ഇൻഡിവിഡ്വേഷൻ
ദെല്ല്യൂസിന്റെ സുഹൃത്ത് ഗബ്രീയേൽ സിമണ്ടോൺ വൈവിദ്ധ്യങ്ങളുടെ, ഒരിക്കലും അടയാത്ത ഒഴുക്കിൽ വ്യക്തിയുടെ രൂപപ്പെടലിനെക്കുറിച്ച് പറയുന്നുണ്ട് - മനശാസ്ത്രവാദത്തിനും സാമൂഹ്യശാസ്ത്രമാത്രവാദത്തിനും പിടികൊടുക്കാത്ത - വ്യക്തിവൽക്കരണം ജീവിക്കുന്ന സമൂഹത്തിന്റെ ചടുലതയെ എതിർക്കുന്നുമില്ല - പുസ്തകങ്ങളുടെയും സംവാദങ്ങളുടേയും
കലയുടേയും രാഷ്‌ട്രീയത്തിന്റേയും തിരക്കിനോടൊപ്പം മരണവും, മനനവും, മൗനവും, ആത്മഹത്യയും ഇവിടെയുണ്ട്- വ്യക്തിയെ രൂപപ്പെടുത്തുന്നുണ്ട് എന്ന് മറക്കുന്നില്ല എന്നുമാത്രം - കൃത്യമായി വലതുപക്ഷത്തിന് വോട്ടുചെയ്യുന്ന ദുർവ്വാശിയിൽ വരെ - ഇനിയും പൂർണ്ണമാകാത്ത
വ്യക്തിവത്കരണ സാദ്ധ്യതയുണ്ടെന്ന് ഇടതുപക്ഷക്കാർക്ക് പറയാനാവുന്നതാണ്- ഈ ഉദാഹരണത്തിന്റെ വൃഥാസ്ഥൂലതയെ തൽക്കാലം വെറുതെ വിടുക - വ്യക്തിവൽക്കരണത്തിന്റെ സാദ്ധ്യത പുസ്തകങ്ങളിലും, സിദ്ധാന്തസംതൃപ്തിയിലും തളർന്നുറങ്ങേണ്ടതില്ലെന്ന് ഓർമ്മിപ്പിക്കുന്നില്ലേ? രാജീവന്റെ പുസ്തകത്തിലെ പരികൽപനകളുടെ ഉള്ളം തിരിച്ചറിയാൻ
രൂപമെടുക്കലിന്റെയും വളർച്ചയുടെയും ഒരു കൽപന ആവശ്യമാണെന്ന് ഞാൻ കരുതുന്നു. ക്ലാസ്സ് നോട്ടുകളിൽ നിന്ന് വളരെയേറെ വ്യത്യസ്തമല്ലാത്ത ഗവേഷണപ്രബന്ധങ്ങളുടെ ധാരാളിത്തം വ്യർത്ഥമാണെന്ന് രാജീവൻ തന്നെ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. പല ഘട്ടങ്ങളിലായി എഴുതിയ ലേഖനങ്ങൾ സമാഹരണത്തിന്റെ പരിസമാപ്തിയിൽ ഒരു വിച്ചേദത്തിന്റെ നിറവിലാണെന്ന് രാജീവൻ പറയുന്നത് വേണ്ടുവോളം വ്യക്തമാണ് - 40 കൊല്ലത്തോളം (അതിൽ കൂടുതലുണ്ട്, എഴുതാതെപോയ വാക്കുകൾ കൂടിച്ചേർന്നാൽ) ഈ മലയാളി അന്വേഷിച്ച് നടന്ന കലാ - ദർശന, പൂ ർണ്ണതയുടെ വെളിച്ചം - നമ്മളോട്
പറയുന്നതെന്താണ്? എല്ലാം അറിയപ്പെട്ടിരിക്കുന്നു എന്നല്ല - ഉറപ്പ്)
ജനാധിപത്യം
സ്റ്റാലിൻ ഒരിക്കൽ പറഞ്ഞു - പാർട്ടിയോടൊപ്പം തറ്റ് ചെയ്യുന്നതാണ് ഒറ്റയ്ക്ക് ശരിചെയ്യുന്നതിലും മഹത്തരം - 'അഹ'ത്തിനെതിരായ കൂട്ടായ്മയെ ഉത്സാഹപ്പെടുത്തുന്ന ഈ ഉദ്ധരണി ചിലപ്പോഴെങ്കിലും ടെംപ്റ്റിംഗ് ആണ് - സ്വന്തം തലച്ചോറുപയോഗിച്ച് നടത്തുന്ന സർഗ്ഗാത്മക ചിന്തയിൽ പക്ഷെ സംഘത്തിന്റെ ഇടപെടൽ ആരെയെങ്കിലും സഹായിക്കുമോ -
പ്രത്യേകിച്ചും - ഗവേഷണസ്ഥലങ്ങളിൽ.
