ഇന്തോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 2007

സാംസ്കാരിക വിനിമയങ്ങളിലെ
ജനകീയത

കെ ബി മുരളീ
പ്രസിഡണ്ട്, കേരള സോഷ്യല്‍ സെന്റര്‍
അബുദാബി.

 



? ഇന്‍ഡൊ അറബ്‌ സംസ്കാരിക ഉത്സവത്തിന്‌ നേതൃത്വം നല്‍കാന്‍ എങ്ങനെയാണ്‌ കെ.എസ്‌. സി. തീരുമാനിച്ചത്‌?

= അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള പുരോഗമനകാംക്ഷികളായ മലയാളികളുടെ സാംസ്‌കാരിക സംഘടനയാണ്‌. ഏതൊരു സംഘടനക്കും അതിന്റേതായ ഒരു പ്രവര്‍ത്തന അജണ്ടയുണ്ടാകും. പതിവിനു വിപരീതമായി 2006ല്‍ ഒരു തിരഞ്ഞെടുപ്പിലൂടെ ചുമതലയേറ്റ സോഷ്യല്‍ സെന്ററിന്റെ കമ്മിറ്റി പ്രവര്‍ത്തനങ്ങളെ നവീകരിക്കാനും വൈവിധ്യവല്‍കരിക്കാനും ആവശ്യമായ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇന്‍ഡോ അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ആശയം കെ.എസ്‌.സി. കമ്മിറ്റിക്ക്‌ പുറത്തുനിന്നു വന്ന ഒന്നാണ്‌. ഇന്ത്യയും അറബ്‌ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നയതന്ത്രബന്ധങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാവുകയും സംസ്കാരിക വിനിമയങ്ങളില്‍ മുന്നേറാനാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒരസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്‌. ഇങ്ങനെയൊരു പ്രവര്‍ത്തനം ഏറ്റെടുക്കാനുണ്ടായ ഒരു സാഹചര്യം ഇതാണ്‌. ഇക്കാലയളവിനുള്ളില്‍ ഗള്‍ഫിലെ പ്രമുഖ സംസ്കാരിക സംഘടനകള്‍ക്കൊന്നും തന്നെ ശ്രദ്ധിക്കാനോ ഏറ്റെടുക്കാനോ കഴിയാതെ പോയ ഒരു പ്രവര്‍ത്തന മേഖലയാണിത്‌. അതുകൊണ്ടു തന്നെ ആദ്യ ഇന്‍ഡോ അറബ്‌ സാംസ്കാരിക ഉത്സവത്തിന്‌ ചരിത്രപരമായ ഒരു പ്രാധാന്യമുണ്ട്‌. കെ.എസ്‌.സി.യെ പോലെ ഒരു സംഘടനക്ക്‌ ഒറ്റക്ക്‌ ഏറ്റെടുത്ത്‌ വിജയിപ്പിക്കാനാകാത്ത അത്ര ബൃഹത്തായ ഒന്നാണിത്‌. അതുകൊണ്ടുതന്നെ പരമാവധി സാംസ്കാരിക കൂട്ടായമകളെ ഇതുമായി കൂട്ടിയോജിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.അറബ്‌ എഴുത്തുകാരുടെ സംഘടനയായ എമിറേറ്റ്‌സ്‌ റൈറ്റേഴ്‌സ്‌ യൂണിയന്റെ പിന്തുണ എടുത്തുപറയേണ്ട ഒന്നാണ്‌.

? രാജ്യാന്തര സംസ്കാരിക വിനിമയ പരിപാടികള്‍ ഇവന്റ്‌ മാനേജ്‌മന്റ്‌ കമ്പനികള്‍ ഏറ്റെടുത്ത്‌ നടത്തുന്ന പ്രവണതയാണ്‌ ഇന്നുള്ളത്‌. ഇതില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഡൊ അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ സംഘാടനം എങ്ങനെയായിരുന്നു?

