ഇന്തോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 2007


സിനിമയും ജീവിതവും

അടൂര്‍ ഗോപലകൃഷ്ണന്‍
 

 


വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നു വന്ന പ്രബുദ്ധരും സര്‍ഗ്ഗധനരുമായ നിരവധി ആളുകളുടെ നീണ്ട കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്‌ സിനിമ ഇന്നുള്ള അതിന്റെ വ്യക്തിത്വം നേടിയെടുത്തത്‌.ചലനം ഒരു പ്രത്യേക രീതിയില്‍ സര്‍ഗ്ഗാത്മകമായി നടത്തുന്നതിനുള്ള പരീക്ഷണങ്ങള്‍, നാടകത്തിന്റെ പകര്‍പ്പെടുക്കാനുള്ള ശ്രമങ്ങള്‍, സംഭാഷണം സിനിമയില്‍ ആലേഖനം ചെയ്യാന്‍ കഴിയാതിരുന്ന കാലത്തു പോലും സംഭാഷണം കര്‍ഡിലെഴുതി ഇടക്കു കാണിക്കുന്ന രീതി, ഫോട്ടോഗ്രാഫിയിലും സിനിമാട്ടൊഗ്രാഫിയിലും ഉണ്ടായിട്ടുള്ള സാങ്കേതിക പരിവര്‍ത്തനങ്ങള്‍, ആദ്യകാല ഫ്രഞ്ച്‌ ചലച്ചിത്ര പ്രവര്‍ത്തകരുടെ പരീക്ഷണണങ്ങള്‍, ഇങ്ങനെ പല വഴികളിലൂടെ പല കാലങ്ങളിലൂടെ സിനിമ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ പകര്‍ത്തി. ദാലി, പിക്കാസോ, തുടങ്ങിയ ചിത്രകാരന്മാര്‍ സിനിമയുടെ പ്രണേതാക്കളായിരുന്നു. കവികള്‍ മറ്റ്‌ എഴുത്തുകാര്‍ ഇതര കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒക്കെ സിനിമയിലേക്കാകര്‍ഷിക്കപ്പെട്ടു. ഏതുകലാരൂപത്തെയും പോലെ സിനിമയുടെയും അടിസ്ഥാന പ്രേരണ ജീവിതം തന്നെയാണ്‌. എന്നാല്‍ മുമ്പൊരിക്കലും ജീവിതം ഇതുപോലെ ഒരു കലാരൂപത്തിലും ഒരു സാഹിത്യരൂപത്തിലും കണ്ടിട്ടില്ല. എന്നാല്‍ നമ്മുടെ പരമ്പരാഗത സിനിമാസങ്കല്‍പം മറ്റു കലാരൂപങ്ങള്‍ ചേര്‍ത്തുവെക്കുന്ന ഒരവിയലാണ്‌ ചലച്ചിത്രം എന്നാണ്‌. അതല്ല എന്ന് തെളിയിച്ചിട്ടുള്ള രചനകളെയാണ്‌ നാം ക്ലാസ്സിക്‌ സിനിമകള്‍ എന്നു വിശേഷിപ്പിക്കുന്നത്‌. കലാപരമായ ഔന്നത്യം കൊണ്ട്‌ ഏതു ഘട്ടത്തെയും ഏതു പുതുതരംഗത്തെയും ഈ സിനിമകള്‍ മറികടന്നു നില്‍ക്കുന്നു.

