മേതിലിന്റെ രചനാലോകം

 

മേതില്‍ കുറിപ്പുകള്‍ - ഉദ്ധരണികള്‍ക്കിടയില്‍

സി എസ്‌  വെങ്കിടേശ്വരൻ

'No artist has ethical sympathies. An ethical sympathy in an artist is an unpardonable mannerism of style"
OSCAR WILDE, Preface to the picture of Dorian Gray

"Great literature is written in a sort of foreign language"
  Marcel  Proust, By way of saint -Beauve

"A writer is not a juke box.."
Susang  Sontag , The conscience of Words

"ഒരു യഥാര്‍ഥ സ്രഷ്ടാവിനെ തന്റെ ഓരോ സൃഷ്ടിയും പുതുക്കിപ്പണിയുന്നു. മറിച്ചുപറഞ്ഞാല്‍ സ്വന്തം സൃഷ്ടിയാല്‍ പുന:സൃഷ്ടിക്കപ്പെടാത്തൊരു വ്യക്തി ഒരു യഥാര്‍ത്ഥസ്രഷ്ടാവല്ല”

“എന്തുകൊണ്ടോ അവരവരുടെ ഉപയോഗശൂന്യമായ പ്രവൃത്തികളെച്ചൊല്ലി ഗര്‍വിഷ്ഠരാകാനുള്ള ചങ്കൂറ്റം പൊതുവെ മനുഷ്യര്‍ക്കില്ല. ഇത് ഒരു വിരോധാഭാസമാണ്.കാരണം , ആത്യന്തികമായി മനുഷ്യനെ മൃഗത്തില്‍ നിന്നു വേര്‍തിരിക്കുന്ന ഏറ്റവും പ്രധാനമായ ഘടകം ജീവശാസ്ത്രപരമായ നിലനില്പിനു ഒരു തരത്തിലും പ്രയോജനകരമല്ലാത്ത , ഉപയോഗശൂന്യമായ ,കാര്യങ്ങളില്‍നിന്ന് നമുക്ക് കെട്ടിപ്പടുക്കാന്‍ കഴിയുന്ന അര്‍ഥസമുച്ചയങ്ങളാണ്.പ്രായോഗികതക്ക് അപ്പുറത്തുള്ള അന്വേഷണ പരീക്ഷണങ്ങളിലെ സാഹസികതയും വിഭ്രാന്തിയുമാണ്. ഇത് തിരിച്ചറിയാത്തതുകൊണ്ട് , തിരിച്ചറിഞ്ഞാല്‍പ്പോലും കണ്ടില്ലെന്നു നടിക്കുന്നതുകൊണ്ട്, മനുഷ്യന്‍ ഒരു അപഹാസ്യപ്രത്യക്ഷതയാകുന്നു.”
- മേതില്‍ രാധാകൃഷ്ണന്‍ , ദൈവം മനുഷ്യന്‍ യന്ത്രം

