
എഴുപത്തഞ്ച്
കടലാങ്കുന്നിന്റെ ഒറ്റക്കണ്ണിലാണ്
തുരുമ്പ് കേറിയ ഉടലു പുതഞ്ഞ്
നെടിയൻ കട്ങ്ങേട്ടൻ
നിവർന്നുകിടന്നത്..
ചെതുമ്പലു മുറ്റിയ
പാർട്ടിയാപ്പീസിന്റെ ഇരട്ട ജനവാതിലിൽ
ചില കാറ്റുകൾ,കാലത്തെ
തിരിച്ചെഴുതി വെയ്ക്കുന്നു..
ചോരവാർന്ന് നനഞ്ഞ്
ദേശമങ്ങനെത്തന്നെ
വിറങ്ങലിക്കുന്നത്
എന്തു രസമാണല്ലേ..
മൂത്രത്തിന്റെ വാടയിൽ
പോലീസ് എന്നു
മുക്കിമുക്കിത്തികയ്ക്കുന്നില്ല
ബയണട്ടിനാൽത്തൊട്ട
കറുത്തവംശം..
ചുവരുകളിലാരുമെഴുതില്ലാ
തെരുവ് അതല്ലാ
കലാപമില്ലാ.
ഏറെയേറെ
ച്ചുവന്ന
ആകാശം
ഇരുട്ടിനെ പ്രസവിക്കുക മാത്രം..
ഉട(യ)ൽ
ചുവപ്പു
കൂടിക്കൂടി വരുന്നുണ്ട്
മൃദുലതയും
സുഗന്ധവും
വർദ്ധിച്ചിട്ടുണ്ട്.
നൂലടുപ്പങ്ങൾ
ശക്തമെന്നു തന്നെ പറയാം
കസവുകരകൾക്ക്
സവിശേഷ പ്രൗഢി തന്നെയുണ്ട്
ഇളം ചൂടും സ്വച്ഛതയും
ഉള്ളിലേറെയുണ്ട്.
എങ്കിലും;
(കുപ്പായത്തിനകത്ത്
ഉടലു മുഴുക്കെയിങ്ങനെ
പുഴുത്തു ചീഞ്ഞു നാറുന്നതുകൊണ്ടാവും
'എങ്കിലും' എന്ന ശങ്ക
അതെ സർ.
ഒക്കെയും തോന്നലാണ് സർ
ഒട്ടും അവിശുദ്ധമായിട്ടില്ല സർ
ഒട്ടും).

പ്രതീഷ് എം.പി