എല്ലാ കലാരൂപങ്ങള്‍ക്കും ഓരോ ക്രമമുണ്ട്‌. നാടകം കാണുമ്പോള്‍ ഇത്‌ ശരിക്കുള്ള ജീവിതമാണെന്ന് തെറ്റിദ്ധരിക്കുന്നില്ല. സ്റ്റേജിന്റെ പരിധിയില്‍ സംഭവിക്കുന്ന നാടകത്തിന്റെ അടിസ്ഥാന ഘടകം സംഭാഷണമാണ്‌. മറ്റ്‌ എല്ലാം അതിനു പിറകിലാണ്‌. ഇന്നത്തെ രംഗ സജ്ജീകരണങ്ങളെല്ലാം പിൂന്നീടു വരുന്നതാണ്‌ കഥാപാത്രത്തിന്റെ വേഷം പോലും. സിനിമയുടെ വികാസഘട്ടത്തില്‍ അതിന്റെ അടിസ്ഥാന ഘടകം ദൃശ്യമായിരുന്നു. 1927ലാണ്‌ ശബ്ദം വരുന്നത്‌. നിശബ്ദ സിനിമയിലെ മഹാകലാകാരനായ ചാപ്ലിന്‍ പോലും ശബ്ദത്തിനു മുന്നില്‍ അന്തം വിട്ടു നിന്നു. ക്രമേണ ശബ്ദത്തിന്‌ പുതിയ ഉപയോഗങ്ങള്‍ വന്നു തുടങ്ങി. നമ്മുടെ ജനപ്രിയസിനിമ ശബ്ദത്തെ കഥാപാത്രങ്ങള്‍ പറയുന്ന സംഭാഷണങ്ങള്‍ മാത്രമായി, ഒരെലമന്റ്‌ മാത്രമായി നിര്‍ത്തുന്നു. സിനിമ കാണാനെത്തുമ്പോള്‍ സിനിമ കേള്‍ക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ടാണ്‌ റേഡിയോ ശബ്ദരേഖ അളുകള്‍ ആസ്വദിക്കുന്നത്‌. നാടകത്തില്‍ സംഭാഷണത്തിന്‌ സ്റ്റെയിലേസേഷനുണ്ട്‌. സ്റ്റേജിനു പിറകിലിരിക്കുന്ന അളുകളെ കൂടി പരിഗണിക്കണം. സിനിമയിലെ നടന്‌ ഇത്തരം പ്രകടനങ്ങളുടെ ആവശ്യമില്ല. അത്‌ ക്യാമറയും ശബ്ദലേഖന ഉപകരണങ്ങളും ചേര്‍ന്ന് ചെയ്തുകൊള്ളും. എപ്പോഴാണ്‌ നടന്റെ മുഖം അടുത്ത്‌ കാണേണ്ടത്‌ എന്നുള്ളപ്പോള്‍ അടുത്തും കഥാപാത്രത്തിന്റെ മനോവ്യാപരങ്ങള്‍ പകര്‍ത്തുമ്പോള്‍ അതിന്‌ അനുയോജ്യമായ ദൃശ്യവും വരും.

സിനിമ അതിന്റെ സാദ്ധ്യതകളെല്ലാം മുന്നില്‍ വച്ചുകൊണ്ടു തന്നെ അര്‍ത്ഥവത്താകുന്നത്‌ അതിന്‌ കാഴ്ചക്കാരനില്‍ ജീവിതത്തെപ്പാറ്റി അവബോധമുണ്ടാക്കാന്‍ കഴിയുമ്പോഴാണ്‌. സാധാരണക്കാരനെന്ന് എല്ലാവരേയും വിശേഷിപ്പിക്കുന്ന നമ്മള്‍ ധരിച്ചിരിക്കുന്നത്‌ രസിപ്പിക്കുക എന്നു പറഞ്ഞാല്‍ വന്നിരിക്കുന്ന കാഴ്ചക്കാരനെ ചിന്തയുടെ ആവശ്യമില്ലാതെ അയാളില്‍ നിന്ന് ഒരു രീതിയിലുള്ള തയ്യാറെടുപ്പും ആവശ്യപ്പെടാതെ ഒരുതരം പലായന വിനോദത്തില്‍ ഏര്‍പ്പെടുത്തുക എന്നതാണ്‌. അതല്ല ഉത്തമകലയുടെ ലക്ഷ്യം. ഷേക്‌സ്പിയറുടെ, കാളിദാസന്റെ നാടകം പോലെ വായിക്കാവുന്നതും കരുതിവെക്കാവുന്നതും അതില്‍ നിന്ന് ജീവിതകാലം മുഴുവന്‍ പ്രചോദനം ഉള്‍ക്കൊള്ളാനാവുന്നതുമായ മഹത്തായ കാഴ്ചയുടെ അനുഭവമാകണം.ഇതുതന്നെയാണ്‌ സിനിമയുടെ ധര്‍മ്മവും. അതിലെ കര്‍മ്മവും. അതിന്‌ നമുക്ക്‌ സാധിക്കുന്നുണ്ടോ എന്നത്‌ സ്വയം ചോദിക്കേണ്ട ചോദ്യമാണ്‌.