നമ്മുടെ പി.ജി ക്ക്, പുസ്തകപ്രണയത്തോടൊപ്പം ജനാധിപത്യപ്രണയവുംതീവ്രമാണെന്ന് പലവട്ടം തെളിഞ്ഞിട്ടുണ്ട്. ടിയാൻ മെൻസ്ക്വയറിലെസംഭവങ്ങൾ പിജിയെ പൊള്ളിച്ചിട്ടുണ്ട്- പിജിയുടെ ജനാധിപത്യബോധത്തിന് പാർട്ടിമെമ്പർഷിപ്പ് കൊടുക്കേണ്ടതിന്റെ ആവശ്യകത പാർട്ടിക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
"എന്റെ കഥകൾക്ക് പാർട്ടി മെമ്പർഷിപ്പില്ല" എന്ന് പറഞ്ഞത് സി.വി ശ്രീരാമൻ വക്കീലാണ്. ഇതിലൊക്കെ നിഴലിക്കുന്ന സൂക്ഷ്മ രാഷ്‌ട്രീയ സർഗ്ഗാത്മകതയെ അവകാശപ്പെടാൻ പാർട്ടികൾ വേണ്ടത്ര സജ്ജമാണോ? ഞാൻ ശുഭാപ്തി വിശ്വാസിയാണ്. മലയാളം വാരികയിൽ ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന പംക്തിയിൽ (എന്റെ കസിനാണ് പംക്തിക്കാരൻ) ജനാധിപത്യത്തിന്റെ അനിവാര്യതയിൽ പി.ജി. വീണ്ടും വീണ്ടും വിശ്വസിക്കുന്ന കാര്യം ഊന്നിപറഞ്ഞു.
അഭിനന്ദനങ്ങൾ അറിയിച്ച എന്നോട് - പി.ജി ഫോണിൽ പറഞ്ഞു "നിങ്ങളെപ്പോലുള്ള ശുദ്ധജനാധിപത്യവാദികൾക്ക് പ്രസ്ഥാനബന്ധം നിലനിന്നാൽ - ഞാൻ ഇവിടെ പാർട്ടിയിൽ കരിപുരണ്ട് നിൽക്കണം അല്ലേ?"
ഒരു പുസ്തകം എഴുതാനുള്ള വിഭവം ഈ വാക്കുകളിലുണ്ട് - ഒരു കാര്യംകൂടി / ലെനിൻ ഒരു പ്രത്യേക സന്ദർഭത്തിൽ പറഞ്ഞതാണ് "വർഗ്ഗസമരത്തിനുവേണ്ടിഭൗതികശാസ്ത്രത്തിന്റെ തത്വങ്ങൾ വരെ വളച്ചൊടിക്കാവുന്നതാണ്." ഇത്തരം ജനകീയ വ്യവഹാരങ്ങൾ റെട്ടറിക്കൽ പ്രാധാന്യത്തിനുപരി ആരെയെങ്കിലുംസ്വാധീനിച്ചാൽ?! ഏതായാലും ലെനിൻ ഫിസിക്സിന്റെ ഒരു തത്വവും വളച്ചൊടിച്ചില്ല.
ഇവിടെ പറയാൻ മറന്നുപോകരുതെന്നുകരുതി - ഞാൻ എഴുതിവെച്ച കുറിപ്പിൽ നിന്ന് ഒരു ഭാഗം കൂടി വായിക്കട്ടെ. യാഥാസ്തികത്വം, നിലവാരമില്ലായ്മ പോലെ ഒരു വലതുവ്യതിയാനമാണ്. ലെനിൻ ഇങ്ങനെ പറഞ്ഞിട്ടില്ല - പറയെണ്ടതായിരുന്നുവെന്ന് എനിക്ക് അഭിപ്രായമുണ്ട്.
