കണാരേട്ടന്‍

ഷാജി അമ്പലത്ത് 

ടീച്ചറുടെ കണ്ണുവെട്ടിച്ച്‌
കൂട്ടമണിയടിക്കുടനെ 
അവള്‍ക്കും 
കൂട്ടുകാരികള്‍ക്കും മുന്‍പേ 
അമ്മദ്ക്കാന്‍റെ 
കടത്തുവഞ്ചിയില്‍ 
ഇരിപ്പുറപ്പിക്കണം .

മൈലാഞ്ചിപടര്‍പ്പുള്ള
ഇടവഴികടന്ന്
വരുമായിരിക്കും 
അല്ലങ്കില്‍ 
ചവര്‍പ്പുള്ള 
പുളിയച്ചാറിന്‍റെ 
നേര്‍ത്തരുചിയിലേക്ക് 
കാത്തുനില്‍ക്കയാവാം ,
അതുമല്ലങ്കില്‍ 
ക്ലാസ്സ്‌മുറിക്കകത്തോ 
മൂത്രപ്പുരയുടെ 
പിന്നാമ്പുറത്തോ 
കളഞ്ഞുപോയ കൊലുസ് 
കണ്ടെടുക്കയാവാം .

വൈകിയാലും 
വരുമെന്നുറപ്പുണ്ട് 

എന്താ 
കാണാരേട്ടാ  
വയസ്സുകാലത്ത് 
കടത്ത് തിണ്ണയില്‍ 
കടലാസ് വളളമിറക്കി 
കളിക്കുകയാണോ .....