ഇന്തോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 2007

യാഥാസ്ഥികമായ സിനിമയും
രാഷ്ട്രീയവും


കരുണാകരന്‍
 

 



സിനിമയുടെ ജീവിതബന്ധം ഏറേ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു സമൂഹമാണ്‌ മലയാളിസമൂഹം. കഴിഞ്ഞ 25 വര്‍ഷത്തെ മലയാളി ജീവിതത്തിന്റെ/പുരുഷജീവിതത്തിന്റെ അടയളം മോഹന്‍ലാല്‍ ആണെന്നാണ്‌.മലയാളിയുടെ സ്വത്വം എന്നു പറഞ്ഞാല്‍ മോഹന്‍ലാലിന്റെ സ്വത്വമാണെന്ന് തെറ്റിദ്ധരിക്കത്തക്ക വിധത്തില്‍ ചലച്ചിത്രം നമ്മുടെ മാധ്യമബോധത്തിന്റെ, കലാബോധത്തിന്റെ അടയാളമായി മാറി. ഇത്‌ വലിയൊരു അബദ്ധത്തിലേക്കും നുണയിലേക്കും ഒരു സമൂഹത്തെത്തന്നെ കൊണ്ടുപോയി. കല്‍പറ്റ നാരായണന്‍ അപ്പുറത്തു കടന്നിട്ട്‌ പറഞ്ഞു മമ്മൂട്ടി ശ്രീരാമനും മോഹന്‍ലാല്‍ ശ്രീകൃഷ്ണനും ആണെന്ന്. ഈ രണ്ടു നടന്മാരും വലിയ അല്‍ഭുതങ്ങളൊന്നും സൃഷ്ടിക്കാത്ത മനസ്സുള്ള ഓരാളാണ്‌ ഞാന്‍. നസറുദ്ദീന്‍ ഷാ മുതല്‍ ഇങ്ങേയറ്റത്തെ പുതിയ നടന്മാരെ വരെ ശ്രദ്ധിച്ച ഒരാളെന്ന നിലയില്‍ ഈ നടന്മാര്‍ മഹാല്‍ഭുതങ്ങളല്ല.

മലയാളിയുടെ സ്വത്വം ചലച്ചിത്രം ശരിക്കും പ്രകടിപ്പിച്ചു എന്നു തോന്നിയ സന്ദര്‍ഭം കഴിഞ്ഞ അമ്പതു വര്‍ഷത്തില്‍, അത്‌ അടൂരിന്റെ എലിപ്പത്തായം ആയിരുന്നു. എന്താണ്‌ അമ്പതു വര്‍ഷത്തെ മലയാളി ജീവിതം? നവോത്ഥാനത്തിനു ശേഷം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കുശേഷം നമ്മുടെ രാഷ്ട്രീയം ഇടത്‌/വലത്‌ ബന്ധങ്ങളിലേക്ക്‌ തിരിയുന്നതിനു മുമ്പേ നമ്മുടെ നാടുവാഴിത്തബന്ധങ്ങളില്‍ നിന്ന് ഫ്യൂഡല്‍ ബന്ധങ്ങളില്‍ നിന്ന് അണുകുടുംബ ബന്ധങ്ങളിലേക്ക്‌ മാറുന്ന ചരിത്രസന്ദര്‍ഭത്തെ ഇത്രയും കലാത്മകമായി ഡോക്യുമന്റ്‌ ചെയ്ത സംഭവം മലയാളിചരിത്രരചനയിലോ രാഷ്ട്രീയരചനയിലോ ഉണ്ടായില്ല. എന്തായിരുന്നു മലയാളിയുടെ സ്വത്വം? പുരുഷ സ്വത്വം? ഏതെല്ലാം പ്രതിസന്ധികളിലൂടെയാണ്‌ കടന്നു പോകുന്നത്‌, എങ്ങനെ ഹീറോ ആവാം? എങ്ങനെയാണ്‌ അയാള്‍ ചരിത്രത്തില്‍ നിന്ന് തെറിച്ചു പോകുന്നത്‌? എങ്ങനെയാണ്‌ ചരിത്രം അയാളെ നായകനായി സ്വീകരിക്കുന്നത്‌? ഇതെല്ലാം... മലയാളിയുടെ സാമൂഹിക ബന്ധങ്ങളെക്കുറിച്ച്‌ വല്ലാതെ ചലിപ്പിച്ച ആവിഷ്കാരങ്ങളുണ്ടായി. പ്രത്യേകിച്ച്‌ അയാളെ കുളത്തിലേക്ക്‌ കൊണ്ടു പോകുന്ന സന്ദര്‍ഭം. അതിന്റെ സംഗീതം അടൂര്‍ എങ്ങനെ ഉപയോഗിച്ചു.. എലിയെ കൊണ്ടു പോകുന്ന സംഗീതം അയാളെ കൊണ്ടുപോകുമ്പോഴും ഉപയോഗിച്ചു. നമ്മള്‍ ശ്രദ്ധിക്കുന്ന മറ്റൊന്ന് ആ പടിപ്പുരയില്‍ എത്തുന്ന ഗള്‍ഫുകാരനായിരുന്നു. അത്തരം സാമൂഹിക സന്ദര്‍ഭങ്ങളെ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്നുണ്ട്‌. എണ്‍പതുകളുടെ തുടക്കത്തില്‍ സാമൂഹിക മാറ്റത്തിലും സാംസ്കാരിക മാറ്റത്തിലും ഗള്‍ഫിന്റെ സ്വാധീനം പോലും അടയാളപ്പെടുത്തിയ സിനിമയായിരുന്നു എലിപ്പത്തായം.