എന്നോട്‌ പലരും ചോദിക്കുന്നത്‌ ഭങ്കര സ്പീഡായിട്ടാണ്‌ കാര്യങ്ങള്‍ മുന്നോട്ട്‌ പോകുന്നത്‌ അപ്പോള്‍ എന്തുകൊണ്ടാണ്‌ താങ്കളുടെ കഥാപാത്രങ്ങള്‍ പതുക്കെ ഇരുന്ന് ചുറ്റും നോക്കുന്നത്‌, ആലോചിക്കുന്നത്‌ എന്ന്. ഈ സ്പീഡ്‌ സിനിമ കാണുമ്പോള്‍ എനിക്ക്‌ തോന്നുന്നത്‌ ഇവര്‍ക്കാര്‍ക്കും സ്വന്തമായ മനസ്സില്ലാത്തവരാണ്‌,ആരോ പാവ ചലിപ്പിക്കുന്നതുപോലെ ഇവരെ കളിപ്പിക്കുന്നു. ഇവര്‍ക്കാര്‍ക്കും ഒരു ഉള്ളില്ല, പുറം മാത്രമേയുള്ളൂ. ഇവര്‍ പെരുമാറുന്ന ലോകം നാം കാണുന്നതിനുമപ്പുറം ഒരു കര്‍ട്ടനില്‍ വരച്ച കഥാപാത്രങ്ങളെപ്പോലെ ഒരു മാനത്തില്‍ മാത്രം നില്‍ക്കുന്നു. ഒരു ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ ഒരു ചെറുപ്പക്കാരി ഒരു പ്രേമത്തില്‍ ഏര്‍പ്പെടാനുള്ള അവകാശവുമായിവരുന്ന സുന്ദരനും സുന്ദരിയും മാത്രമല്ല, അവര്‍ക്കെല്ലാം ജീവിതമുണ്ട്‌, അവരുടെ കുടുംബം വിദ്യാഭ്യാസം.. ഇവരുടെ സംഭാഷണങ്ങളില്‍ നിന്ന് നാം അതറിയേണ്ടേ?



ഒരു ഉത്തമ ആസ്വാദകന്‍ സ്വയം ചോദിക്കേണ്ടത്‌ നമുക്ക്‌ ഇതുവരെ ഇല്ലാത്ത ഏത്‌ പുതിയ അറിവുകളിലേക്കാണ്‌ സൂക്ഷ്മങ്ങളിലേക്കാണ്‌ ഈ സിനിമ നമ്മെ നയിച്ചത്‌? എന്ത്‌ പുതിയ കാര്യമാണ്‌ പങ്കിടുന്നത്‌ എന്നത്‌ സിനിമ നിര്‍മ്മിക്കുന്നവനും ചോദിക്കണം. വളരെ തിരക്കു നിറഞ്ഞ ജീവിതബദ്ധപ്പാടില്‍ 90 മിനിട്ട്‌/100 മിനിട്ട്‌ ഇയാള്‍ക്കായി ഒരാള്‍ നീക്കി വെക്കുമ്പോള്‍ എന്റെ ജീവിതത്തെപ്പറ്റിയുള്ള അനുഭവങ്ങളുടെ രേഖ, സാക്ഷ്യം എന്തിനാണ്‌ അയാളുടെ മുന്നില്‍ വെക്കുന്നത്‌ എന്ന് മറ്റേതൊരു കലാകാരനേയും പോലെ ചലച്ചിത്രകാരനും സ്വയം ചോദിക്കേണ്ടതാണ്‌.



