വിദേശത്ത് ജീവിക്കുന്ന മലയാളി എഴുത്തുകാരുടെയും കലാകാരന്മാരുടെയും
സാംസ്കാരികപ്രവര്‍ത്തകരുടെയും വ്യത്യസ്തമായ ഒരു കൂട്ടായ്മ എന്ന നിലയില്‍
സവിശേഷമയ സാംസ്കാരിക സ്ഥലം അടയാളപ്പെടുത്തിയ മൂന്നാമിടം ഏഴാമത്
വര്‍ഷത്തിലേക്ക് കടക്കുകയാണ്. പ്രതീക്ഷിച്ചതിലും അല്‍പം വൈകിയ
ഇ.ആഴ്ചപ്പതിപ്പിന്റെ അമ്പതാം ലക്കത്തില്‍ ഈ കുറിപ്പ് ചേര്‍ക്കുന്നത്
പിന്നിട്ട വഴികളിലേക്കുള്ള നോട്ടം എന്ന നിലയ്ക്കാണ്.

യു.എ.ഇ.ലും കുവേറ്റിലുമുള്ള മലയാള കവികളുടെ തെരഞ്ഞെടുത്ത കവിതകള്‍ കെ.
സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത് പ്രവാസത്തിന്റെ മുദ്രകള്‍ എന്ന പഠനത്തോടെ
പ്രസിദ്ധീകരിച്ചപ്പോള്‍ പുസ്തകത്തിന് നല്‍കിയ പേരാണ് മൂന്നാമിടം എന്നത്.
നിരന്തര സംഘര്‍ഷവും വൈരുദ്ധ്യജടിലതയും നിറഞ്ഞ ഒരു മൂന്നാമിടമാണ്
വിദേശവാസികളുടേത് എന്നത് ഹോമിഭാഭയുടെ ഒരാശയമാണ്. ഒരുവശത്ത് ഒരു
പ്രാദേശിക സംസ്കാരത്തിന്റെ ഭൗതിക ഉല്‍പന്നമായ ശരീരത്തിന്റെ യാഥാര്‍ത്ഥ്യം.
മറുഭാഗത്ത് ആഗോളാനുഭവത്തിന്റെ. സാംസ്കാരിക ഉപപാഠമായ മനസ്സിന്റെ
അമൂര്‍ത്തവല്‍കരനം. ഇവ ഇടഞ്ഞും ഇണങ്ങിയും കഴിയുന്ന മറ്റൊരിടം(third space).
മൂന്നാമിടത്തെ തന്റെ പഠനത്തില്‍ സച്ചിദാനന്ദന്‍ ഇങ്ങനെയാണ്
വിശദീകരിച്ചത്. വിട്ടുപോന്ന ദേശത്തിനും വന്നുചേര്‍ന്ന ദേശത്തിനും
അപ്പുറമുള്ള ഒരു സ്ഥലം.
2002 ജനുവരിയില്‍ ഗള്‍ഫില്‍ നിന്ന് ഒരു ഇലക്ട്രോണിക് മാസിക
ആരംഭിച്ചപ്പോള്‍ അതിന് മൂന്നാമിടം എന്ന പേര് നല്‍കാന്‍ പൊതു
അഭിപ്രായമുണ്ടായി. മലയാളിയുടേ സൈബര്‍സ്ഥലം അന്ന് സ്വയം
പ്രദര്‍ശനത്തിന്റെയും ആത്മരതിയുടെയും ജംഗ്‌യാര്‍ഡുകളായിരുന്നു. കലയുടെയും
സംസ്കാരത്തിന്റെയും ഒരു പൊതുഇടം നിര്‍മ്മിച്ചുകൊണ്ട് മൂന്നാമിടം ഇതിനെ
തിരുത്തി. അരാഷ്ട്രീയത്തില്‍ നിന്നും പൈങ്കിളി രാഷ്ട്രീയത്തില്‍ നിന്നും
വേര്‍തിരിച്ചു നിര്‍ത്തി. ഒന്നിന്റെയും പരസ്യപ്പലക ആകാതെ രണ്ടായിരം വെബ്
പേജുകളും ഇരുപത്തയ്യായിരം ഹിറ്റുകളുമായി അത് സൈബര്‍ സ്പേസിലെ മലയാളത്തിന്
യുവത്വം നല്‍കി. മുഖ്യധാരാപ്രസിദ്ധീകരണങ്ങള്‍ നാലുനേരം പാലും പഴവും
നല്‍കുന്ന കടലാസു പക്ഷികളെ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ഇതര ദേശക്കാരായ
പ്രവാസികളുമായും ആധുനിക അറബ് സമൂഹവുമായും വിനിമയം സാദ്ധ്യമാക്കുന്നതില്‍
ശ്രദ്ധിച്ചു.