= ഗള്‍ഫില്‍ സ്വന്തമായ കെട്ടിടങ്ങളും മനുഷ്യവിഭവശേഷിയും മറ്റു ഭൗതികസൗകര്യങ്ങളുമുള്ള നിരവധി അംഗീകൃത സംഘടനകളുണ്ട്‌. എന്നാല്‍ കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പലര്‍ക്കും കഴിയാതെ വരുന്നു. . ഈ അവസ്ഥക്ക്‌ ഒരു മാറ്റം വരുത്തിക്കൊണ്ടാണ്‌ ഇന്‍ഡൊ അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റിന്‌ നേതൃത്വം നല്‍കാന്‍ അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ തീരുമാനമെടുത്തത്‌. അബുദബിയിലും ദുബായിലുമായി സ്വാഗതസംഘം രൂപീകരിക്കുന്നതിലേക്ക്‌ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും എന്ന നിലയില്‍ മുന്നൂറോളം വ്യക്തികളെ ക്ഷണിക്കുകയും നൂറുപേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു. . കെ.എസ്‌.സി പ്രസിഡന്റ്‌ എന്ന നിലയില്‍ ഞാന്‍ ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി ചെയര്‍മാന്റെയും കെ.എസ്‌.സി. സാഹിത്യവിഭാഗം സെക്രട്ടറി മാമന്‍ കെ രാജന്‍ ജനറല്‍ കണ്‍വീനറുടെയും സര്‍ജു ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററുടെയും ചുമതലകള്‍ നിര്‍വഹിച്ചു. ഡോ. കെ.എം. അബ്ദുല്‍ ഖാദറും മെഹ്‌റൂഫും ദുബായില്‍ രൂപീകരിച്ച സ്വാഗതസംഘത്തിന്‌ നേതൃത്വം നല്‍കി. അറബ്‌ എഴുത്തുകാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ഹാറെബ്‌ അല്‍ ദാഹെരി സജീവമായി പ്രവര്‍ത്തിച്ചു.

ഇന്‍വിറ്റേഷന്‍, റിസപ്‌ഷന്‍, പ്രോഗ്രാം, പബ്ലിസിറ്റി, മീഡിയ, രെജിസ്ട്രേഷന്‍, ഡോക്ക്യുമെന്റേഷന്‍, വിസ പ്രോസസ്സിംഗ്‌, ഫുഡ്‌, അക്കോമെഡേഷന്‍, ട്രാന്‍സ്പോര്‍ട്ട്‌, പുസ്തകപ്രദര്‍ശനം, ഫിലിം സ്ക്രീനിംഗ്‌ ആന്‍ഡ്‌ ആര്‍ട്ട്‌ എക്സിബിഷന്‍ ഇങ്ങനെ പന്ത്രണ്ടോളം ഉപ വിഭാഗങ്ങള്‍ക്ക്‌ പ്രത്യേക ചുമതലക്കാരും കമ്മിറ്റികളുമുണ്ടായിരുന്നു. മൂന്നാമിടം കള്‍ച്ചറല്‍ ട്രസ്‌, ശക്തി തിയേറ്റേഴ്‌സ്‌, യുവകലാസാഹിതി, യു.എ.ഇ. മലയാളം ബ്ലോഗേഴ്‌സ്‌, കൈരളി കള്‍ച്ചറല്‍ ഫോറം, ഫ്രണ്ട്സ്‌ ഒഫ്‌ ശാസ്ത്ര സാഹിത്യ പരിഷത്ത്‌, അരങ്ങ്‌ സാംസ്കാരിക വേദി, തിരുമുറ്റം ഷാര്‍ജ തുടങ്ങി നിരവധി സംഘടനകള്‍ ഈ പ്രവര്‍ത്തനങ്ങളെ ചെറുതും വലുതുമായ രീതിയില്‍ പിന്തുണച്ചു. വലിയ ഒരാള്‍ക്കൂട്ടം ഒരുമിച്ച്‌ നടത്തുന്ന സാംസ്കാരിക പ്രവര്‍ത്തനത്തിന്‌ സവിശേഷമായ ഒരു രാഷ്ട്രീയ മാനമുണ്ട്‌.

എടുത്തുപറയേണ്ടത്‌ യു.എ.ഇ. ലെ ഇന്ത്യന്‍ അംബാസഡര്‍ ചന്ദ്രമോഹന്‍ ഭണ്ഡാരിയുടെ ഭാഗത്തു നിന്നുണ്ടായ വലിയ പിന്തുണയാണ്‌. വളരെക്കാലമായി അദ്ദേഹം ആഗ്രഹിക്കുന്ന ഒരു കാര്യം പ്രായോഗിക രൂപത്തില്‍ വന്നതിന്റെ ആഹ്ലാദം പങ്കിടുകയും അറബ്‌ റൈറ്റേഴ്‌സ്‌ യൂണിയന്‍ ചെയര്‍മാന്‍ ഹാറെബ്‌ അല്‍ ദാഹിരിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി ഈ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എംബസിയുടെ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്‌.