അടൂരിന്റെ സിനിമകളെ സ്നേഹിക്കുകയും അവയോട്‌ വിയോജിക്കുകയും കലഹിക്കുകയും ചെയ്തിട്ടുണ്ട്‌. അടൂര്‍ നിശബ്ദനാകുമ്പോള്‍ വലിയ വെള്ളിത്തിരയുടെ മുന്നില്‍ കോമഡി കാണാന്‍ പോയിട്ടുമുണ്ട്‌. മിക്കവാറും സ്ഥലങ്ങളില്‍ നിന്ന് സുരേഷ്ഗോപിയുടെയും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഇടികൊണ്ട്‌ ഹാളിനു പുറത്തു വന്നിട്ട്‌ ബ്രീത്‌ ഈസി എന്നു പറഞ്ഞിട്ടുമുണ്ട്‌. ശരിയായ സിനിമ നമ്മുടെ ജീവിതത്തെക്കുറിച്ച്‌ എത്രമാത്രം യാഥാസ്ഥിതികമായ കൈകളിലേക്കാണ്‌ ചെന്നു പെട്ടത്‌. മേതില്‍ സൂചിപ്പിച്ച ആധുനികതയുടെ കല - വല്ലാത്ത ആ ദുരന്തം നാം അനുഭവിക്കുന്നു. ചലച്ചിത്രവും രാഷ്ട്രീയവും യാഥാസ്ഥിതികമായിക്കഴിഞ്ഞ ഒരു സമൂഹത്തില്‍ ഒരു കലയെക്കുറിച്ചോ അതിന്റെ സാമൂഹികമാറ്റത്തെക്കുറിച്ചോ വലിയ തീര്‍പ്പുകളിലൊന്നും എത്താന്‍ പറ്റില്ല. ജീവിതത്തിലേക്ക്‌ സിനിമ സഞ്ചരിച്ച ദൂരങ്ങള്‍ അടയാളപ്പെടുത്താന്‍ കഴിയാതെവരുമ്പോള്‍ നാം നമ്മുടെ ജീവിതത്തില്‍ നിന്നു തന്നെ അകന്നകന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്‌. ഇത്‌ വലിയൊരു തോല്‍വിയാണ്‌.എന്തുകൊണ്ടാണ്‌ നമുക്ക്‌ ചലച്ചിത്രം നഷ്ടപ്പെട്ടത്‌?

മുഖാമുഖത്തില്‍ ഞാന്‍ എന്നെത്തന്നെ കാണുന്ന ഒരു സന്ദര്‍ഭമുണ്ട്‌. കലാകാരന്‍ എന്ന നിലയില്‍ വിപ്ലവം നയിച്ച ഒരു നേതാവ്‌ ഒളിവ്ജീവിതം കഴിഞ്ഞ്‌ മടങ്ങിയെത്തുമ്പോള്‍, പഴയ നായകനെ കാണാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളൊക്കെ എത്തുമ്പോള്‍, നമ്മളൊക്കെ സാധാരണ ചെയ്യുക എന്താണ്‌? പുറത്തുവന്ന് എത്രകാലമായി കണ്ടിട്ടെന്ന് പരിചയം പുതുക്കും. എന്നാല്‍ ഈ മനുഷ്യന്‍ പുറത്ത്‌ വന്നിരുന്ന് രണ്ടാമത്തെ മിനിട്ടില്‍ ഉറക്കം തൂങ്ങുകയാണ്‌. നായകന്‍ വലിയ സമൂഹത്തിനു മുന്നില്‍, അയാളെക്കാണാനെത്തിയ വലിയൊരു സംഘത്തിനു മുന്നില്‍ ഉറക്കം തൂങ്ങണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത്‌ ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നല്ല, കലാകാരന്മാരില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്‌. ആ ഭാവന കൊണ്ടുവരുന്ന സന്ദര്‍ഭം, ജീവിതസന്ദര്‍ഭം, ഉറക്കം ഒരു തരം പലായനമാണ്‌. സുഖത്തിലേക്കോ മരണത്തിലേക്കോ ഉള്ള ആദ്യത്തെ ഗൈഡാണ്‌ ഉറക്കം. അത്‌ അവതരിപ്പിക്കുന്നതോടെ ഭാവനയുടേ ഒരു വിസ്ഫോടനം തിരശ്ശീലയില്‍ സഭവിക്കുകയും നമ്മുടെ വലിയൊരു തോല്‍വി പുറത്തേക്ക്‌ ഇട്ടുതരികയും ചെയ്യുന്നു. ഇങ്ങനെ അപൂര്‍വ്വം സന്ദര്‍ഭങ്ങളേ ചലച്ചിത്രത്തില്‍ നിന്ന് ജീവിതത്തില്‍ നിന്ന് നമുക്ക്‌ കിട്ടിയിട്ടുള്ളൂ.
 

comments