മലയാളത്തിലെ എഴുത്തുകാരുടേതില്‍ നിന്നും സര്‍വ്വഥാ വിചിത്രവും ഭിന്നവുമാണു മേതിലിന്റെ രൂപീകരണവും രൂപ ബോധവും. ഇദ്ദേഹത്തെ തോളില്‍ കൊണ്ട് ആരെങ്കിലും ഭാഷയുടെ കാട്ടിലൂടെ നടന്നുപോകുന്നുണ്ടെങ്കില്‍ അതിനു തക്കതായ വിക്രം-വേതാള്‍ കാരണങ്ങള്‍ ഉണ്ടാകും.
എണ്‍പതുകളില്‍ കേരളത്തിലെ ഒരു സാധാരണ മധ്യവര്‍ഗ്ഗ അധ്യാപകദമ്പതികളുടെ ഒറ്റക്കുട്ടിക്ക് സുലഭമായ ടീനേജ് ഏകാന്തതകളില്‍ ‘നാലുകെട്ടും’ ‘തോട്ടിയുടെ മകനും‘ ഒരുപോലെ ബോറായിക്കഴിഞ്ഞപ്പോള്‍ ഭീകരമായ സാഹിത്യശൂന്യത അനുഭവത്തിലായി. പാരമ്പര്യവും
പ്രത്യയശാസ്ത്രവും ഉള്ളില്‍ ഒരേ സമയം തോറ്റുതൊപ്പിയിടുന്നത് അറിയാന്‍ കഴിഞ്ഞു. ഡാവിഞ്ചിയുടെ യന്ത്രഗ്രാഫുകളും അസ്ഥികൂടപഠനങ്ങളും യുവാന്‍ ഗ്രിസ്സിന്റെ (Joan Gris) ഗിതാറുകളും ഷഗാലിന്റെ (Marc Chagall) പറക്കുംദമ്പതികളും നടവരമ്പത്തെ മേഘപഠനത്തോടൊപ്പം ജീവിതത്തില്‍ നിറഞ്ഞു വന്നു. എങ്കിലും പുറമേ ‘മൊണാലിസയും’ ‘അവസാനത്തെ അത്താഴവും’ പിന്നെ കൂടിവന്നാല്‍ ‘അവിഞ്ഞ്യോണിലെ സ്ത്രീകളും മാത്രമേ കണ്ടും കാണിച്ചും പരിചയിച്ചുള്ളൂ.
അങ്ങനെയിരിക്കെ റൊദിങ്ങിന്റെയോ (Nicholas Rodin) വാന്‍ ഗോഖിന്റെയോ (Vincent VanGogh) കത്തിക്കൊണ്ട് കൊത്തിച്ചെത്തിയെടുത്ത പോലെ ഒരാളെ മലയാള സാഹിത്യപരിസരത്തു വച്ചു കണ്ടത്. സൂര്യവംശവും കൊണ്ട് വന്നവനത്രെ. ഭൂമിയെയും മരണത്തെയും കുറിച്ച് എഴുതിയതാണ് ആദ്യം വായിച്ചത്. പിന്നെ ഒരു ചൂടുപിടിച്ച ഫ്ലാഷ്ബാക്. തേടിപ്പിടിച്ച വായന. വായിച്ചതൊക്കെയും ഏഷറിന്റെ (Escher) ചിത്രത്തിലകപ്പെട്ടതിന്റെ സുഖമാണു തന്നത്. ഏഷര്‍ ചെയ്ത പ്രമാദമായ ‘അസാധ്യനിര്‍മ്മിതികള്‍’ അക്കാലത്തുതന്നെയാണു ശ്രദ്ധയില്‍ പെട്ടത്.