ചിത്രകാരനായ സുഹൃത്ത്‌ വിശ്വനാഥനുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്‌. രാജസ്ഥാനിലെ ഒരു ആദിവാസിഗ്രാമത്തില്‍ അവരുടെ നൃത്തം ഷൂട്ട്‌ ചെയ്യണം എന്ന് ആഗ്രഹം തോന്നി. മൂപ്പനോട്‌ സംസാരിച്ചപ്പോള്‍ രാത്രി നൃത്തം കാണാന്‍ വരൂ എന്നു പറഞ്ഞു. ഞാന്‍ ഉദ്ദേശിക്കുന്നത്‌ നല്ല നര്‍ത്തകരും മേളക്കാരുംചേര്‍ന്ന് ഒരു പ്രകടനം നടത്തും അത്‌ ഷൂട്ട്‌ ചെയ്യാം എന്നാണ്‌. എന്നാല്‍ വൈകുന്നേരമായപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ വരികയായിരുന്നു. എല്ലാവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നു. കുട്ടികളും മുതിര്‍ന്നവരും നടുക്ക്‌ ആഴി കൂട്ടിയിട്ട്‌. അത്‌ അവരുടെ ഒരു ആഹ്ലാദപ്രകടനമാണ്‌, കലാപ്രകടനം പോലുമല്ല. അതില്‍ ഒരാള്‍ എത്ര നന്നായി നൃത്തം ചെയ്തു എന്നത്‌ ആഴിയുടെ തീനാളത്തിന്റെ വെളിച്ചത്തിലാണ്‌ ഷൂട്ട്‌ ചെയ്തത്‌. സ്വയം നിര്‍ഗ്ഗളിച്ച ആനന്ദവേളകളില്‍ നിന്നാണ്‌ കലകള്‍ വന്നിട്ടുള്ളത്‌. എന്റെ കലാധാരണകളെ ആകെ ഇളക്കിമറിച്ച ഒരു സംഭവമായിരുന്നു അത്‌. ഈ ആനന്ദം വരുന്നത്‌ ഐഹിക ബദ്ധപ്പാടുകളില്‍ നിന്ന് മുക്തമായിട്ടാണ്‌. കാഴ്ചക്കാരനെ അയാളുടെ സ്വന്തം നിലയില്‍ അനുഭവിപ്പിക്കാന്‍ ഉള്ള കഴിവാണ്‌ ഒരു കലാസൃഷ്ടിക്കുണ്ടാകേണ്ടത്‌. ഇത്‌ സ്ഥൂലവും സൂക്ഷ്മവുമായി ജീവിതം തന്നെയാണ്‌. അതാണ്‌ എല്ലാറ്റിന്റേയും തുടക്കം. എന്നാല്‍ ജീവിതത്തിന്റെ ഏത്‌ പുറങ്ങളിലേക്കാണ്‌ ഒരു കലാസൃഷ്ടി നമ്മെ കൊണ്ടു നിര്‍ത്തുന്നത്‌? ഇത്‌ പരമപ്രധാനമാണ്‌. കലാകാരന്റെ പ്രകടനമല്ല അയാളുടെ ആത്മാവിഷ്കാരമാണ്‌ സൃഷ്ടി ആകേണ്ടത്‌.


? എലിപ്പത്തായം പോലുള്ള സിനിമകള്‍ എത്രത്തോളം സാധാരണ പ്രേക്ഷകര്‍ കാണാറുണ്ട്‌? ഇതിനെക്കുറിച്ചുള്ള കൃത്യമായ എന്തെങ്കിലും കണക്കുകള്‍ ഉണ്ടോ?

