എഡിറ്റോറിയല്‍
 

സാംസ്കാരിക സംഭാഷണങ്ങളുടെ
രാഷ്ട്രീയം

 



ന്ന് കേരളീയതയെ അപഗ്രഥിക്കുമ്പോള്‍ വ്യത്യസ്ത ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സ്വാധീനം അതില്‍ പ്രകടമായി കാണാം. ലോകത്തിന്റെ രാഷ്ട്രീയം, കല, ,കളി, സഹിത്യം,ഇവയെക്കുറിച്ചൊക്കെ വാതോരാതെ സംസാരിക്കുന്ന്; റഷ്യയുടെ, ലത്തീന്‍ അമേരിക്കയുടെ, അഫ്രിക്കയുടെ എഴുത്തുകാരെ അടുത്തറിയുന്ന; ജില്ല തോറും രാജ്യാന്തര ചലച്ചിത്രോല്‍സവങ്ങള്‍ സംഘടിപ്പിക്കുന്ന മലയാളി എന്തുകൊണ്ട്‌ ആധുനിക അറബ്‌ കലയോടും സാഹിത്യത്തോടും കുറ്റകരമായ ഉപേക്ഷ പുലര്‍ത്തി എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്‌. അറബ്‌ ഭാഷ ഇസ്ലാമിന്റെ മാത്രം ഭാഷയാണെന്ന അന്ധവിശ്വാസമാകണം ഒരു കാരണം. അങ്ങനെയെങ്കില്‍ അറബ്‌ സാഹിത്യലോകത്തെ ലെജന്റുകളിലൊരാളായ ഖലീല്‍ ജിബ്രാന്‍ മുതല്‍ ഹുദ ബറക്കത്ത്‌ വരെയുള്ള നൂറുകണക്കിന്‌ എഴുത്തുകാര്‍ക്കും സാംസ്കാരിക വ്യക്തിത്വങ്ങള്‍ക്കും ഇടമില്ലാതാകും. ഇവരൊന്നും ജന്മം കൊണ്ടോ ജീവിതം കൊണ്ടോ ഇസ്ലാം മതവുമായി ബന്ധമുള്ളവരല്ല. ഇരുപത്തിരണ്ടോളം രാജ്യങ്ങളിലെ പ്രധാന ഭാഷയായ അറബിക്കും അതിന്റെ സംസ്കാരത്തിനും മറ്റേതു ഭാഷക്കുമുള്ള ബഹുസ്വരതയുണ്ട്‌.

മതാത്മകമായും വിഭാഗീയമായും അറബിഭാഷയെ സമീപിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക്‌ ഈ ഭാഷയെ അടിയറവെച്ചതാണ്‌ കേരളം ഇന്നു നേരിടുന്ന പ്രധാന അപകടങ്ങളിലൊന്ന്. ഇന്ത്യയെ പ്രത്യേകിച്ച്‌ കേരളത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും സ്വാധീനിക്കുന്ന മദ്ധ്യപൂര്‍വ്വദേശങ്ങളുമായി സാംസ്കാരിക വിനിമയങ്ങളില്‍ ഉണ്ടായിട്ടുള്ള വിള്ളല്‍ ഗുരുതരമായ ഒരസന്തുലിതാവസ്ഥ സംജാതമാക്കുന്നുണ്ട്‌. ആധുനിക അറബ്‌ വിചാരലോകവുമായി നേരിട്ട്‌ ഇടപഴകാനുള്ള സാധ്യതയെ അപ്പാടെ നിരാകരിച്ചുകൊണ്ട്‌ ഗള്‍ഫിലെ ലക്ഷക്കണക്കിന്‌ മലയാളികളും അവരുടെ സംഘങ്ങളും കേരളത്തില്‍ നടക്കുന്ന വര്‍ഗ്ഗീയതക്കും മൗലികവാദത്തിനും എതിരെയുള്ള കവലപ്രസംഗങ്ങള്‍ക്ക്‌ കാതോര്‍ക്കുന്നതില്‍ ഒരു ഫലിതമുണ്ട്‌. കടന്നു ചെല്ലാവുന്ന ഏറ്റെടുക്കാവുന്ന വലിയൊരു പ്രവര്‍ത്തനമേഖലയെ ഒന്നാകെ അവഗണിച്ചുകൊണ്ട്‌ വായാടിത്തങ്ങളില്‍ മുഴുകുക നമ്മുടെ എന്നത്തെയും ദീനമാണ്‌.വേദിയിലിരിക്കുന്ന പോലെയല്ല കളത്തിലിറങ്ങിയുള്ള നില്‍പ്പ്‌.

ഗള്‍ഫിലെ ആദ്യകാല പ്രവാസികള്‍ക്ക്‌ അറബി 'അര്‍ബാബ്‌' ആയിരുന്നു. സംസ്കാരത്തെ എത്ര വിപുലമായി നിര്‍വ്വചിച്ചാലും മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങളുടെ, സംഭാഷണങ്ങളുടെ സാധ്യത പരിമിതമാണ്‌. അറബികള്‍ സഹപ്രവര്‍ത്തകരായിട്ടുള്ള മധ്യവര്‍ഗ്ഗ മലയാളികള്‍ക്ക്‌ എങ്ങനെയും അറബിയെ 'ഉപയോഗിക്കുക' എന്ന ഒരു നിലപാടാണ്‌ ഉണ്ടായിരുന്നത്‌. ബന്ധുവിന്‌ ഒരു വിസ, അല്ലെങ്കില്‍ അറബിയെ സ്പോണ്‍സറാക്കി ഒരു ഗ്രോസറി,ഇങ്ങനെ അല്‍ഭുത വേഗത്തില്‍ അറബിക്ക്‌ വിധേയരായി മാറും. പട്ടേലരും വിധേയനും തമ്മിലുള്ള സാംസ്കാരിക വിനിമയം തന്നെ. നമ്മെ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഒരു സുഹൃത്തിനെ നാം പെട്ടെന്ന് തിരിച്ചറിയുന്ന പോലെ ഇത്തരം രാജ്യാന്തര ബന്ധങ്ങളില്‍ ക്രമേണ അറബിയും സംശയാലുവായി.

ഇന്‍ഡോ അറബ്‌ സാംസ്കാരിക സംഭാഷണങ്ങള്‍ക്കുള്ള ഗള്‍ഫ്‌ മലയാളികളുടെ നേതൃത്വത്തിലുള്ള പുതിയ തുടക്കം ഒരു തെറ്റുതിരുത്തലാണ്‌. പഴയവഴികളില്‍ നിന്നുള്ള വിച്ഛേദം. ഇതിന്റെ സാംസ്കാരികവും രാഷ്ട്രീയവുമയ പ്രാധാന്യത്തെക്കുറിച്ച്‌ വരും കാലം സംസാരിക്കും.

comments