മേതിലിന്റെ ഈ നിരീക്ഷണത്തെ മേതില്‍ എന്ന എഴുത്തുകാരനിലേക്കും നീട്ടാവുന്നതാണ് . മലയാ‍ള സാഹിത്യത്തില്‍ 70 കള്‍ മുതല്‍ സജീവമായി നിലനില്‍ക്കുമ്പോഴും അതിന്റെ രൂപത്തേയും ഉള്ളടക്കത്തേയും കുറിച്ചുള്ള മുഖ്യധാരാബേജാറുകളോടും നിര്‍ബന്ധങ്ങളോടും അതിന്റെയൊക്കെ മധ്യത്തിലും അരികിലും സമാന്തരവുമൊക്കെയുള്ള പലപല നില്പുകളോടും നില-പാടുകളോടും മേതിലീയന്‍ എഴുത്ത് ഒരു പോലെ ദൂരം പുലര്‍ത്തി. മറ്റുള്ളവരെല്ലാം തന്നെ പലതരത്തിലുള്ള ഭാണ്ഡങ്ങള്‍ പേറിയിരുന്നു ( പലപ്പോഴും വളരെ അഭിമാനത്തോടെ തന്നെ ): ചിലര്‍ അന്നന്നത്തെ രുചിശീലങ്ങളെ തൃപ്തിപ്പെടുത്താന്‍ (സൂസന്‍ സൊണ്ടാഗിന്റെ ഭാഷയില്‍ ‘ജൂക് ബോക്സ് എഴുത്തുകാര്‍), ചിലര്‍ ‘ പുതിയ’ ഭാവുകത്വത്തിനൊപ്പത്തിനൊപ്പം ബദ്ധപ്പെടാന്‍ , മറ്റുചിലര്‍ പല പ്രത്യയശാസ്ത്ര- ദാര്‍ശനിക യമനിയമങ്ങളെ പ്രീണിപ്പിക്കാന്‍ ,ഉല്പതിഷ്ണുക്കളെന്ന് സ്വയം പ്രഖ്യാപിക്കാന്‍ ... അത്തരം എല്ലാവിധ ‘ലക്ഷ്യബോധ’ങ്ങളോടും പ്രയോജനങ്ങളോടുമുള്ള വിപ്രതിപത്തി മേതിലില്‍ പ്രകടമായിരുന്നു.

മേതിലീയന്‍ എഴുത്ത് വിഹരിച്ചത് ‘ഉപയോഗ ശൂന്യതയുടെ ‘മറ്റൊരു സ്വഛന്ദമണ്ഡലത്തിലായിരുന്നു. അവിടെ ഭാഷ തന്നെയായിരുന്നു ആത്യന്തികമായ മാധ്യമം . അത് പലപല ബാഹ്യരൂപങ്ങള്‍ - ചിലപ്പോള്‍ നോവല്‍ ,കവിത,മറ്റുചിലപ്പോള്‍ ,ചെറുകഥ,ലേഖനം എന്നിങ്ങനെ - സ്വീകരിച്ചുകൊണ്ടേയിരുന്നപ്പോഴും വാക്കുകളും രൂപകങ്ങളും പ്രയോഗങ്ങളും കൊണ്ടുള്ള അനന്തമായ ലീലകളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു.ഈ രീതിയില്‍ സാ‍ഹിത്യത്തിന്റെ വിവിധ ഉപമാധ്യമങ്ങളിലൂടെ ഇത്ര സുഗമവും ‘ സ്വ-തന്ത്ര’ വുമായ സഞ്ചാര വിസ്താരങ്ങള്‍ മറ്റൊരു മലയാള സാഹിത്യകാരനും സാധിച്ചിട്ടില്ല.തന്റെ എഴുത്തില്‍ തീവ്രമായ ധ്യാനവും ശ്രദ്ധയും ആകസ്മിതകളും നിലനിര്‍ത്താന്‍ മേതിലീയന്‍ എഴുത്ത് എന്നും നിതാന്തജാഗ്രത പുലര്‍ത്തി. അത് എക്കാലത്തും അതിന്റെ സ്വന്തം സ്പന്ദനങ്ങള്‍ പിന്തുടര്‍ന്നു; സര്‍ഗ്ഗാത്മകതയുടെ നിനച്ചിരിക്കാതെയുള്ള ചില ബഹുരൂപികളായ കുതിപ്പുകളുമായാണ് അതെന്നും നമ്മിലേക്കു വന്നുകൊണ്ടിരിക്കുന്നത്.

വാക്കുകളെയും വാങ്മയങ്ങളെയും മാധ്യമമാക്കുന്ന , അവയുടെ വിവിധങ്ങളായ ആവര്‍ത്തനങ്ങളിലൂടെയും ചേരുവകളിലൂടെയും അവയിലെ ധ്വന്യാത്മകമായ ഉണര്‍ത്തുവാനുള്ള ശ്രമം - വാക്കുകളുമായുള്ള സുരതം - ആദ്യകാല മേതില്‍ എഴുത്തില്‍ കാണാം. ആവര്‍ത്തിക്കപ്പെടുന്ന വാക്കുകള്‍ ഒരേസമയം വെറും ശബ്ദങ്ങളും ഒപ്പം നിഗൂഢമായ ചില ധ്വനികളുണര്‍ത്തുന്ന ആഭിചാരക്രിയയുമാണ്.