മാധ്യമവ്യാപാരികള്‍ സംപ്രേക്ഷണസമയം മൗലികവാദികള്‍ക്ക് പാട്ടം
കൊടുക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സങ്കീര്‍ണ്ണമായ ഘട്ടത്തില്‍ ഗള്‍ഫിലെ
എഴുത്തുകാരുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും കേരളീയ ഇടപെടലുകള്‍ക്ക്
കരുത്ത് നല്‍കുന്നതിനുവേണ്ടി ഡി. വിനയചന്ദ്രന്‍ എഡിറ്ററായി സംഭാഷണം
ദ്വൈമാസിക ആരംഭിച്ചു. ഇതിനായി 2003ല്‍ ഗള്‍ഫിലെ എഴുത്തുകാരും സാംസ്കാരിക
പ്രവര്‍ത്തകരുമായ ഇരുപത്തഞ്ചോളം വ്യക്തികളെ ഉള്‍പ്പെടുത്തി മൂന്നാമിടം
സംസ്കാരിക ട്രസ്റ്റ് രൂപീകരിച്ചു. പരസ്യങ്ങള്‍ കോര്‍ത്തിണക്കിയുള്ള
സുവനീര്‍ സാഹിത്യത്തിനും ഗള്‍ഫ് മണിപ്രവാളഭാഷയ്ക്കും കപടഗൃഹാതുരതയ്ക്കും
മാറ്റം വരുത്തുകയും കരാര്‍ ജോലിക്കാര്‍ എന്ന നിലയ്ക്കുള്ള വിദേശജീവിതത്തെ
കൃത്യമായ രാഷ്ട്രീയപ്രശ്നം എന്ന നിലക്ക് ഉന്നയിക്കാന്‍ ശ്രമിക്കുകയും
ചെയ്തു.
ജനങ്ങള്‍ വിദേശ തൊഴില്‍ജീവിതം സ്വയം തെരഞ്ഞെടുക്കുന്ന ഒന്നാണെന്നും അതിന്
അവരുടെ ജന്മനാട്ടിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഒരു
പങ്കുമില്ലെന്ന വികലധാരണകള്‍ ഇന്നും തിരുത്തപ്പെട്ടിട്ടില്ല. പ്രവാസം,
ഭരണകൂടങ്ങള്‍ക്ക് അനഭിമതരെന്ന നിലയിലായാലും അഭയാര്‍ത്ഥികള്‍ എന്ന
നിലയിലായാലും കരാര്‍തൊഴിലാളികള്‍ എന്ന ഗണത്തിലായാലും വ്യക്തമായും
രാഷ്ട്രീയപ്രശ്നമാണ്. ഈ നിലക്കുള്ള സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും
പഠനങ്ങള്‍ക്കും സംഭാഷണം തുടക്കമിട്ടു. അഞ്ചുലക്കങ്ങളായി
പ്രസിദ്ധീകരിക്കപ്പെട്ട അഞ്ഞൂറോളം പേജുകളിലൂടെ നൂറിലേറെ ആധുനികരും
സമകാലികരുമായ അറബ് എഴുത്തുകാരേയും കലാകാരന്മാരേയും മലയാളത്തിന്
പരിചയപ്പെടുത്തി. അറബിഭാഷയേയും സംസ്കാരത്തെയും മതാത്മകമായി മാത്രം
നോക്കിക്കാണുകയും വിഭാഗീയമായി സമീപിക്കുകയും ചെയ്തിരുന്ന പൊതുസ്ഥിതിക്ക്
ഒരു വിഛേദം ഉണ്ടാക്കി.

ഇന്തോ അറബ് സാംസ്കാരിക വിനിമയങ്ങളില്‍ ഒരു ദിശാമാറ്റം കുറിച്ചുകൊണ്ട്
ഷാര്‍ജയിലും ദുബായിലും അബുദാബിയിലുമൊക്കെ ഇന്തോ അറബ് സാംസ്കാരിക
സംഭാഷണങ്ങള്‍ക്കുള്ള പൊതുപരിപാടികള്‍ സംഘടിപ്പിച്ചു. യു.എ.ഇ.
ഹ്രസ്വസിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദര്‍ശനങ്ങളും അറബ്
ചലച്ചിത്രപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകളും നടന്നു. ഈ
പ്രവര്‍ത്തനങ്ങളില്‍ അറബ് എഴുത്തുകാര്‍ക്കൊപ്പം അറബ് സാംസ്കാരിക
സ്ഥാപനങ്ങള്‍, അറബ് റൈറ്റേഴ്‌സ് യൂണിയന്‍, അറബ് മാധ്യമങ്ങള്‍, ഇങ്ങനെ
വ്യത്യസ്ത തലങ്ങളിലുള്ള പിന്തുണ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ മലയാള
കവിതകളുടെ ഒരു സമാഹാരം അറബിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അറബ്
കവിതയ്ക്ക് മലയാള സമാഹരങ്ങള്‍ വന്നു. യു.,എ.ഇ. സാംസ്കാരിക വകുപ്പ്
ഇന്ത്യന്‍ എഴുത്തുകാരെ അതിഥികളായി ക്ഷണിക്കാന്‍ തീരുമാനിച്ചത് ഈ
പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച മറ്റൊരു അംഗീകാരമായി.