കേരളത്തിലെ സ്റ്റാലിനിസ്റ്റ് ഭൂതസങ്കൽപ്പം
സ്റ്റാലിനെയും ജനാധിപത്യത്തെയും കുറിച്ച് പറഞ്ഞതിൽ ഒരു കാര്യം കൂടി കൂട്ടിചേർക്കേണ്ട -തുണ്ട്.ഇവിടെ കേരളത്തിൽ സ്റ്റാലിൻ എന്നും പേരാളിയുടെ ഭാവി പ്രതീക്ഷയുടെ പ്രതീകമായിരുന്നു. ഇപ്പോൾ സ്റ്റേജിലും സദസിലും ഇരിക്കുന്ന പലരുടേയും ഓർമ്മകളിലും നേർസാക്ഷ്യത്തിലും സംഭവിച്ച ത്യാഗങ്ങളുടെ ,വിജയങ്ങളുടേയും ഭാഗമായിരുന്നു സ്റ്റാലിൻ. സറ്റാലിനെതിരായ ക്രൂഷ്ചോവിന്റെ ഇരുപതാം കോൺഗ്രസ് വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് 57-ലെ മന്ത്രിസഭയുണ്ടാകുന്നത്. അത് സ്റ്റാലിനിസമായിരുന്നു, വിമോചന സമരം കേരളസ്റ്റാലിനിസത്തിനെതിരായാണ് വിജയിച്ചത് എന്നൊക്കെ പ്പറഞ്ഞാൽ സ്റ്റാലിനും മന്നത്തുപത്മനാഭനും ചിരിവരും! ജയിലുകളും മർദ്ദനങ്ങളും സഹിച്ച , പെണ്ണുകിട്ടാതെയും പെണ്ണുകെട്ടാതെയും നടന്ന യുവാക്കൾ വിമോചന സ്വനങ്ങൾക്ക് നിറം കെടുമ്പോൾ ഓർത്തത് നമ്മുടെ സ്വന്തം രാജ്യത്തെ മെഡലുകളണിഞ്ഞ അപരാജിതനെയാണെന്നത് എത്രയോ സ്വാഭാവികം.
രാജീവന്റെ സ്വപ്നം
ലോകം നമ്മുടെ ചിന്തകൾക്ക് കാരണമാകുന്നു.നമ്മുടെ ചിന്തകൾ നാം ലോകത്തിന് തിരിച്ചുനൽകുന്നു.ഈ സാന്ത്വനപൂർണ്ണമായ വിശദീകരണം സത്യത്തിലെന്തെങ്കിലും വിശദീകരിക്കുന്നുണ്ടോ? ലോകത്തെ തിരിച്ചറിയാനുള്ള ചിന്തയുടെ ഉപകരണങ്ങളുടെ കാരണഭൂതനും ലോകമാണോ? എല്ലാം വിഷമപ്രശ്നങ്ങൾ!ലോകത്തെ വ്യാഖ്യാനിച്ചത് മതി, മാറ്റിമറിക്കലാണ് ഭേദം എന്ന വിവേകമാണോ മര്യാദ? ഇൻഡിവിഡ്യേഷൻ കാരണമല്ല കാര്യവുമല്ല- ഫലമായിരിക്കുമോ? ദർശനേതരമായ മേഖലയിൽ നിന്ന് തന്നെയാവുമോ ദർശനത്തിന്റെ പ്രശ്നങ്ങൾ ഉത്ഭവിക്കുന്നത്?
രാജീവന്റെ വിശകലനാത്മകമായ വ്യക്തത വീണ്ടും വീണ്ടും സ്വയം തകർന്നും തകർത്തും എത്തിപ്പെടുന്ന ഇടങ്ങളിൽ അപൂർണ്ണത്തിന്റെ ഭംഗിയുണ്ട്.ഉണ്ടായിവരേണ്ട കലാദർശന -ത്തിന്റേയും രാഷ്‌ട്രീയദർശനത്തിനെയും വേവലാതികളുണ്ട്.സൂക്ഷ്മമായ രാഷ് ട്രീയതയും.