ഏഴു ദിവസങ്ങളിലായി അബുദാബി നാഷണല്‍ തിയേറ്റര്‍, കേരള സോഷ്യല്‍ സെന്റര്‍, എമിറേറ്റ്‌സ്‌ റൈറ്റേഴ്‌സ്‌ യൂണിയന്‍ ഹാള്‍, ദുബായ്‌ ഇന്ത്യന്‍ കൗണ്‍സുലേറ്റ്‌ ഹാള്‍ എന്നിങ്ങനെ നാലു വേദികളിലായി അമ്പതു മണിക്കൂര്‍ നീണ്ട പരിപാടികളാണ്‌ നടന്നത്‌. കുട്ടികള്‍ക്കായുള്ള അഞ്ചു ദിവസത്തെ നാടകക്കളരിയും മൂന്നു ദിവസത്തെ ഫിലിം ഫെസ്റ്റിവലും അനുബന്ധമായി നടന്നു.

ഏറ്റവും വലിയ പങ്കാളിത്തം അറബ്‌ എഴുത്തുകാരുടെയും ചലച്ചിത്രകാരന്മാരുടെയും ഭാഗത്തു നിന്നായിരുന്നു. ക്ഷണിച്ച, പ്രോഗ്രാമില്‍ പേരു ചേര്‍ത്ത 26 പേരില്‍ 23 പേര്‍ പങ്കെടുത്തു. യു.എ.ഇ.ക്ക്‌ പുറത്തു നിന്ന് പത്തുപേരും വിവിധ സെഷനുകളിലായി യു.എ.ഇ.ല്‍ നിന്നുള്ള നാല്‍പതു പേരും പങ്കെടുത്തു. നാടകം, സംഗീതം,നാടന്‍ കലാരൂപങ്ങള്‍, ഇങ്ങനെ ഒരാഴ്ചനടന്ന വിവിധ കലാപരിപാടികളിലായി എമ്പതോളം ആളുകള്‍ പങ്കെടുത്തു. എഴുത്തുകാരും കലാപ്രവര്‍ത്തകരും എന്ന നിലയില്‍ നൂറ്റമ്പതിലധികം ആളുകളാണ്‌ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ വേദി പങ്കിട്ടത്‌

? കള്‍ച്ചറല്‍ ഫെസ്റ്റിന്റെ പ്രധാന പ്രതികരണം ഇതൊരു പത്തുവര്‍ഷം മുമ്പെങ്കിലും ആരംഭിക്കേണ്ടതായിരുന്നു എന്നാണ്‌. എന്തുകൊണ്ടാണ്‌ നമുക്കിങ്ങനെയൊന്ന് ഇതുവരെ കഴിയാതെ പോയത്‌?

= ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഇതുപോലൊരു സാംസ്കാരിക ഉത്സവം സംഘടിപ്പിക്കാനാവില്ല. അതിന്‌ ആവശ്യമായ ഒരന്തരീക്ഷം ഉണ്ടായി വരേണ്ടതുണ്ട്‌. നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ യു.എ.ഇ.ല്‍ അങ്ങനെയൊരു സാംസ്കാരിക അന്തരീക്ഷം സംജാതമായിട്ടുണ്ട്‌. മറ്റു പല ഗള്‍ഫ്‌ രാജ്യങ്ങളിലും ഇങ്ങനെയൊന്ന് ഇനിയും സാധ്യമായിട്ടില്ല.

? നമ്മുടെ എഴുത്തുകാരും അറബ്‌ എഴുത്തുകാരും തമ്മിലുള്ള interactionന്റെ കാര്യത്തില്‍ ഈ ഫെസ്റ്റിവലിനെ എങ്ങനെയാണ്‌ വിലയിരുത്തുന്നത്‌?

= എഴുത്തുകാര്‍ മാത്രം പങ്കെടുത്ത ഒരു ഫെസ്റ്റിവലായിരുന്നില്ല. സിനിമകളുടെയും സിനിമാ സംവിധായകരുടെയും അഭിനേതാക്കാളുടെയുമൊക്കെ സാന്നിധ്യം വലുതായിരുന്നു. നാടകങ്ങളും അത്‌ സംബന്ധിയായ ചര്‍ച്ചകളും ഉണ്ടായിരുന്നു. പെയിന്റിംഗ്‌ ആര്‍ട്ട്‌ ഫോട്ടോഗ്രാഫി ഇതൊക്കെ നാമമാത്രമായിരുന്നെങ്കിലും പ്രത്യേക വിഭാഗമായി പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞു. സ്ത്രീ പ്രശ്നങ്ങളുള്‍പ്പെടെ പ്രധാന സമൂഹിക വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും സംവാദങ്ങളും നടന്നു. ഇ. എഴുത്ത്‌ പോലുള്ള പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. രാജ്യാന്തര ബന്ധങ്ങളുടെ നയതന്ത്ര തലം രാഷ്ട്രീയം വ്യാപാരബന്ധങ്ങള്‍ ഇതിനെയൊക്കെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അളുകള്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. അതായത്‌ സംസ്കാരം എന്നാല്‍ കലയും സാഹിത്യവും മാത്രമാണെന്നുള്ള രീതിയിലുള്ള ഒരു സമീപനമായിരുന്നില്ല.