= സ്വയം ചോദിക്കാന്‍ കുറേക്കാലമായി എനിക്ക്‌ പ്രശ്നമുണ്ടാക്കുന്ന ഒരു പ്രയോഗമാണ്‌ ഈ സാധാരണക്കാരന്‍ എന്നത്‌. ഈ ചോദ്യമുയര്‍ത്തുന്നവര്‍ മറ്റുള്ളവരെ സാധാരണക്കാരാക്കുകയും സ്വയം അസാധാരണക്കാരനാകുകയും ചെയ്യുന്നു. ശരിക്കു പറഞ്ഞാല്‍ നമ്മളെല്ലാം സാധാരണക്കാരാണ്‌. എത്രത്തോളം ആളുകള്‍ കാണുന്നു എന്നതില്‍ എന്റെ പക്കല്‍ കൃത്യമായ കണക്കുകളില്ല. നമ്മള്‍ ജനപ്രിയം എന്നു പറയുന്ന സിനിമകളുടെ ആയുസ്സ്‌ ആറുമാസത്തിനപ്പുറം അപൂര്‍വ്വമായേ നീളുന്നുള്ളൂ. നേരത്തേ ഇവിടെ പറഞ്ഞ സിനിമകള്‍ സ്വയംവരമായാലും കോടിയേറ്റമായാലും എടുത്തിട്ട്‌ മുപ്പതുവര്‍ഷമായ സിനിമകളാണ്‌. ഇവ ഇന്നും കാണുന്നുണ്ട്‌. അവയെക്കുറിച്ച്‌ ആളുകള്‍ സംസാരിക്കുന്നുണ്ട്‌. ഈ കാലയളവിലെ പ്രേക്ഷകരുടെ കണക്കെടുത്താല്‍ കേരളത്തില്‍ ഏറ്റവും പോപ്പുലറായ സിനിമ കണ്ടതിനേക്കള്‍ കൂടുതല്‍ ആളുകള്‍ എന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്‌. ഇത്‌ സാധാരണ കണക്കുകൂട്ടാറില്ല. വലിയ മഴ വെള്ളപ്പൊക്കമായി ഒഴുകിപ്പോകും. ചെറിയ മഴ നിന്ന് പെയ്യുന്നതുപോലെയാണിത്‌. പല സിനിമകള്‍ക്കും ഡി.വി.ഡി.കള്‍ ഉണ്ടായതോടെ ഒട്ടേറെ പുതിയ തലമുറയില്‍ പെട്ട ആളുകള്‍ പഴയ സിനിമകള്‍ കാണുന്നുണ്ട്‌.



പഥേര്‍ പാഞ്ചാലി ബംഗാളില്‍ പോപ്പ്പ്പുലര്‍ ആകാതിരുന്ന സിനിമയാണ്‌. പാട്ടും നൃത്തവും ഒക്കെയായി സിനിമയെടുത്താല്‍ ജനപ്രിയമാകുമെന്ന് ചിലര്‍ റേയോടു പറഞ്ഞു. അങ്ങനെ അദ്ദേഹം എടുത്ത സിനിമയാണ്‌ ജല്‍സാഖര്‍. അതില്‍ പാട്ടുണ്ട്‌ നൃത്തവുമുണ്ട്‌. എന്നാല്‍ ആളുകള്‍ക്ക്‌ വേണ്ടത്‌ അതല്ല. 'മൈന്‍ഡ്‌ലെസ്‌' ആയിരിക്കണം. ജല്‍സാഖര്‍ സത്യജിത്‌റേയുടെ മികച്ച സിനിമയാണ്‌. മികച്ച രചനകള്‍ എന്തുകൊണ്ട്‌ പുറന്തള്ളപ്പെട്ടുപോകുന്നു എന്നതും പഠിക്കേണ്ടതുണ്ട്‌.യാഥാര്‍ത്ഥ്യങ്ങളെ ആഭാസവല്‍കരിച്ചാണ്‌ കച്ചവട സിനിമ നമ്മുടെ മുന്നിലെത്തിക്കുന്നത്‌. സത്യം സത്യമായിട്ട്‌ പറഞ്ഞാല്‍ അംഗീകരിക്കാത്ത അവസ്ഥ നല്ലതല്ല.

? വിദേശങ്ങളിലെ മലയാളി ജീവിതത്തെക്കുറിച്ച്‌ ഒരു സിനിമയെടുക്കുന്നത്‌ ആലോചിക്കുമോ?