അവ്യതകളുടെ വിനയങ്ങളിൽ വ്യവഹാരനീതിയുണ്ട് അതുകൊണ്ട് സ്വപ്നങ്ങളും. ക്ലാരിറ്റിയാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യമെന്ന് സ്റ്റാലിൻ ഒരിക്കൽ പറഞ്ഞു. ഗുലാഗുകളിൽ ലക്ഷങ്ങൾക്ക് പീഢാനുഭവം! അതുകൊണ്ട് അവ്യക്തകകളൂം ആശങ്കകളും അസംബന്ധമല്ല. ഇപ്പോൾ എന്റെ
സൗഭ്രാത്രവും സ്വപ്നങ്ങളോടാണ്. രാജീവന്റെ സ്വപ്നങ്ങളിൽ ഞാൻ പങ്ക് ചേരുന്നു.
Endnotes
പറയാതെപോയതും പാതിനിർത്തിയതും
വേദിയിലേയ്ക്ക് ഇടയ്ക്ക് തിരിഞ്ഞുനോക്കി സദസിന്റെ മുഖം കണ്ടു സംസാരിച്ചപ്പോൾ വന്നു ചേർന്ന ഉത്തരവാദിത്വം മൂലമാണോ എന്നറിയില്ല ഒരു സ്റ്റാപ് ഷോട്ടിന്റെ വ്യക്തത എനിയ്ക്ക് നഷ്ടപ്പെട്ടു. പുനരാവിഷ്കരണത്തിന്റെ ഈ ഉത്തരവാദിത്വ രഹിതമായ ഏകാന്തനിമിഷങ്ങളിൽ ഈ കുറിപ്പുകളിലൂടെ ഞാൻ വീണ്ടും ചിലത് ഓർത്തെടുക്കുകയാണ്.
1 അനലിറ്റിക്കൽ ചിന്തയുടെ വിശകലനാത്മക വ്യക്തത വാദങ്ങളും പ്രതിവാദങ്ങളുമായി ഇതൾ വിരിയുന്നവ്യവഹാര രീതി ഭാവനയുടെ പ്രാധാന്യത്തിലൂന്നുന്ന ദർശന ഭേദത്തിന് തികച്ചും അന്യമാകേണ്ടതുണ്ടോ?
2 വിജ്ഞാന ശാഖകളിൽ ഔപചാരികമായ പരിശീലനം ലഭിച്ച അദ്ധ്യാപകർക്കിടയിൽ എങ്ങനെയാണ് വാക്കുകളുടേയും വസ്തുക്കളുടേയും നവപരിണയം സ്വീകരിക്കപ്പെടുക. നവീനദർശനഭേദങ്ങളുടെ ശരിയും സംവാദാത്മകമായ ഒരു പരീക്ഷണത്തിന് വിധേയമാകേണ്ടതില്ലേ , ഒരിക്കൽ സച്ചിദാനന്ദൻ പറഞ്ഞതോർക്കുന്നു.
3 ചിങ്ങോലിയിലെ പറക്കും മുൻപേ തളർന്നുപോയ ഗ്രാംചി ഇൻസ്റ്റിറ്റൂട്ടിൽ വച്ച് - ജയിലുകളിൽ ഗ്രാചിക്ക് അടിസ്ഥാന മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ ലഭ്യമായിരുന്നില്ല എന്ന പ്രസ്താവത്തിന് സച്ചിയുടെ പ്രതികരണം ഇതായിരുന്നു. അതുകൊണ്ട് ഗ്രാചിയ്ക്ക് ഇത്രയെങ്കിലും ഒറിജിനൽ ആകേണ്ടിവന്നു. 70 കളുടെ സ്വപ്നങ്ങളുടെയും നിഷ്കളങ്കതയുടെയും ഭയത്തിന്റേയും തോൽ വികളുടേയും ചോര പൊടിയുന്ന നിമിഷാർദ്ധങ്ങളിൽ ഞാനെന്റെ ഉത്തരവാദിത്വത്തെ തിരിച്ചേൽപ്പിക്കുകയാണ്!