അസംബന്ധങ്ങളുടെ ആ ‘മെയില്‍ ഷോവിനിസ്റ്റിക്ക് പന്നി’ യുടെ പുറത്തുകയറി സവാരിയല്ല. മരണക്കിണറില്‍ സ്ക്കൂട്ടറോടിച്ചു എന്നു തന്നെ പറയാം. കേശാദിപാദം സുന്ദരമായി അല്ലെങ്കില്‍ വിരൂപമായി മലയാള കഥയും കവിതയും നേര്‍വ്വഴിക്ക് അങ്ങനെ സഞ്ചരിക്കുമ്പോള്‍ ഏറിപ്പോയാല്‍ ചിത്രരചനാ മത്സരങ്ങളില്‍ വരക്കാവുന്ന മനുഷ്യരുടെ അംഗവിക്ഷേപങ്ങളേ കിട്ടുമായിരുന്നുള്ളൂ..അന്ന് അതു ഒരു കാര്യം തന്നെയായിരുന്നു താനും. പക്ഷെ അതില്‍ ആഗോളാന്തര സ്ക്കൂട്ടറോട്ടത്തിന്റെ ഒരു സാഹസികത ഇല്ലായിരുന്നു. വാക്കുകളും ബിംബങ്ങളും സ്വന്തമായി മറ്റൊരു യുക്തി ചമയ്ക്കുന്ന ,വ്യത്യസ്ത വിധികള്‍ ചമക്കുന്ന (അ) സംബന്ധസ്വാതന്ത്ര്യങ്ങളുമായിരുന്നു.
പൂജ്യങ്ങളുടെയും ഒന്നുകളുടെയും ഇന്നത്തെ ഈ ലോകത്തിനെക്കുറിച്ചും അതിന്റെ മാരകമായ അത്യപര - സാഹിതീയതയെ ( തിരശ്ചീനവും ബഹുലവുമായ അര്‍ത്ഥോല്‍പ്പദനങ്ങളുടെ ദൃശ്യ സാധ്യതകള്‍) കുറിച്ചും മലയാളത്തിലാദ്യം മണം കിട്ടിയത് മേതിലിനാണ്. ഇന്ന് നിങ്ങളും
ഞാനും മേതിലിലും ആ നിലയില്ലാത്ത പ്രോഗ്രാമിങ്ങിനകത്ത് ജീവിക്കുന്നു. നൂറു മോതിരത്തിന്റെ ഞാഞ്ഞൂള്‍ വധു എങ്കിലും ഇയാള്‍ ഒരു യന്ത്രമനുഷ്യനാണെന്നാണ് ഞാന്‍ കരുതിയത്. ബ്രാ എന്ന നോവല്‍ കൊണ്ട് മലയാളത്തില്‍ ദാദായിസം കാണിച്ചപ്പോഴും ലൈംഗികതയെക്കുറിച്ചു സാമാന്യം കഥ കണക്കേ ഉപന്യസിച്ചപ്പോഴും , അങ്ങനെയൊക്കെ മറ്റൊരു കാലക്രമത്തെക്കുറിച്ചു ഉള്ളില്‍ അവ്യക്തമായി കിടപ്പുണ്ടായിരുന്ന അസ്വസ്ഥതകള്‍ ഇങ്ങനേയിങ്ങനെ പെരുപ്പിച്ചവന്‍ വെറും മനുഷ്യനായിരിക്കില്ലെന്നു തന്നെ ഞാന്‍ കരുതി. സാഹിത്യാനുഭവം സംബന്ധിച്ച ഒരു വേവലാതിയും ഒരു മേതില്‍ ബുക്കെടുക്കുമ്പോള്‍ ഉള്ളില്‍ ഉണര്‍ന്നുമില്ല. പകരം യുവാന്‍ ഗ്രിസ്സ് ഗിറ്റാര്‍ വായിച്ചാലെന്തു സംഭവിക്കും എന്ന് ആലോചിക്കാന്‍ തോന്നി. ഒരു ഗിറ്റാറിന്റെ ആത്മാവ് അറിയാന്‍ അതുമുഴുവനും വരച്ച് കഷ്ടപ്പെടേണ്ട എന്നും മനസ്സിലായി.