ഉദാഹരണത്തിന് സൂര്യവംശത്തിലെ (1970) പതിനൊന്നാം അധ്യായം -സര്‍പ്പിലമണ്ഡലം - ആരംഭിക്കുന്നതു ശ്രദ്ധി(കേള്‍)ക്കുക:

അവ്യക്തമണ്ഡലം . തമോമണ്ഡലം. സര്‍പ്പിലമണ്ഡലം . നെബുല. ഡാര്‍ക്ക് നെബുല . സ്പൈറല്‍ നെബുല . അന്‍ഡ്രോമിഡയിലെ മഹാനെബുല .ലൈറയിലെ മോതിരനെബുല .ഉര്‍സാ മേജറിലെ മൂങ്ങനെബുല. റ്റാറസ്സിലെ ഞെണ്ടുനെബുല. താക്കോല്‍ദ്വാരനെബുല. തെക്കേ അമേരിക്കന്‍ നെബുല. ഡാംബെല്‍ നെബുല . ഓറിയോന്‍ മേഖലക്കരികിലെ മഹാനെബുല . ഞാനെന്റെ ആകാശത്തില്‍ നെബുലകള്‍ തേടുന്നു

മങ്ങിയ പ്രകാശത്തിന്റെ മേഘങ്ങള്‍.

വെളിച്ചത്തിന്റെ നന്നൂല്‍ക്കുടത്തിനുള്ളില്‍ ഉയരുന്ന നക്ഷത്ര ഭ്രൂണം. വിഷമാകൃതികള്‍ . രൂപരേഖകള്‍ . വാതകവും ശുദ്ധധൂളിയും നിറഞ്ഞ മനോഷ്ണമിയന്ന ബലൂണുകള്‍. നക്ഷത്രത്തിന്റെ ഇതളുകളില്‍ അലിയുന്ന, ശൂന്യതയേക്കാള്‍ നേരിയ എട്ടുകാലിവലകള്‍. നക്ഷത്രത്തിന്റെ വെള്ളാരങ്കല്ലുകള്‍ ആഴങ്ങളിലൊളിക്കുന്ന വിണ്‍ഗംഗയിലെ കറുത്ത നീലയോളങ്ങള്‍.

എന്റെ നെബുലയേത്?
ഞാനേത് നെബുല?

സര്‍പ്പില നെബുല ! അതെ , തന്നെ ചുഴലുന്ന വിണ്‍ഗംഗയെപ്പോലും സര്‍പ്പിലമാക്കുന്ന നെബുല.
ഉള്ളിലെ പ്രാണമര്‍മ്മത്തില്‍ മുളപൊട്ടി വായുവില്‍ പടര്‍ന്നു പുളയുന്ന രണ്ടു സര്‍പ്പിലസ്പര്‍ശിനികള്‍
ഉള്ളിലെ ഊര്‍ജ്ജകേന്ദ്രത്തില്‍ നിന്ന്  ഋണധനങ്ങളായി പിരിഞ്ഞ് പുളഞ്ഞ് പൊട്ടിച്ചീറുന്ന രണ്ടു മിന്നല്‍ പിണരുകള്‍
ഉള്ളിലെ അഗ്നി ഭ്രൂണമുടഞ്ഞ് പടം വിടര്‍ത്തിപ്പറക്കുന്ന രണ്ടു സര്‍പ്പജ്ജ്വാലകള്‍.
ഉള്ളില്‍ നിന്ന് സര്‍പ്പിലമായ രണ്ടു ചാട്ടവാറുകള്‍ , ഉറുമി ചീറിപ്പുളഞ്ഞ്, വൃത്തങ്ങളായി , വിറച്ചുതുള്ളുന്ന പാര്‍ശ്വരേഖകളായി എന്റെ ഹൃദയത്തില്‍ , സുഷ്മനയില്‍.. (പേജ് 114)