= വളരെ ചുരുക്കം സിനിമകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. നേരിട്ടുള്ള അനുഭവങ്ങളില്‍ നിന്ന്, ഒരുപാടുകാലം എന്നെ മഥിക്കുന്ന ചോദ്യങ്ങളില്‍ നിന്ന്‌ അവ ഉണ്ടാകുന്നു. ഗള്‍ഫിന്റെ സ്വാധീനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എങ്ങനെ ഉണ്ടാകുന്നു. കേരളത്തില്‍ അത്‌ എങ്ങനെയാണ്‌ അനുഭവപ്പെടുന്നത്‌, അവയെപ്പറ്റി പരോക്ഷമായ ചില സൂചനകള്‍ എന്റെ സിനിമകളില്‍ വന്നിട്ടുണ്ട്‌. ഒരു പ്രമേയം ഏറെക്കാലം മനസ്സില്‍ കൊണ്ടുനടക്കുന്നു. സിനിമയെടുക്കാതെ നിവൃത്തിയില്ല എന്നു വരുമ്പോഴാണ്‌ അതെടുക്കുന്നത്‌. അപ്പോഴാണ്‌ ആ സിനിമ നിര്‍മ്മിക്കാന്‍, കാശ്‌ മുടക്കാന്‍ ആരുണ്ടെന്ന് അന്വേഷിക്കുക, നമ്മളിപ്പോള്‍ സംസാരിക്കുന്ന ഘട്ടത്തില്‍ ആറേഴുപേരെങ്കിലും സിനിമയെടുക്കാന്‍ എന്നെ സമീപിച്ചിട്ടുണ്ട്‌. ഇപ്പോഴൊന്നുമില്ല, വരട്ടെ, നില്‍ക്കണേ എന്നാണ്‌ അവരോട്‌ പറയുന്നത്‌. ഞാന്‍ റെഡിയാകുമ്പോള്‍ കാശ്‌ മുടക്കാന്‍ ഇവരുണ്ടാകുമോ ഇവരുടെ പക്കല്‍ ആ സമയത്ത്‌ പണമുണ്ടാകുമോ എന്നറിയില്ല. സാധാരണ ഗതിയില്‍ ആ സമയത്തിനുള്ളില്‍ ഇവര്‍ എവിടെയെങ്കിലും പോയി ഒരു തട്ടുപൊളിപ്പന്‍ പടമെടുക്കും. ചിലപ്പോള്‍ കയ്യിലുള്ളതെല്ലാം പോകും. അല്ലെങ്കില്‍ ഒരുപാട്‌ പൈസയുണ്ടാകും. പിന്നെ ഇവരെ പിടിച്ചാല്‍ കിട്ടത്തുമില്ല. രണ്ടാമതു ചോദിക്കുന്ന ചോദ്യം നിങ്ങള്‍ക്കീ പണം മുഴുവന്‍ നഷ്ടമാകുന്ന ഒരവസ്ഥയെ നേരിടാന്‍ പറ്റുമോ എന്നാണ്‌. അതോടെ ഒരുമാതിരിപ്പെട്ട ആളുകള്‍ ഓടിപ്പോകും. ഇതൊന്നും വകവെക്കാതെ എന്റെ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാകുന്ന ധീരന്മാരുമുണ്ട്‌.


? മുഖാമുഖത്തെക്കുറിച്ച്‌?

