എഡിറ്റോറിയൽ
മുംബൈ ശിവസേനക്കാരുടേതു മാത്രമല്ല
എങ്കിലും എന്ത് കൊണ്ട് ഇപ്പോഴും മണ്ണിന്റെ മക്കള്‍ വാദം ?
മുംബൈ തീര്‍ച്ചയായും മഹാരാഷ്ട്രക്കാരുടെ മാത്രമല്ല , അത് കൊണ്ട് തന്നെ ശിവസേനക്കാരുടെതുമല്ല.
ഒരു മെട്രോ എന്നും കുറെ ഗ്രാമങ്ങളുടെ ഓര്‍മയും രാജ്യത്തിന്റെ ‘ആധുനിക ബോധവും’ ആയാണ് അടയാളപെടുത്തിയിട്ടുള്ളതും: ആധുനിക സമൂഹങ്ങള്‍ വിവേകത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പരാജയങ്ങളുടെയും രുചി അറിയുന്നതും മേട്രോവിലാണ്.
ഒരു തുറമുഖ നഗരം എന്ന നിലക്ക് മുംബൈ വളരെ പണ്ട് തന്നെ അതിന്റെ ‘സ്വതന്ത്ര അസ്‌തിത്വം’ തേടിയിരുന്നു. കടല്‍ കടന്നു എത്തിയ വാണിഭക്കരോടൊപ്പം ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെ ഗ്രാമങ്ങളും മുംബൈയിലേയ്ക്ക് ഒഴുകി. എന്നാല്‍ 1947 നു തൊട്ടു മുമ്പുള്ള ദശകങ്ങളില്‍ മുംബൈ വേറെ ഒരു ‘രാഷ്ട്രീയ സ്വത്വം’വും കണ്ടെത്തുന്നു : അത് പ്രധാനമായും ഇന്ത്യയുടെ തന്നെ ജനാധിപത്യവല്‍ക്കരണവുമായി ബന്ധപ്പെട്ടാണ്.
ആ രാഷ്ട്രീയ സ്വത്വം ഇപ്പോള്‍, ഗ്രാമങ്ങളുടെ അവസാന തുരുത്ത് എന്നതിനെക്കാള്‍ ഒരു പൌരന്റെ തന്നെ ആശയാഭിലാഷങ്ങള്‍ പ്രകടിപ്പിക്കപെടുന്ന, നഗരം സ്വാഭാവികമായും കണ്ടെത്തുന്ന ‘സെക്കുലറിസ’ത്തിന്റെ കൂടി ആണ്.
സെക്കുലറിസം വേറെ അര്‍ത്ഥത്തില്‍ പൌരന്റെ രാജ്യ സങ്കല്പം കൂടി ആണ്. അത് കൊണ്ട് തന്നെ ഷാരൂഖ്ഖാന്‍ ക്രിക്കറ്റിനെ സംബധിച്ചു ഈഇടെ പ്രകടിപ്പിച്ച അഭിപ്രായത്തെ തങ്ങളുടെ രാഷ്ട്രീയ ലാക്കാക്കുവാന്‍ ശിവസേന ഉപയോഗിക്കുന്ന ‘ ദേശ/മണ്ണിന്റെ /വാദം നമ്മള്‍ എതിര്‍ക്കുന്നത് അതേ മേട്രോവിന്റെ മനസാക്ഷി കൊണ്ട് കൂടിയാകുന്നു : ആ മനസാക്ഷിയാണ് ഷാരൂഖ്ഖാന്‍ നിസംശയമായും പ്രകടിപ്പിച്ചത്. മുംബൈ സ്വംഭാവികമായും ആവശ്യപ്പെടുനതും.
എങ്കിലും എന്ത് കൊണ്ട് ഇപ്പോഴും മണ്ണിന്റെ മക്കള്‍ വാദം ?
ഇന്ത്യ ഇപ്പോഴും പൂര്‍ണമായ അര്‍ഥത്തില്‍ ഒരു ഫെഡറൽ ഘടനയില്‍ അല്ല, അധികാരവും വികസനവും വികേന്ദ്രികരിക്കപ്പെട്ടില്ല, അസന്തുലിതമായ സാമൂഹിക വികാസം പലയിടങ്ങളിലും സംഘർഷത്തിലേയ്ക്ക് എത്തിയിരിക്കുന്നു. മണ്ണിന്റെ മക്കള്‍ വാദം അതുകൊണ്ട് തന്നെ വിലക്ഷണമായ വികസന സങ്കല്‍പ്പത്തിന്റെ സൃഷ്ടി കൂടി ആണ്.
വിഭവവും അതിനെ അടിസ്ഥാനമാക്കിഉള്ള വികസന/നിര്‍മ്മാണ സങ്കൽപ്പവും “പ്രാദേശിക-രാഷ്ട്രീയത്തിലുണ്ട്”, അത് ശരിയും ആണ്. അത് സംബോധന ചെയ്യപെടുന്നത് പക്ഷെ ‘വർണ്ണ’ത്തിന്റെ അടിസ്ഥാനത്തിലാവരുത്. ശിവസേനയ്ക്ക് പറ്റിയത് അതാണ്: അവര്‍ മുംബൈ തങ്ങളുടെ മാനസിക-തടവിലാണെന്നു വിശ്വസിക്കുന്നു. അല്ല എന്ന് മുംബൈ, മെട്രോ അവരെ തിരുത്തുമ്പോഴും.