ഒരു ഗിറ്റാറിനു സംഭവിക്കുന്നത് അഞ്ചു നേര്‍വ്വരകളിലോ ഒരു വൃത്തത്തിലോ സംഭവിക്കാം . സെസാന്റെ മൂന്നിലെ സ്റ്റില്‍ ലൈഫ്, ആപ്പിളിനെ വെര്‍മില്യനില്‍ ചേര്‍ത്ത മഞ്ഞയുടെ ഒരു ‘ നീല ബ്രഷ്സ്ട്രോക്ക് ആക്കിയില്ലേ. പക്ഷേ അയാള്‍ മുറിയടച്ചിട്ടിരുന്ന് പര്‍വ്വതവും ആപ്പിളും മറ്റുചിലതും മാത്രം കണ്ടു. പിക്കാസ്സോ എന്തിന്റെയും ദൃശ്യവിനിമയത്തിനു റെഡിയായിരുന്നു. മത്തീസ്സും ദെലണോയും ലേഷറും അങ്ങനെയായിരുന്നു.
കാണപ്പെട്ട ലോകത്തിന്റെ ആകാരസുഭഗതയില്‍ ആകൃഷ്ടരായവര്‍ക്കു കാണാനാകാതെ പോയ കുറെ ജീവജാല പ്രകൃതി , പാശ്ചാത്യ ആധുനികകലാകാരന്മാരുടെ ഭാഷയിലുണ്ടായിരുന്നു. സ്റ്റില്‍ ലൈഫ്, ലാന്റ് സ്ക്കേപ്പ് , ലൈഫ് സ്റ്റഡി, നൂഡ് തുടങ്ങിയ പരമ്പരാഗത ജനുസ്സുകള്‍ രൂപത്തിന്റെ മുഴുമുതലല്ലാ, രൂപത്തില്‍ കാണലിന്റെ സാംസ്ക്കാരികമോ നൈസര്‍ഗ്ഗികമോ ആയ സ്വതന്ത്ര ആവൃത്തികള്‍ പണിയെടുക്കുന്നതു കാണിക്കാനുള്ള ഒരു ഘടനമാത്രമാണ് എന്ന് അവര്‍ തിരുത്തി. അതിന്റെ ഫലമോ , ഈ ലോകത്തില്‍ മനുഷ്യന്‍ മാത്രമല്ല, ജീവജാലങ്ങളും വസ്തുക്കളും അവയുടെ സ്വതന്ത്രവിക്ഷേപങ്ങളുമുണ്ടെന്നു വിചാരം ബലപ്പെട്ടു, അതിനു പ്രതീകാത്മകമായ സമൂഹ ഭാവനകള്‍ പ്രചാരത്തിലാക്കിയ സന്മാര്‍ഗ്ഗ ബോധവും സമത്വബോധവുമൊക്കെയായി ഉണ്ടാക്കാന്‍ കഴിയുമായിരുന്നത് ഒരു നയതന്ത്രബന്ധം തന്നെയായിരുന്നു. സമുദ്രാന്തര്‍ജീവിതമോ പര്‍വ്വതങ്ങളുടെ ശൃംഗങ്ങളിലെ ഒറ്റയാള്‍ പ്രാണിയോ ചിറകു കഴക്കാത്ത പക്ഷിയോ ഒക്കെ പ്രബോധന -ഗുണപാഠ- പുരോഗമന- രാഷ്ട്രീയ കഥയിലല്ല, മറ്റൊരു സത്യത്തില്‍ കടന്നുവരുന്നത് അപ്പോഴാണ്. അങ്ങനെയാണ് പെന്‍ ഗ്വിനും ലാറസ്സ് പക്ഷിയും പഴുതാരയും ആല്‍ ബട്രോസ്സും ജിറാഫുകളും മെറ്റഫറുകളുമായി കടന്നുവരികയും ചെയ്യുന്നത്.(അവ സ്വന്തം മുറ്റത്തെ പക്ഷിജാലമല്ലാത്തതുകൊണ്ട് അതെഴുതിയ എഴുത്തുകാരന്റെ ആര്‍ജ്ജവം സംശയിച്ച് സാഹിത്യ വേലിക്കു പുറത്തുവെക്കുന്നത് അഭിരുചിയുടെ എന്തൊരാഭാസമെന്ന് തോന്നുകയും ചെയ്യുന്നത്.)