= ഒരുപാട്‌ തെറ്റായ വായനകള്‍ ഉണ്ടായ സിനിമയാണ്‌ മുഖാമുഖം. എലിപ്പത്തായം എന്നു പറയുന്നത്‌. ഒരു മൈക്രോസ്കോപ്പിനു കീഴില്‍ വെച്ച ജന്തുവിനെ എന്നപോലെ ഒരു മനുഷ്യന്റെ എല്ലാ ചലനങ്ങളേയും ചിന്തകളേയും കാഴ്ചക്കാരന്‌ നല്‍കുന്ന ഒരു സിനിമയാണ്‌. അയാള്‍ തല ഒന്നു തിരിച്ചാല്‍ അത്‌ എന്തിനുവേണ്ടിയാണെന്ന് അറിയാം. തന്നിലേക്ക്‌ മാത്രം ചുരുങ്ങിയ ഒരാളായിട്ടാണ്‌, തന്നെക്കുറിച്ചല്ലാതെ ലോകത്തിലെ മറ്റൊന്നിനെക്കുറിച്ചും അറിയാത്ത ഒരു കഥാപാത്രം. എന്നാല്‍ പ്രേക്ഷകന്‌ എല്ലാം അറിയാം അയാളെപ്പറ്റി. നാടകസിദ്ധാന്തത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം കഥാപാത്രത്തെക്കുറിച്ച്‌ വിശദമായി എല്ലാം അറിഞ്ഞിരിക്കണം എന്നതാണ്‌. ഈ സങ്കല്‍പത്തെ ഭേദിക്കുന്ന ഒരു സിനിമയെടുക്കണമെന്ന് എനിക്ക്‌ തോന്നി. സിനിമ കഴിഞ്ഞാലും ആര്‍ക്കും അധികമൊന്നും അറിയാത്ത ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു,. അയാളുടെ പേര്‌ ശ്രീധരന്‍.


ഒളിവു ജീവിതം കഴിഞ്ഞ്‌ അയാള്‍ ശരിക്കും തിരിച്ച്‌ വരുന്നുണ്ടോ? തിരിച്ചു വന്നാല്‍ എന്നതാണ്‌ സിനിമ. ഒരുപാടുപേരുടെ ആഗ്രഹങ്ങളിലൂടെ അയാള്‍ ആവാഹിക്കപ്പെടുകയാണ്‌. സമൂഹം സ്വന്തം നിലയില്‍ ഒന്നും ചെയ്യാന്‍ തയ്യാറില്ല. വേറൊരാള്‍ വന്ന് നടത്തട്ടെ ഒരു ഏജന്റ്‌ ചെയ്യട്ടെ എന്നാണ്‌ വിചാരിക്കുന്നത്‌.

ലൊക്കാര്‍ണോ ഫെസ്റ്റിവലിലെ കമന്റ്‌, 'A very good film, but a communist film' എന്നായിരുന്നു. ബംഗാളില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ അയച്ച ഒരു കെട്ട്‌ എഴുത്ത്‌ ഞാന്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌. ഞാന്‍ ശ്രീധരനാണ്‌ എന്നു പറഞ്ഞ്‌ ഒരു മുന്‍കാല കമ്യൂണിസ്റ്റ്‌ എന്നെ കാണാന്‍ വന്നിരുന്നു. 'കഥാപാത്രങ്ങള്‍ കണാന്‍ വന്നപ്പോള്‍' എന്ന് ആ സംഭവത്തെ കുറിച്ച്‌ ഞാന്‍ എഴുതിയിട്ടുള്ളതുകൊണ്ട്‌ വിവരിക്കുന്നില്ല. ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള ഒരു കാര്യം ഒരു പാര്‍ട്ടി കാര്‍ഡ്‌ ഹോള്‍ഡര്‍ക്ക്‌ മുഖാമുഖം പോലൊരു സിനിമയെടുക്കാന്‍ കഴിയില്ല. കമ്യൂണിസ്റ്റ്‌ വിരുദ്ധനും കഴിയില്ല. ബംഗാളില്‍ നിന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ, കേരളത്തില്‍ നിന്ന് തോപ്പില്‍ ഭാസി ഒക്കെ എന്നെ പിന്തുണച്ച്‌ എഴുതിയിട്ടുണ്ട്‌. ഒളിവിലെ ഓര്‍മ്മകള്‍ എന്ന നാടകം ഉദ്ഘാടനം ചെയ്യാന്‍ തോപ്പില്‍ ഭാസി എന്നെ നിര്‍ബന്ധിച്ച്‌ ക്ഷണിച്ചു. ഇ.എം.എസ്‌ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്ന വേദിയില്‍ എന്തുകൊണ്ട്‌ അടൂരിനെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചു എന്നതിനെക്കുറിച്ച്‌ തോപ്പില്‍ ഭാസി ഒരാമുഖ പ്രസംഗം നടത്തി. അതൊക്കെ വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. എന്നാല്‍ അടുത്തിടെയും ഒരു സുഹൃത്ത്‌ എഴുതി, അടൂര്‍ ഗോപാലകൃഷ്‌ണന്‍ ജനിച്ചതുതന്നെ ആന്റികമ്യൂണിസ്റ്റ്‌ ആയിട്ടാണ്‌!