മേതില്‍ രാധാകൃഷ്ണനെ വായിച്ചിട്ടില്ലാത്ത ഒരാള്‍ക്ക്‌ അദ്ദേഹവുമായി എന്ത്‌ interaction ആണ്‌ സാധ്യമാവുക? ആദ്യ ഇന്‍ഡൊ അറബ്‌ സംസ്കാരിക ഉത്സവം എന്ന നിലയില്‍ അറബ്‌ എഴുത്തുകാരെയും എഴുത്തിനെയും സിനിമയെയും ചലച്ചിത്രപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഒക്കെ പരിചയപ്പെടുന്ന ഒരവസരമായിട്ടാണ്‌ ഇതിനെ കാണേണ്ടത്‌. വിപുലമായ പരിചയങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ അര്‍ത്ഥവത്തായ സംവാദങ്ങള്‍ സാധ്യമാകൂ. യു.എ.ഇ. ന്യൂ മീഡിയയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന നുജൂം അല്‍ ഘാനിമിനെപ്പോലെ രാജ്യാന്തര പ്രശസ്തിയുള്ള അറബ്‌ എഴുത്തുകാരികള്‍ ഇന്‍ഡൊ അറബ്‌ ഫെസ്റ്റിന്റെ വേദികളിലേക്ക്‌ വരുന്നതു തന്നെ വലിയ പിന്തുണയാണ്‌. അതുപോലെ തന്നെ എമിറേറ്റ്‌സ്‌ റൈറ്റേഴ്‌സ്‌ യൂണിയന്‍ ഹാളില്‍ നടന്ന അറബ്‌ കഥകളുടെയും അവയുടെ മലയാള വിവര്‍ത്തനങ്ങളുടെയും അവതരണം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു പരിപാടിയായിരുന്നു. പ്രശസ്ത അറബ്‌ കഥാകൃത്ത്‌ നാസര്‍ അല്‍ ദാഹിരിയുടെ 'ഇത്തിഹാദ്‌ ഖലീജ്‌ അല്‍ബയാന്‍' എന്ന കഥ ട്രാഫിക്‌ സിഗ്‌നലില്‍ പേപ്പര്‍ വില്‍ക്കുന്ന മലയാളി ചെറുപ്പക്കാരന്റെ അപകടമരണത്തെ മുന്‍നിര്‍ത്തിയായിരുന്നെങ്കില്‍ , ഇബ്രാഹിം മുബാറക്കിന്റെ 'ശൈത്യം' എന്ന കഥ കേരളത്തിന്റെ തീരദേശത്തു നിന്നു വന്ന ഗള്‍ഫില്‍ മീന്‍പിടുത്തക്കാരനായി ജോലി ചെയ്യുന്ന ഒരാളുടെ ഒറ്റപ്പെട്ട ജീവിതത്തെ പ്രമേയമാക്കുന്നതാണ്‌. ഗല്‍ഫിലെ മലയാളി ജീവിതത്തെ നിരവധി വര്‍ഷങ്ങള്‍ക്ക്‌ മുന്നേ അറബ്‌ എഴുത്തുകാര്‍ പ്രമേയമാക്കി എന്നതിനപ്പുറം കഥകള്‍ അവയുടെ മികവുകൊണ്ട്‌ ശ്രദ്ധനേടുകയായിരുന്നു. ഗള്‍ഫിലുള്ള മലയാളികളുടെ എഴുത്തിനും വിചാരമേഖലകള്‍ക്കും ഏറെ മുമ്പെയാണ്‌ അറബികളുടെ സഞ്ചാരം എന്ന സത്യം കഥകള്‍ കേട്ടിരുന്ന സാറാ ജോസഫും മേതില്‍ രാധാകൃഷ്ണനും തുറന്നു പറഞ്ഞു.

തയാറാക്കിയത്: കെ. വി. മണികണ്ഠന്‍

comments