വസ്തുജാലങ്ങളെ ഒന്നൊന്നായി വേര്‍തിരിച്ച് വിചിത്രമാക്കി, ഓരോന്നിനെയും ഒറ്റക്കൊറ്റക്കു സ്വേച്ഛാചാരികളായി പേപ്പറിലേക്ക് ഒപ്പുന്നതിന്റെ വിദ്യയുണ്ട് ക്ലാസ്സിക്കല്‍ മോഡേണിസ്റ്റ് ചിത്രരചനയില്‍ . ജീവലോകത്തുള്ള നിര്‍മ്മാണ- പെരുമാറ്റ വൈചിത്ര്യങ്ങളോട് കിടപിടിച്ചു സമരസപ്പെടുകയും ചിന്നിച്ചിതറുകയും ചെയ്യുന്നതിന്റെ മനുഷ്യ സാധ്യതകള്‍ ബോധ്യപ്പെടുത്തുന്ന ഒരു വിദ്യയാണത്.
പൂര്‍വ്വ നിശ്ചിതമല്ലാത്ത ഒന്നിലേക്കു പരിണമിക്കുന്നതിന്റെ ചാതുര്യമുണ്ടതില്‍. ഏകാന്തതയില്‍ അങ്ങനെ പരിണാമത്തിനു വിട്ടുകൊടുക്കുമ്പോള്‍ ഒരു കൌമാര പരിസരത്ത് മേതില്‍ കൃതികള്‍ എത്ര മികച്ച സഹയാത്രികരായിരുന്നു.
‘രോമം’ എന്ന ഒരൊറ്റ സംവര്‍ഗ്ഗം കൊണ്ട് അപരിമേയമായ ജീവജാല ബന്ധം - അതിജീവനത്തിന്റെ ഒരു എക്കോസിസ്റ്റം -സ്ഥാപിക്കാനാവുമെന്ന് കാണിച്ച മേതില്‍ തന്റെ എഴുത്തു വിദ്യയെ ചിത്രകലയുടെ ജൈവാവസ്ഥ കൊണ്ട് ബന്ധിച്ചിരുന്നു. ജീവജാലങ്ങളുടെ ദൃശ്യവിനിമയം, അവ നിറം കൊണ്ടും രൂപപരിണാമം കൊണ്ടും സംവദിക്കുന്ന സാംസ്ക്കാരികവും സൌന്ദര്യസംബന്ധവുമായ വിനിമയങ്ങള്‍ അത്രമേല്‍ വിപുലമാണ് എന്നതും ഒരു വലിയ അനുഭവമാണു. മുലക്കണ്ണുകളില്ലാത്ത പെണ്ണിന്റെ (മാനിക്കിന്‍/സംസ്ക്കാരം/ശൂന്യത/ലൈംഗികത) നഗ്നത കണ്ട ശൈലജയെപ്പോലെ (ശൈലജയും ലാറസ്സ് പക്ഷികളും) ഒരു ആലക്തിക കൌമാരത്തില്‍ ഞാന്‍ ഡി ചിരികോ (De chirico) യുടെ ലാന്റ് സ്ക്കേപ്പിലെ വിജനതയിലൂടെ ഓടിയിട്ടുണ്ട്. അതൊരു തീരാത്ത മാരത്തോണ്‍ ആണെന്ന് ഇന്നറിയുന്നു. വഴിയൊക്കെ മാറി. വരാനുള്ളതും വിചിത്രമായിരിക്കും. പക്ഷേ തുടങ്ങിയ വഴി കണ്ടാല്‍ ആരാണ് ഒന്നിരുന്ന് ആരും കാണാതെ ഒരു ലേഖനമെഴുതിപ്പോകാതിരിക്കുക?