ഒരു പാര്‍ട്ട് ടൈം ജീവനക്കാരന്‍ പോലുമില്ലാതെ 100 പേജുള്ള ഒരു മാസികയുടെ
പ്രീപ്രസ്സ് ജോലികള്‍ മുഴുവന്‍ ഗള്‍ഫിലിരുന്ന് കൊണ്ടു തന്നെ ചെയ്യാന്‍
കഴിഞ്ഞത് പ്രസാധനത്തെ കൂട്ടായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാക്കി
മാറ്റിയെങ്കിലും വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങള്‍ സംഭാഷണം
തുടര്‍ന്നുകൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു.
ഇതിനെത്തുടര്‍ന്നാണ് 2006 ജനുവരിയില്‍ മൂന്നാമിടം ഇ. ആഴ്ചപ്പതിപ്പ്
ആരംഭിച്ചത്. കലയ്ക്കും സാഹിത്യത്തിനും വേണ്ടിയുള്ള ലോകഭാഷയിലെ ആദ്യത്തെ
ഇലക്ട്രോണിക് ആഴ്ചപ്പതിപ്പായി മൂന്നാമിടം അടയാളപ്പെടുത്തപ്പെട്ടു. മലയാള
ഭാഷ മരിക്കുന്നു എന്ന് വൃദ്ധരായ സാഹിത്യകാരന്മാരുടെ നിലവിളികള്‍ ശമിക്കാത്ത
ഒരു ഘട്ടത്തില്‍ മലയാളം നേടുന്ന ഈ ബഹുമതി ഭാഷാചരിത്രത്തിലെ ഒരു
നാഴികക്കല്ലാണ്. ദീര്‍ഘപാരമ്പര്യമുള്ള മലയാളത്തിലെ പല ആഴ്ചപ്പതിപ്പുകളേയും
നിലവാരത്തിന്റെ കാര്യത്തില്‍ മൂന്നാമിടം പിന്നിലാക്കി. സംഭാഷണം പ്രധാനമായും
ഗള്‍ഫിലെ എഴുത്തുകാരെ കൂട്ടി ഇണക്കുകയണ് ചെയ്തതെങ്കില്‍ ഇ.
ആഴ്ചപ്പതിപ്പില്‍ അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന മലയാളി
എഴുത്തുകാരുടെ സാന്നിദ്ധ്യം ശ്രദ്ധ നേടിയതോടെ ഭൂഖണ്ഡങ്ങളെ കൂട്ടി ഇണക്കുന്ന
ഒരു ഇ. സ്ഥലം ഉണ്ടായി വന്നു.
മൂന്നാമിടം പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായ പ്രധാന വിമര്‍ശനം അത് പരിമിതമായ
ഒരു വൃത്തത്തില്‍ ഒതുങ്ങുന്നു എന്നതാണ്. ഇ. ആഴ്ചപ്പതിപ്പിന്റെ ഒരു
ലക്കത്തിനും 600 ഹിറ്റിനപ്പുറം ഉണ്ടായിട്ടില്ല. ശരാശരി 500 ആളുകള്‍
കാണുന്നു എന്നതിന് ഒരുറപ്പുമില്ല. പരസ്യത്തിനായിപ്പോലും മറ്റു
മാധ്യമങ്ങളുടെ സ്ഥലം ഉപയോഗിക്കേണ്ടതില്ല എന്ന നിലപാട് ഈ അവസ്ഥക്ക് ഒരു
കാരണമാണ്. വരും കാലങ്ങളില്‍ അത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക്
എത്തിക്കുന്നതിനുവേണ്ടിയാണ് വാര്‍ഷികപ്പതിപ്പ് ഇറക്കുന്നതിനു മുമ്പ്
അറബ് എഴുത്തുകാരുടെ യൂണിയനേയും ഗള്‍ഫിലെ സാംസ്കാരിക സംഘടനകളേയും കൂട്ടി
യോജിപ്പിച്ചുകൊണ്ട് ഇന്തോ അറബ് സാംസ്കാരിക ഉത്സവം സംഘടിപ്പിക്കാന്‍
തീരുമാനിച്ചത്. ഇതിലേക്ക് ഗള്‍ഫിലെ വിവിധ സംഘടനകളുമായി സംസാരിച്ചെങ്കിലും
ഇങ്ങനെ ഒരാശയം വിജയിപ്പിക്കാന്‍ കഴിയും എന്ന വിശ്വാസം
പലര്‍ക്കുമുണ്ടായില്ല. വേണ്ടി വരുന്ന ഭീമമായ സാമ്പത്തിക ചെലവ് മറ്റൊരു
പ്രശ്നമായി. അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഇതിന്റെ നേതൃത്വം
ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ ഇക്കാര്യത്തില്‍ ഒരു വഴിത്തിരിവുണ്ടായി.