 

സൂര്യവംശത്തിന്റെ അധ്യായങ്ങളുടെ പേരുകള്‍ തന്നെ വാക്കുകളിലുള്ള ഒരു കളിയാണ്: രാശിചക്രം ,ഭ്രമണപഥം,ഗ്രീഷ്മാകാശം , സമയമാപനം , മേഘരൂപം , വാല്‍ നക്ഷത്രം , നക്ഷത്രസ്പന്ദം , കര്‍ക്കടക വൃത്തം, വൃതികേന്ദ്രം, നതികോണം, സര്‍പ്പിലമണ്ഡലം , തമോഗോളം , ക്രാന്തിവൃത്തം , മകുടം , രാഹുകാലം

പെന്‍ ഗ്വിന്‍ എന്ന സമാഹാരത്തിലെ ‘ സൂര്യചന്ദ്ര ജാലക ജാലം ‘ കേള്‍ക്കുക: (സൂര്യന്‍ ,ചന്ദ്രന്‍ , ജാലകം എന്നീ രൂപകങ്ങളെക്കുറിച്ച് അശാസ്ത്രീയമായ ചില ചിന്തകള്‍ ):

സൂര്യനെ കാണാറുണ്ടോ
നിന്റെ ജാലകത്തിലെന്‍
ചന്ദ്രനെ കാണാറുണ്ടോ
നിന്റെ ജാലകത്തിലെന്‍
സൂര്യ ജാലകത്തില്‍ നിന്‍
സൂര്യന്റെ കാണാറുണ്ടോ
ചന്ദ്രജാലകത്തിലെന്‍
ചന്ദ്രനെ കാണാറുണ്ടോ
ചന്ദ്രനില്‍ കാണാറുണ്ടോ
നിന്റെ ജാലകം നിന്റെ
സൂര്യനില്‍ കാണാറുണ്ടോ
നിന്റെ ജാലകം നിന്റെ
ജാലകം കാണാ‍റുണ്ടോ
ജാലകത്തിലെ സൂര്യ
ജാലകത്തിനെ സൂര്യ
ജാലകത്തിലെന്‍ ചന്ദ്ര
ജാലകം കാണാറുണ്ടോ .. (പേജ് 23)

 