അവിടെ നിന്നും പെരുകിയ അസംബന്ധ അധോജീവിതത്തില്‍ പല രാജാക്കന്മാരുണ്ട്. ഈഗോണ്‍ ഷീലെ പോലെയോ ലച്ച്യന്‍ ഫ്രോയിറ്റ് പോലെയോ മോദിലാനി പോലെയോ ഒരു പക്ഷേ ജാക്സണ്‍ പൊള്ളോക്ക് പോലെയോ ദൃശ്യാനുഭവങ്ങളിലേക്ക് തികഞ്ഞ രൂപാവിഷ്ടതയോടെ വിജൃംഭിച്ച കൂസലില്ലാത്ത ദാര്‍ശനിക സാന്നിധ്യങ്ങള്‍. ഇവിടത്തെ മേതിലും അക്കൂട്ടത്തില്‍ പെടും. കാരണം സാഹിതീയമായ പൊതുസദാചാരങ്ങളെ നിഷ്പ്രഭമാക്കിയ ആ മേതിലീയന്‍ സഞ്ചാരങ്ങളില്ലായിരുന്നെങ്കില്‍ ആധുനിക ചിത്രകല മുഴുവനായും ഒരു യൂറോപ്യന്‍ പ്രതിഭാസം ആണെന്നു ഒരു വേള ചിന്തിച്ചുവശായിപ്പോയേനെ. അതു ഏതു സാംസ്ക്കാരികാവസ്ഥയിലും സാധ്യമായ ഒരു കാലമാപിനിയാണെന്ന ബോധം മേതിലിന്റെ എഴുത്തില്‍ നിറഞ്ഞു നിന്നിരുന്നു.
പിന്നീട് കുറെ വര്‍ഷങ്ങള്‍ എന്റെ ജീവിതത്തില്‍ മേതില്‍ സാഹിത്യത്തിനു ഇടവേളയായിരുന്നു. ഒരു കലാചരിത്രപഠിതാവിനു വേണ്ട അച്ചടക്കത്തോടെ ജീവിച്ചു നോക്കിയ കുറച്ചു കാലം. എങ്കിലും ഒരു അണ്ണാന്റെ രൂപത്തില്‍ അധോജീവിതങ്ങള്‍ തെരുപ്പെറങ്ങിക്കൊണ്ടിരിക്കുന്നു. ഒരു അതിവര്‍ഷക്കാലത്ത് സാദി പ്ലാന്റിന്റെ ‘Zeroes and Ones' എന്ന പുസ്തകം വായിച്ചു. ആദ്യമായി ഇന്റ്ര് നെറ്റിന്റെ കുമിളക്കകത്ത് അമീബയെപ്പോലെ പണിയെടുത്ത ഒരു ബോംബെ കാലമായിരുന്നു അത്. കമ്പ്യൂട്ടിങ്ങിന്റെ ഏറ്റവും ആദ്യത്തെ യന്ത്രം - ഡിഫറന്‍സ് മെഷീന്‍ - നിര്‍മ്മിക്കുന്നതില്‍ വ്യാപൃതനായിരുന്ന ചാള്‍സ് ബാബേജിനു നോട്ടുകള്‍ തയ്യാറാക്കി കൊടുത്തിരുന്ന അഡ ലുവ്ലേസ് എന്ന കൌമാരക്കാരിയിലൂടെ ലോകത്തിലെ ഏറ്റവും വിസ്ഫോടകമായ പാര്‍ശ്വലോകജ്ഞാനങ്ങളുടെ കാലക്രമത്തെക്കുറിച്ചുള്ള
നിരീക്ഷണങ്ങള്‍ സാദി പ്ലാന്റ് അവതരിപ്പിച്ചത് വായിച്ചു. ഫുട്ട് നോട്ടുകളുടെയും മാര്‍ജിന്‍ നോട്ടുകളുടെയും പ്രോഗ്രാമിങ്ങും നിലയില്ലാത്ത സ്പേസിലെ വികാസവും , മുഖ്യപാഠമെന്നു കരുതിയവയുടെ ചുരുങ്ങലും പ്രതിഭാഷകളുടെ പെരുക്കത്തെ കുറിച്ചു വ്യക്തമായ സൂചനകളായി. അക്കാലത്തു കലാകൌമുദിയില്‍ വന്നിരുന്ന മേതിലിന്റെ ഒരു പ്രതിഭാഷ പാഠപുസ്തകം ഇതോടു ചേര്‍ത്തു വായിച്ചു.