? ബഷീറിന്റെയും സക്കറിയയുടെയും പ്രസിദ്ധ രചനകള്‍ സിനിമയാക്കിയതിനെപ്പറ്റി?

= സക്കറിയയുടെ കഥയില്‍ പ്രത്യേക തരത്തിലിലുള്ള ഒരു ഊര്‍ജ്ജം ഉണ്ടായിരുന്നു. എന്നാല്‍ കഥയിലെ പട്ടേലര്‍ കൊലപാതക പരമ്പര തന്നെ നടത്തുന്ന ഒരാളായിരുന്നു. ഞാന്‍ അത്‌ അക്കാലത്ത്‌ കെ.ജി. ജോര്‍ജ്ജിനോട്‌ പറഞ്ഞു, ഒരു സിനിമക്ക്‌ കൊള്ളാമെന്ന്. അങ്ങേര്‍ 'ഇരകള്‍' ഒക്കെ എടുത്ത സമയമായിരുന്നു. ജോര്‍ജ്ജ്‌ സക്കറിയയുടെ കഥ വായിച്ച്‌ മറ്റൊരു തരം ഇന്റര്‍പ്രെറ്റേഷന്‍ ആണ്‌ നടത്തിയത്‌. മതിലുകള്‍ക്ക്‌ ശേഷം മടി പിടിച്ചിരുന്ന ഒരു സമയത്ത്‌ ഞാന്‍ സക്കറിയയുടെ കഥ വീണ്ടും വായിച്ചു. അധികാരത്തിന്റെയും വിധേയത്വത്തിന്റെയും ഒരു കഥ ആയിട്ടാണ്‌ ഞാന്‍ അതിനെ കണ്ടത്‌. ഇന്ത്യക്കാരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയതാണ്‌ വിധേയത്വം. ആവശ്യമില്ലാത്ത വിധേയത്വം കാണിക്കുന്ന ജനതയാണ്‌ നാം. കൊളോണിയലിസം ഏല്‍പിച്ചു പോയ ഒരാഘാതം. ജനാധിപത്യ രാഷ്‌ട്രമായി മാറിയിട്ടും ജനതയില്‍ എന്തുകൊണ്ട്‌ ഇത്തരം വിധേയത്വങ്ങള്‍ ബാക്കി നില്‍ക്കുന്നു എന്ന കാര്യം പരിശോധിക്കുന്ന ഒരു പ്രമേയമായിട്ടാണ്‌ ഞാന്‍ അതിനെ എടുത്തത്‌. പട്ടേലരെ കൊലപാതക പരമ്പര നടത്തുന്ന ഒരു കഥാപാത്രം അല്ലാതെയാക്കി മാറ്റി. പട്ടേലര്‍ ആകെ നടത്തുന്നത്‌ അയളുടെ ഭാര്യയുടെ കൊലപാതകമാണ്‌, അയളുടെ മനസാക്ഷി പോലുള്ള ഭാര്യയുടെ. അതോടേ പട്ടേലരുടെ ബാലന്‍സ്‌ തെറ്റുന്നു. എന്തുകൊണ്ടാണ്‌ ഈ കഥയില്‍ ആകൃഷ്ടനായത്‌ എന്ന് ഞാന്‍ സ്വയം ചോദിക്കും. ആ ചോദ്യത്തിന്റെ ഉത്തരമാണ്‌ എന്റെ സിനിമ. മതിലുകള്‍ എടുത്തപ്പോഴും വിധേയന്‍ എടുത്തപ്പോഴും ഞാന്‍ ചെയ്തത്‌ അതാണ്‌.
 

comments