2

“ ആകത്തുകകളിലേ നിങ്ങള്‍ക്കു കഴിയൂ അര്‍ഥങ്ങളറിയാന്‍
അംശങ്ങളുടേയും ശിഷ്ടങ്ങളുടേയും കവി ഞാന്‍;
സൂക്ഷ്മങ്ങളുടേയും വിശദാംശങ്ങളുടേയും കവി ഞാന്‍;
മൂലകങ്ങളൂടെയും വിന്യാസങ്ങളുടെയും കവി ഞാന്‍ ;
അര്‍ത്ഥങ്ങളിലേ നിങ്ങള്‍ക്കു കഴിയൂ നിലനില്പറിയാന്‍;
അര്‍ത്ഥങ്ങളെ അതിജീവിക്കുന്നവന്‍ ഞാന്‍
(മരണം എല്ലാ അര്‍ത്ഥങ്ങളും എടുത്തുകളയുന്നു - ഒരു സിഗരറ്റിന്റെയോ ഒരു കോപ്പ ചായയുടേയോ ചെറിയ ചെറിയ അര്‍ത്ഥങ്ങള്‍ പോലും);
അര്‍ത്ഥങ്ങളിലൂടെ നിങ്ങള്‍ മരണത്തിന്റെ പാളയത്തിലെത്തി,
അര്‍ത്ഥങ്ങളിലൂടെ നിങ്ങള്‍ ഭൂമിയുടെ യത്നങ്ങളെ ഒറ്റിക്കൊടുത്തു,
അര്‍ത്ഥങ്ങള്‍ തേടിയാണ് ദൈവവും മരിച്ചത്-
പ്രപഞ്ചം ദൈവത്തിനെ ഫോസിലാകുന്നു, അതല്ലെങ്കില്‍
അര്‍ത്ഥം മടുത്തപ്പോള്‍ അവന്‍ പ്രപഞ്ചമായി മാറി;
ഞാന്‍ ദൈവത്തേയും മനുഷ്യന്റെ അര്‍ത്ഥങ്ങളേയും
അതിജീവിക്കുന്നു;
എന്തെന്നാല്‍ , ഞാനൊരു തുമ്പിച്ചിറകിന്റേയും
ഞണ്ടിന്‍ തോടിന്റേയും പാമ്പുറയുടേയും
ചിലന്തിവലയുടേയും കവിയാകുന്നു;
പ്രപഞ്ചത്തിന്റെ വല ശൂന്യമായിരിക്കുന്നു,
ഭൂമിയുടെ സ്വതന്ത്രമായ പറക്കല്‍ എനിക്കകാണാം;
അര്‍ത്ഥത്തിന്റെ കൂലി മരണമാകുന്നു-
വെയിലിനെക്കീറുന്നൊരു ചിറകില്‍,
വെള്ളത്തെയുടക്കുന്നൊരു ചെകിളയില്‍,
എല്ലാ കവളും മരിച്ചിരിക്കുന്നു-
എനിക്കാവുമോ ഈ ചരമക്കുറിപ്പെഴുതാന്‍?
ഇതോ ഒരു തിരിച്ചുവരവിന്റെ ദൌത്യം?”
- ദൈവത്തിന്റെ ഫോസില്‍-

നമ്മുടെ സാഹിത്യ/ജീവിതഭാവനകളുടെ സങ്കീര്‍ണ്ണതാസീമകളെ - അതിന്റെ രേഖീയതകളെ , യാന്ത്രികയുക്തികളെ , പ്രയോജനവാദങ്ങളെ ,ഭവപരതയെ നിരന്തരം ലംഘിച്ച എഴുത്തുകാരനാണു മേതില്‍. ഒരു വിധ ‘ഭാണ്ഡക്കെട്ടുകളും‘താങ്ങാത്തതിന്റെ സ്വാതന്ത്ര്യവും ലാഘവവുമാണ് മേതിലീയന്‍ യാത്രകള്‍ക്ക് അതിന്റെ വേഗതയും അനന്യമായ ഒരു തരം തീവ്രതയുമണക്കുന്നത്. പ്രയോജനപരതയോടും ക്ലിപ്തമായ ലക്ഷ്യങ്ങളോടുള്ള അതിന്റെ വിമുഖത(അവഞ്ജ) ആ യാത്രകളെ എവിടെയുമെത്തിച്ചേരാവുന്ന ഒന്നാക്കി മാറ്റുന്നു.എല്ലാവരും (പലപ്പോഴും ‘ഒരേയൊരു’ ) ലക്ഷ്യത്തിലേക്ക്  ബദ്ധപ്പെടുമ്പോള്‍ മേതില്‍ ഭാഷയുടെ നിമ്ന്നോ‍തങ്ങളിലൂടെയുള്ള ഈയാത്രയെത്തന്നെ തന്റെ ലക്ഷ്യവും മാധ്യമവുമാക്കി അനുഭവി(പ്പി)ക്കുന്നു. എഴുത്ത് എന്ന പ്രക്രിയയെത്തന്നെ ഈ രീതിയില്‍ മാറ്റിയ , ഒരു പക്ഷെ മലയാളത്തിലെ ആദ്യത്തെ ദലൂസിയന്‍ എഴുത്തുകാരന്‍ . അവിടെ നിലനില്‍ക്കുന്ന /നല്‍കപ്പെട്ടിട്ടുള്ള ഒരു പുറം ലോകത്തെ പ്രതിനിധാനങ്ങളിലൂടെയും പിടിച്ചെടുക്കുക എന്നതല്ല ദൌത്യം,മറിച്ച് എഴുത്തിലൂടെ പുതിയ ലോകങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്: .. we should never have a method , we should allow ourselves to become in relation to what we are seeking to understand"(1) ഇവിടെ കല എന്നത് ഒരു കല എന്നത് ഒരു ‘കല’(പാട്/trace)തന്നെയാണ്.ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ‘ പുരോഗമി’ക്കുന്ന ഒരു രേഖീയാഖ്യായികാനിര്‍മ്മിതിക്കുപകരം ഒന്നിനെത്തന്നെ പലതായി അറിയുകയും അത് പലതിലേക്കും ഉന്മുഖമാവുന്നതുമാണ് മേതിലീയന്‍ എഴുത്തിന്റെ ജൈവപരത. ഒരു മില്ലിപീഡിനെപ്പോലെ അനവധി കാ‍ലുകള്‍ ഉപയോഗിച്ചാണ് ഭൂമിയിലെ അതിന്റെ ‘സഞ്ചാര’ങ്ങള്‍ “ എന്റെ മനസ്സിന്റെ എത്ര ശതമാനം ഭൂമിയുടെതന്നെ ഓര്‍മ്മകളാണെന്ന് ഞാന്‍ ഒരിക്കലും അറിയില്ല” (എങ്ങനെയൊരു പഴുതാരയെ കൊല്ലാം?)
 
