
കഥ
വീടുവീടാന്തരം
ഞാനീ അടുത്തിടെയാണ് മുറൂറിലേക്ക് താമസം മാറിയത്. അബുദാബിയിലെ വർദ്ധിച്ചുവരുന്ന വീട്ടുവാടക സഹിക്കാതെ വന്നപ്പോൾ, വർഷങ്ങളായി താമസിച്ചിരുന്ന എയർപ്പോർട്ട് റോഡിലെ ഫ്ലാറ്റ് വിട്ടുകൊടുക്കേണ്ടി വന്നു.
ആ ഫ്ലാറ്റിലായിരുന്നു ഞങ്ങളുടെ മധുവിധു.
രണ്ടു മക്കളും പെറ്റുവളർന്നത്.....സ്കൂളിലയച്ചു തുടങ്ങിയത്.
അതിന്റെ ചുമരുകളിൽ മക്കൾ കുനുകുനെ എഴുതിയിട്ട മുറിഞ്ഞ വാക്കുകളേയും ചിത്രങ്ങളേയും തനിച്ചാക്കി വാതിലടച്ചിറങ്ങുമ്പോൾ ഞാൻ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. ലിഫ്റ്റിറങ്ങുമ്പോൾ, അവരോടൊപ്പം കരയാതിരിക്കാൻ പാടുപെട്ടു.
അബുദാബി സിറ്റിയെ അപേക്ഷിച്ച് മുറൂറിൽ ഒരൽപം വാടക കുറവുണ്ട്. സിറ്റിയിൽനിന്നും പത്തുമിനിട്ട് കാറോടണം എന്നേയുള്ളൂ. പാക്കിസ്ഥാൻ മർക്കസിന്റെ എതിർവ്വശത്തുള്ള പഴയൊരു നാലുനില കെട്ടിടത്തിൽ ഒരു ഫ്ലാറ്റ്, ഏജന്റു മുഖേന തരപെട്ടു കിട്ടി. പൊളിക്കാനിട്ടിരിക്കുന്ന കെട്ടിടമാണെന്നറിഞ്ഞുകൊണ്ടുതന്നെ. കഷ്ടിച്ചൊരു വർഷം കൂടി കിട്ടിയേക്കും.
ചുമരിലെ സിമന്റൊക്കെ അങ്ങിങ്ങ് അടർന്നുവീഴാൻ തുടങ്ങിയിട്ടുണ്ട്. ടോയ്‌ലറ്റിലെ പൈപ്പുകളും തുരുമ്പിച്ചു തുടങ്ങിയിരിക്കുന്നു. തൽക്കാലം ഇവിടെ താമസിച്ചുകൊണ്ട് കൊള്ളാവുന്ന ഒരു വീടു കണ്ടുപിടിക്കണം, എത്രയും വേഗം. ഒരു വീടു കിട്ടാനുള്ള ഇപ്പോഴത്തെ ബുദ്ധിമിട്ട് അറിയാവുന്നതുകൊണ്ട് ഭാര്യയും മക്കളും ഒരു പരിഭവവും പറഞ്ഞില്ല.
മുറൂറിൽ അധികവും പഴയ അറബിവീടുകളാണ്.റോഡിന്റെ ഇരുവശങ്ങളിലുമായി അങ്ങിങ്ങ് ഇത്തരം കുറെ പഴയ ബിൽഡിങ്ങുകളുണ്ട്. പാർപ്പിട പ്രശ്നം ഇത്ര രൂക്ഷമായപ്പോൾ, ഈയിടെയായി കുറെ പുതിയ ബിൽഡിങ്ങുകൾ വരാൻ തുടങ്ങിയിട്ടുണ്ട്.
ഞങ്ങളുടെ ഫ്ലാറ്റിനോട് ചേർന്നും അത്തരം ഒരു പുത്തൻ ഏഴുനില ഗ്ലാസ് ബിൽഡിങ്ങാണ്. അതിലേക്ക് താമസക്കാർ എത്തിതുടങ്ങുന്നതേയുള്ളു. വലിയ വാടകയായതിനാൽ ഉയർന്ന ഉദ്യോഗസ്ഥ കുടുംബങ്ങളാണു വരുന്നവരൊക്കെ.
ഞങ്ങളുടെ ബെഡ്രൂമിനോടു ചേർന്നു കാണുന്ന ഫ്ലാറ്റിലേക്ക് യൂറോപ്യൻ ദമ്പതികളാണ് താമസക്കാരായി എത്തിയത്. ബാൽകണിയിൽ നിന്നാൽ കൈകൊണ്ട് തൊടാവുന്ന അത്ര അടുത്താണ് ആ ഫ്ലാറ്റ്. അതിന്റെ പുത്തൻ കൂളിങ്ങ് ഗ്ലാസിൽ ഞങ്ങളെതന്നെ പ്രതിബിംബിച്ചുകാണാം. ഇടക്കൊക്കെ ഞങ്ങളവിടെ ചെന്നുനിന്ന് ഓരോ ഗോഷ്ടികൾ കാണിക്കാറുണ്ട്.
പക്ഷെ പുതിയ താമസക്കാരെത്തി ലൈറ്റിട്ടതും ഞങ്ങളുടെ പ്രതിബിംബങ്ങൾ മാഞ്ഞുപോയി. പകരം മനോഹരമായ ഒരു കിടപ്പുമുറിയും അടുക്കളയും സിനിമാസ്ക്രീനിലെന്നപോലെ തെളിഞ്ഞുവന്നു. വീട്ടുസാമാനങ്ങൾ കൊണ്ടുവന്ന് ഫിറ്റുചെയ്യുകയണ് ജോലിക്കാർ. അവർക്കൊപ്പം നിന്ന് ഓരൊന്ന് അടുക്കിവെക്കുകയും നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നുണ്ട്, ആ മദാമ്മയും സായിപ്പും.
ഇനി ഇവിടെ ഇൻൽക്കണ്ട, അവരു കണ്ടാൽ മോശമാണ് എന്നു പറഞ്ഞുകൊണ്ട് ഭാര്യ എന്നേയും കൂട്ടി ബാൽകണിയിൽനിന്നു പോന്നു. ഹാഫ് നിക്കറും ബനിയനും ഇട്ടു നടക്കുന്ന ആ പെണ്ണിനെ അങ്ങിനെ നോക്കി നിൽക്കുന്നത് ശരിയല്ല, എനിക്കും തോന്നി. എങ്കിലും അവർ ബഡ്ഡും അലമാരയും അടുക്കളസാധനങ്ങളുമെല്ലാം ഫിറ്റുചെയ്തുകൊണ്ടിരിക്കുന്നത് ഇടക്കിടെ ഞാൻ കാണുന്നുണ്ടായിരുന്നു, കർട്ടന്നിടയിലൂടെ.
-തുടരും

അഷ്‌റഫ് പേങ്ങാട്ടയിൽ
