് ഉണർന്നിട്ടുണ്ടായിരുന്നില്ല. മക്കളെയുണർത്തി റെഡിയാക്കി വേഗം സ്കൂളിലയച്ചു. ഓഫീസിലേക്ക് പുറപ്പെടുമ്പോഴും അസത്തുകൾ ലൈറ്റോണാക്കിയിട്ടില്ല.
ഓഫീസിലെത്തി പതിവുപോലെ സജിത്തിന്നു വിളിച്ചു. പുതിയ അയൽവാസികളുടെ വിശേഷങ്ങൾ കേൾക്കാൻ അവൻ വലിയ താൽപര്യം കാണിച്ചു. എങ്കിലും ഒടുവിൽ ഞങ്ങളുടെ ഗതികേടിൽ അവൻ സഹതപിച്ചു. വൈകീട്ട് എങ്ങിനെയെങ്കിലും വീട്ടിലേക്കു വരാമെന്നും പറഞ്ഞു.
പണികഴിഞ്ഞെത്തുമ്പോൾ താഴെ എന്നെയും കാത്തുനിൽപ്പുണ്ടായിരുന്നു, സജിത്. കാർപ്പാർക്കിങ്ങിൽ ചുവന്ന ഫോർവീൽ ഡ്രൈവ് ഉണ്ടായിരുന്നില്ല. നേരത്തെ ഭര്യ വിളിച്ചുപറഞ്ഞിരുന്നു, രണ്ടുംകൂടി പുറത്തേക്ക് പോകുന്നത് കണ്ടെന്ന്. രാത്രി ഏറെ വൈകുവോളം ഞാനും സജിത്തും ബാൽക്കണിയിൽ സുലൈമാനിയും കുടിച്ചിരുന്നു. നമ്മളെപ്പോലുള്ളവർക്ക് ഇനി ഇവിടെ താമസിക്കാൻ കൊള്ളില്ല. എത്രയും വേഗം ഒരു വീടു കണ്ടുപിടിച്ച് മാറുകയേ നിവൃത്തിയുള്ളു എന്ന് അവനും സമ്മതിച്ചു. എങ്കിലും ഞങ്ങളുടെ ഗതികേട് ഒന്നു നേരിട്ടുകാണിച്ചു കൊടുക്കാൻ കഴിയാത്തതിൽ എനിക്കു വിഷമം തോന്നി. ഇവറ്റകൾ എവിടെപ്പോയി കിടക്കുകയാണ്. വെള്ളക്കാരല്ലേ, വല്ല ക്ലബ്ബിലും കാണും. നമ്മളെപ്പോലെ അവരുണ്ടോ അടങ്ങിയൊതുങ്ങിയിരിക്കുന്നു.
-തുടരും.