സമാധികളും സമാപ്തികളുമാണ് മറ്റെഴുത്തുകാരെ പ്രലോഭിപ്പിച്ചത് എങ്കില്‍ ,മേതില്‍ ഉണര്‍ച്ചയുടെ ശൈഥില്യത്തെയാണ് പിന്തുടര്‍ന്നത്. ഇവിടെ ആയതും ആയിരിക്കുന്നതിലും പ്രധാനം ആയിത്തീര്‍ന്നുകൊണ്ടിരിക്കുന്നതിനാണ്;ഭാവിമോഹങ്ങളും ഭൂതഭാരങ്ങളുമെന്നതിനേക്കാള്‍ ഇവിടെ വര്‍ത്തമാനം നിറഞ്ഞുനില്‍ക്കുന്നു; വ്യവസ്ഥകളും ഘടനകളുമല്ല, കണ്ണിചേരലുകളും നെറ്റ് വര്‍ക്കുകളുമാണിവിടെ നിര്‍ണ്ണായകം,പരിസമാപ്തികളേക്കാള്‍ തുറസ്സുകള്‍ക്കും,നീതീകരണത്തിനും സാധൂകരണത്തിനും പകരം ക്രിയാത്മകതക്കും രൂപാന്തരപ്രക്രിയകള്‍ക്കും ഇവിടെ ഇടം ലഭിച്ചു.”ആശ്ചര്യങ്ങളുടേയും കണ്ടെത്തലുകളുടേയും ലോകം അതിരറ്റതെന്നും,അതെപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും, അവര്‍ക്ക് വേഗം കൂടിയതുകൊണ്ടാണ് പെട്ടെന്ന് അതിന്റെ വക്കത്തെത്തുന്നതെന്നും അവര്‍ മനസ്സിലാക്കി “ (ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം)
 