ക്ലിപ്തപ്പെടുത്തിയ അലങ്കാരങ്ങളുടെ സാഹിതീയതക്കു മേല്‍ കൂന കൂട്ടിയ ദൃശ്യജ്ഞാനങ്ങളുടെ ഭാഷാസാധ്യതകള്‍ വാക്കിനെ സ്വതന്ത്രമാക്കുന്നതു കാരണമാണു മേതിലിന്റെ എഴുത്ത് ഒരു കാലത്ത് ‘അരാജകം’(അരോചകവും) ആയി തോന്നിയത്. എങ്ങുനിന്നും വരാം
പരികല്‍പ്പനകള്‍ . ഒന്നു മറ്റൊന്നിനെ സാധൂകരിക്കണമെന്നില്ല. പല ദിശകളില്‍ വിക്ഷേപിണികള്‍ ഘടിപ്പിച്ച ബോംബ് പോലെ വാക്കുകള്‍ നിന്നേക്കും. ഏതാണു പതിക്കുക എന്നറിയില്ല. ചിലപ്പോള്‍ അവ പ്രത്യേകിച്ചെങ്ങും പതിച്ചില്ല. വെറുതെ ഭയന്നുവെന്നു കരുതി ചിലരൊക്കെ ‘യാതൊരു രോമാഞ്ചത്തിനും രാഷ്ട്രീയത്തിനും ജനപദത്തിനും കച്ചവടത്തിനു തന്നെയും ഉപയോഗശൂന്യമായ കഥകള്‍’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തിട്ടുണ്ട്.
ഇന്നു ജീവിതത്തിന്റെ താളങ്ങള്‍ അനിവാര്യമായും അപരിചിതമായ മൂല്യസംഘാതങ്ങളിലേക്കു കുത്തഴിഞ്ഞു പോകുമ്പോള്‍ സംവേദനത്തിന്റെ സര്‍ഗ്ഗാത്മകമായ കുഴമറിച്ചിലുകള്‍ തിരിച്ചറിയാനോ അംഗീകരിക്കാനോ ആകാത്തവര്‍ സ്വയംഹത്യ ചെയ്കയോ
പരഹത്യ ചെയ്കയോ ആകും . അതു വിടാം.