എഴുത്തുകാരുടെയും കലാപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പങ്കാളിത്തം കൊണ്ടും
പരിപാടികളുടെ വൈവിധ്യം കൊണ്ടും ഇന്തോ അറബ് സാംസ്കാരിക ഉത്സവം
പ്രതീക്ഷകള്‍ക്കപ്പുറമുള്ള ഒരു വിജയമായി. അത് സൃഷ്ടിക്കാനിടയുള്ള
മാറ്റങ്ങള്‍ ഇവിടെ ഉപന്യസിക്കുന്നില്ല. അതിനെ 2007 അടയാളപ്പെടുത്തുക തന്നെ
ചെയ്യും

മാറിയ സാഹചര്യത്തില്‍ മൂന്നാമിടത്തിന് പല പുതിയ ചുമതലകളും ഏറ്റെടുക്കേണ്ടി
വരുന്നു. ഒരു തുടര്‍ പുസ്തകമെന്ന നിലയില്‍ സംഭാഷണത്തിന്റെ പ്രസിദ്ധീകരണം,
വിവര്‍ത്തനപരമ്പരയുടെ ഒരു പ്രോജക്ട്, ഇതിനോടകം അറബ് സുഹൃത്തുക്കളുടെ
ഭാഗത്ത് നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള നിരവധി നിര്‍ദ്ദേശങ്ങളും
പരിഗണിക്കേണ്ടതുണ്ട്. ചിത്രകാരന്മാര്‍, ശീല്‍പികള്‍, കവികള്‍,
കഥാകൃത്തുക്കള്‍, നിരൂപകര്‍, വിവര്‍ത്തകര്‍, നടീനടന്മാര്‍,
മാധ്യമപ്രവര്‍ത്തകര്‍, ഗള്‍ഫ് സംസ്കാരികസംഘടനകളുടെ നേതൃശ്രേണിയിലുള്ളവര്‍,
വിവിധമേഖലകളിലെ പ്രൊഫഷണലുകള്‍, ഇങ്ങനെ മൂന്നാമിടം കൂട്ടായ്മക്ക്
ആഹ്ലാദകരമായ ഒരു വൈവിദ്ധ്യമുണ്ട്. എന്നാല്‍ മൊത്തം അളുകളുടെ എണ്ണം
നാല്‍പതു കവിയില്ല. വിദേശത്തെ തൊഴില്‍, വ്യക്തിജീവിതം, കുടുംബജീവിതം,
സ്വന്തം കലാപ്രവര്‍ത്തനങ്ങള്‍, ഇവക്കിടയില്‍ നിന്ന് സമാഹരിക്കുന്ന സമയവും,
സ്വന്തം വരുമാനത്തില്‍ നിന്നുള്ള ചെറിയൊരു പങ്കും മൂന്നാമിടത്തിനായി
മാറ്റിവെക്കുന്നവരാണ് എല്ലാവരും.
ഇപ്പോള്‍ മൂന്നാമിടത്തിന്റെ അണിയറയിലുള്ള ദീര്‍ഘമായ പ്രവര്‍ത്തന പരിചയമുള്ള
ചിലരെയെങ്കിലും പുതിയ ചുമതലകളിലേക്ക് മാറ്റേണ്ടതുണ്ട്. ഇ.
ആഴ്ചപ്പതിപ്പുമായി സാങ്കേതിക തലത്തിലും രൂപകല്‍പനയിലും സഹകരിക്കാന്‍
സന്നദ്ധതയുള്ള സുഹൃത്തുക്കളെ ഞങ്ങള്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
നിങ്ങളുടെ സര്‍ഗ്ഗാത്മകതയുടേയും സമയത്തിന്റേയും ചെറിയ ദാനങ്ങളെ ഞങ്ങള്‍
സമാഹരിക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യാവസ്ഥകളേയും അരുചികളേയും കൂടുതല്‍
മെച്ചപ്പെട്ടതാക്കാന്‍ അതു സഹായിക്കും എന്ന വിശ്വാസത്തോടെ....
പ്രവര്‍ത്തകര്‍,
മൂന്നാമിടം കള്‍ച്ചറല്‍ ട്രസ്റ്റ്
comments