മറ്റുള്ളവര്‍ ഭാഷയുടെ ആത്മവിസ്മൃതിയെ ധ്യാനിച്ചപ്പോള്‍ , താന്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ഇത്രയും തീഷ്ണവും നിരന്തരവുമായ ആത്മബോധം തന്റെ എഴുത്തില്‍ പ്രകടിപ്പിച്ച(അക്ഷരാര്‍ത്ഥത്തില്‍) മറ്റൊരു എഴുത്തുകാരനുണ്ടാവില്ല:“ പ്രതീകങ്ങളുടെ ദുഷ്പ്രഭുത്വത്തെ ചെറുത്തുനിന്നില്ലെങ്കില്‍ ഏറ്റവും സ്പര്‍ശ്യമായ ചില അനുഭവങ്ങള്‍ ഉപന്യാസപ്രായത്തിലാകും ഇതാണ് എഴുത്തുകാരന്റെ നരകം... അയാളുടെ മനസ്സില്‍ പാമ്പ് പാമ്പും കോണി കോണിയും മാത്രമാണ്.അവിടെ പ്രതീകങ്ങളില്ല,അയഥാര്‍ഥബോധങ്ങളില്ല,അസംഖ്യം ഉപരിതലങ്ങളുടെ അടുക്കുകളല്ലാതെ ആഴങ്ങളില്ല”.(ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം)
 
ഇവിടെ മാധ്യമം തന്നെ ഒരുതരം സ്വച്ഛന്ദത നേടുന്നതുകാണാം,മനുഷ്യനില്‍നിന്നും മനുഷ്യയുക്തിയില്‍ നിന്നും ‘ലക്ഷ്യബോധ’ങ്ങളില്‍ നിന്നും ശാസ്ത്രഭാവന സ്വാതന്ത്ര്യം നേടുന്നതുപോലെയോ,സര്‍ഗ്ഗാത്മകതയും മാധ്യമവും തമ്മിലുള്ള നിരന്തരമായ പരസ്പരമുള്ള അതിര്‍ത്തിലംഘനമോ ആണ് ഇവിടെ എഴുത്തായിമാറുന്നത്.മേതില്‍ സയന്‍സ് ഫിക്ഷനെക്കുറിച്ചു പറയുന്നതുപോലെ ഒന്ന്:“ പിന്നീടുള്ള ഓരോദശകത്തിലും പൂര്‍വ്വദശകത്തിലെ സയന്‍സ് ഫിക്ഷന്‍ പെട്ടെന്ന് ഭൌമികയാഥാര്‍ഥ്യമായാലെന്നവണ്ണം പുതിയ പുതിയ രീതികളില്‍ യന്ത്രങ്ങളുമായി അനുയോജനം നേടുകയായിരുന്നു നാം.ഇതിന് തികച്ചും പ്രതീക്ഷിതമെങ്കില്‍ പോലും ഒരു പക്ഷെ നാം തീരെ പ്രതീക്ഷിട്ടില്ലാത്തൊരു ഭവിഷ്യത്തുണ്ടായിരുന്നു.ലഭ്യവും സാധ്യവുമായ ഉപകരണങ്ങളും ഉപാധികളും നമുക്കുപോരെന്ന അവസ്ഥ പോയിട്ട്,അവക്ക് നാം പോരെന്ന അവസ്ഥ ഉണ്ടാവല്‍.യന്ത്ര പരിണാമം മനുഷ്യ പരിണാമത്തേക്കാള്‍ എത്രയോ മടങ്ങ് ദ്രുതഗതിയിലാകുമ്പോള്‍ ,മനുഷ്യന്‍ യന്ത്രത്തിനും വഴിമുടക്കിയാവുന്നു”( ദൈവം മനുഷ്യന്‍ യന്ത്രം പേജ 66)
 
 
ഭാഷയുടെ അതിരുകളിലോ അറ്റങ്ങളിലോ ആണ് മേതിലീയന്‍ എഴുത്ത് വിഹരിക്കുന്നത് .ഭാഷ തന്നെയാണ് ഇവിടെ ഊടും പാവും , ഉടലും പടുതിയും:
 