മേതില്‍ അടിസ്ഥാനപരമായി ഫിഗറേറ്റീവ് ആണെന്ന് എന്റെ വായനാനുഭവം പറയുന്നു. ഒരു ക്ലാസിക്കല്‍ മോഡേണിസ്റ്റ് അങ്ങനെയേ ആകൂ. അയാളിലാണു മോഡേണിറ്റിയുടെ കൌമാരം കുടികൊള്ളുന്നത്. അയാള്‍ക്ക് രൂപത്തെ ഒഴിവാക്കാനാവില്ല . വിഷാദത്തെയും അതിലൂടെ തിണര്‍ക്കുന്ന ഹാസ്യത്തെയും ഒഴിച്ചൂടാ. സ്ഥാനം തെറ്റിയ സ്തനം കണ്ണില്‍ ചെന്നിരിക്കാം. പാതിമെയ് നീലയും മറുപാതി ഒരു തീവണ്ടിയും ആയേക്കും .തുടക്കുമേല്‍ക്കൂടെ നടന്നു പോകുന്ന ഒരു മൂക്കിലാണു അയാളുടെ ഗന്ധനിര്‍വിശേഷത. പുല്ലില്‍ വീണ പല്ലിനെ തിരയുന്ന ദേവയാനിയുടെ അയവിറക്കല്‍ പോലെ മൂക്ക് നടത്ത തുടരും ഒരു രൂപം മുഴുവന്‍.
മേതില്‍ പ്രവചിച്ചത് ഒരു മറുകാലത്തെയായിരുന്നു. എഴുതിയതോ ഈ കേരളത്തില്‍ (ഒരിടക്കാലം അദ്ദേഹം ജോലിചെയ്ത അറബിനാട്ടിലും) ഒരിക്കലും ഒപ്പമെത്താത്ത മറ്റൊരു അസമകാലത്തെയും! അദ്ദേഹത്തിന്റെ ഭൂപടമായിരുന്ന ആ മറുകാലം ഇന്നു നമുക്ക് സമകാലികതയാണ്.അതിന്റെ പ്രോഗ്രാമിങ് നമുക്കറിയാം.ചിരപരിചിതവുമാണ്. അതിനാല്‍ മേതില്‍ ഒരു ‘abstract constructivist'
എന്നുകാണുമ്പോള്‍ ഇന്നു അത്ഭുതങ്ങള്‍ ഇല്ല. അതിനാല്‍ മറുക്കണ്ടം ചാടുന്ന മറ്റൊരു ജീവിതം , ഇന്നത്തെ അസമത മറ്റൊന്നാണ്. അതെന്താണാന്നറിയില്ല.
മേതിലിന്റെ ഭൂപടത്തില്‍ എപ്പോഴോ സ്വകാര്യമായി മാരത്തണ്‍ തുടങ്ങിയ കൌമരാങ്ങള്‍ - അവിടെനിന്നും പിന്നെയും വഴി തെറ്റിയവര്‍- എവിടെപ്പോയ്?
ഒന്നുപറയാം,മലയാള സാഹിത്യത്തില്‍ പലര്‍ക്കുമില്ലാത്ത ഒരു സ്വതന്ത്ര-സൌന്ദര്യ ഭാവുകത്വം മേതിലിന്നുള്ളത് നിരീക്ഷണഗ്രഹങ്ങളുടെ ഒരു തിരശ്ചീന താളം ഉള്ളതു കൊണ്ടാണ്, ഭാവിയെ പിടിച്ചെടുത്ത സ്പര്‍ശിനികളുടെ ഉള്‍പ്രേരണകൊണ്ടാണ്.
മൂല്യങ്ങളുടെ സംഘനൃത്തം സഹജമായ ലോകാവസ്ഥയാകാന്‍ തുടങ്ങിക്കഴിഞ്ഞപ്പോള്‍ പ്രായം കൊണ്ട് അറുപതിന്റെ നടുമധ്യത്തില്‍ ചെന്ന മേതിലിനെ മൂന്നുവര്‍ഷം മുന്‍പ് ഒന്നു നേരില്‍ കണ്ടു.
അഹോ ലിംഗരാജ! കരുതിയ മാതിരിയുള്ള ഒരു യന്ത്രമനുഷ്യനല്ല . ഒരു മുമ്പന്‍ മുക്കണ്ണന്‍ മൂന്നേകാല്‍ മൂപ്പര്‍! ഇടക്കൊക്കെ സംഘനൃത്തം ചെയ്യുന്നവന്‍ !
ഡോ . കവിത ബാലകൃഷ്ണൻ