“ദൈവത്തിന്റെ ഹോശന്നയെ വ്യഞ്ജനം പ്രതി, സ്വരം പ്രതി,വള്ളിപുള്ളി വിസര്‍ഗങ്ങള്‍ വിടാതെ ഒരു ധാന്യമണിയില്‍ മുദ്രണം ചെയ്യൂ ;ഇനിയും വിരലുകളും നാവുകളും ഇല്ലാതിരിക്കാന്‍ വേണ്ടി,ലിപികളും ചിഹ്നങ്ങളും മുളപൊട്ടാ‍തിരിക്കാന്‍ വേണ്ടി, എ.ഡി യുടെ അവസാനത്തെ അമൃതമായ ഗോതമ്പുമണിയില്‍ ലേഖനം ചെയ്യൂ.
യമപാശത്തില്‍ തൂങ്ങി മരണത്തിനും മരണത്തിനും ഇടയില്‍ ഊഞ്ഞാലാടുന്ന അക്ഷരമാല,ആല്‍ഫ,ഒമേഗ
ഉല്പത്തിപുസ്തകം വേരില്‍
നോക്കുകുത്തിവാക്ക്.
വൃക്ഷങ്ങള്‍ മലര്‍ത്തുന്ന പുസ്തകങ്ങളില്‍ ഒരു തേജസ്സിന്റെ ഭാഷ.
 
...
കാലം കഷണ്ടികയറിയ ക്രീഡാഗൃഹങ്ങളില്‍ നിന്ന്,റൊട്ടിയുടെ മന്ദിരങ്ങളില്‍ നിന്ന് മനുഷ്യനിലും മേഘത്തിലും ആകൃതിയുടെ സ്വരം രേഖപ്പെടുത്തുന്നു: പനിനീര്‍പ്പൂ‍വിലും ഹിമസൂചിയിലും മുഴങ്ങുന്ന കയ്യക്ഷരം ,വിരലടയാളം രേഖപ്പെടുത്തുന്നു.
 
ഈ ക്രിസ്മസ് വറോലയില്‍ , ഡിലാന്‍ , ഈ ഡിസംബര്‍ മഞ്ഞിന്റെ വെളിപാടു പുസ്തകത്തില്‍
അവസാനത്തെ ചന്ദ്രകിരണത്തിന്റെ നാരായം കൊണ്ട് വചനത്തിനൊരു വിരാമം കുറിക്കുന്നൊരു ഹത്യക്കൊരു വിരാമം കുറിക്കാം.
ഛന്ദസ്സിന്റെ നഗരത്തെ നിലം പരിശാക്കാം.
ചോദ്യചിഹ്നങ്ങളുടെ ശ്വാസത്തിന്നുപോലും നികുതി ചുമത്താം
കാലത്തിന്റെ മുലക്കണ്ണുകളില്‍ അവസാനത്തെ ശൈശവത്തിന്റെ വിരലടയാളംവെച്ച്
ചുരക്കുന്ന സംഗീതത്തിന്ന് ഗ്രന്ഥികളില്‍ തടവുശിക്ഷ വിധിക്കാം.
വാക്കുകള്‍ക്ക് ചവറ്റുകൊട്ടയില്‍ പ്രവാസവും വിധിക്കാം.
മഷിയുടെ അഞ്ജനം പുരണ്ട നമ്മുടെ വിരലുകള്‍ക്ക് കരയാന്‍ കണ്ണീരില്ല:കണ്ണീരിന്ന്,
നഖങ്ങളുടെ കൂര്‍ത്ത ഭീഷണിക്കു മുന്നില്‍ കണ്ണുകളുമില്ല.
വേരുകളുടെ പുരാവസ്തുഗവേഷണത്തിനിടയില്‍ ഇലയുടെ ഞരമ്പുകളില്‍ ഉല്‍പ്പത്തിപുസ്തകം വായിക്കാം
മെഴുകുതിരികളുടെ സാര്‍ഥവാഹകസംഘത്തിന്നിടയില്‍ ഒരു തുടുത്ത വാക്കിന്റെ നാവായി നഷ്ടപ്പെടാം
 
ആമേന്‍!
(ഒരു ഡിസംബര്‍ കൊളാഷ്- കവികള്‍ക്ക് ക്രിസ്മസ് കത്തുകള്‍)

തുടരും