ഇന്തോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 2007

ഗള്‍ഫ്‌ ബഹുദേശീയതയും
സംസ്കാരങ്ങളുടെ വൈവിധ്യവും

സക്കറിയ

 


ദേശീയതയുടെ ബാഹുല്യമാണ്‌ ബഹുദേശീയത. ദേശീയത എന്നു പറയുന്നത്‌ ഒരു പ്രത്യേക ദേശത്ത്‌ വസിക്കുന്നവരുടെ മനശാസ്ത്രമാണ്‌. ജീവിതത്തോടും രാഷ്ട്രീയത്തോടും അയല്‍പക്കങ്ങളോടും പരസ്പരവുമുള്ള സമീപനങ്ങളുടെ ആകെത്തുകയാണ്‌. ഭാഷ ഭക്ഷണം വസ്ത്രം സംഗീതം കല മതം തുടങ്ങിയവയിലൂടെ രൂപപ്പെട്ടുവരുന്നത്‌. എന്നാല്‍ രാജ്യസ്നേഹം പലപ്പോഴും അതത്‌ സമയത്തെ ഭരണകൂടങ്ങളുടെ സൃഷ്ടിയാവുകയും ഫാഷന്‍ എന്ന മട്ടില്‍ പ്രചരിക്കുകയും ചെയ്യും. വളരെ ദയനീയമായി നയിക്കപ്പെടുന്ന ഇടങ്ങളില്‍പ്പോലും ഈ വിധത്തിലുള്ള രാജ്യസ്നേഹം കാണാം. കാരണം ഭരണകൂടങ്ങള്‍ക്ക്‌ പൗരനെ ചങ്ങലയിട്ട്‌ നിര്‍ത്താന്‍ ആവശ്യമുള്ള കാര്യങ്ങളില്‍ ഒന്നാണ്‌ ദേശസ്നേഹം. ഇത്‌ സ്വാഭാവികമായി ഉണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും ദേശീയതയും ദേശസ്നേഹവും കൂടിക്കുഴഞ്ഞ്‌ കിടക്കുന്നതു കാണാം.

ചരിത്രപരമായി പറഞ്ഞാല്‍ ഏകദേശീയ സ്വഭാവമുള്ള നിരവധി രാഷ്ട്രങ്ങളുണ്ട്‌. എന്നാല്‍ യു.എ.ഇ. പോലുള്ള രാജ്യങ്ങള്‍ ബഹുദേശീയതയുടെ സമാഹാരമാണ്‌. ഇസ്രായേല്‍ അടിസ്ഥാനപരമായി യൂറോപ്പില്‍നിന്നു തൊട്ട്‌ കൊച്ചിയില്‍ നിന്നുവരെ പോയ യഹൂദന്മാരുടെ സമൂഹമാണെങ്കില്‍ പോലും വളരെ സങ്കുചിതമായ രീതിയില്‍ ഒരു ഏകദേശീയത നിര്‍മ്മിച്ചെടുത്തിട്ടുള്ള രാജ്യമാണ്‌. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് വന്നിട്ടുള്ളവര്‍ക്ക്‌ അവരുടെ സ്വന്തം സംസ്കാരം നിലനിര്‍ത്താനും അതനുസരിച്ച്‌ ജീവിക്കാനുമുള്ള ഒരു സംസ്കാരം ഇസ്രായേലിലുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഭാഷാപരമായും സംസ്കാരികമായിട്ടും ഇസ്രായേല്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ള ഏകദേശീയതക്ക്‌ സമാനമയ സാഹചര്യങ്ങളാണ്‌ ജര്‍മ്മനി ഭൂട്ടാന്‍ പോലുള്ള രാജ്യങ്ങളിലുമുള്ളത്‌. ഇവിടെ ഒരേ ഭാഷാസ്വഭാവവും സാംസ്കാരിക സ്വഭാവവും രാഷ്ട്രീയ സ്വഭാവവും പ്രകടമായി കാണാം. അതേ സമയം ഇന്‍ഡ്യ ബഹുദേശീയതകളുടെ ഒരു രാഷ്ട്രമാകുന്നു. അതിനുള്ളിലെ കേരളീയര്‍ എന്ന ഒരു അടിസ്ഥാന ഘടകമെടുത്ത്‌ പരിശോധിച്ചാല്‍ കൊങ്കിണികള്‍ തമിഴര്‍ കന്നടക്കാര്‍ ഇങ്ങനെ നിരവധി ഉപദേശീയതകളെ അതിനുള്ളില്‍ കാണാന്‍ കഴിയും. ആദിവാസികള്‍ മറ്റൊരു ഉപദേശീയതയാണ്‌. അവരുടെ ഭാഷ ആചാരം വിശ്വാസം എല്ലാം മുഖ്യ ധാരയില്‍ നിന്ന് വേറിട്ടതാണ്‌. ഞാനീ പറയുന്നത്‌ കേരളം പോലൊരു ചെറു സമൂഹത്തിനുള്ളിലെ ഉപ സമൂഹങ്ങളെക്കുറിച്ചാണ്‌. ഇന്‍ഡ്യ ഇതിന്റെ ഉള്ളില്‍ക്കൂടിയെല്ലാം വിവിധ ഉപദേശീയതകളെ കൂട്ടിയിണക്കി നിലകൊള്ളുന്നു. ചിതറിയ അറുന്നൂറിലേറെ നാട്ടുരാജ്യങ്ങളുടെ ചെറുദേശീയതകളുടെ ഒരു സമാഹാരം.

യു.കെ. നമുക്ക്‌ എടുത്ത്‌ കാട്ടാവുന്ന ബഹുദേശീയതയുടെ മറ്റൊരു നാടാണ്‌. എന്നാല്‍ അത്‌ അങ്ങനെയായിത്തീര്‍ന്നത്‌ കൊളോണിയലിസത്തിന്റെ ബാക്കിപത്രം എന്ന നിലയിലാണ്‌, എവിടെയെല്ലാം ബ്രിട്ടണ്‌ കോളണികളുണ്ടായിരുന്നോ അവിടങ്ങളില്‍ നിന്നെല്ലാമുള്ള ജനങ്ങള്‍ ചിലപ്പോള്‍ ബ്രിട്ടീഷുകാരെക്കാള്‍ കൂടുതല്‍ എണ്ണത്തില്‍ പലയിടങ്ങളിലും താമസിക്കുന്നത്‌ യു.കെ.യിലൂടെ യാത്ര ചെയ്യുമ്പോള്‍ നമുക്ക്‌ നേരിട്ട്‌ കാണാം. അവര്‍ക്കെല്ലാം സിറ്റിസന്‍ഷിപ്പുണ്ട്‌. ബ്രിട്ടീഷ്‌ പൗരന്മാരാണ്‌. ഇത്‌ കൊളോണിയലിസത്തിന്റെ ഒരു തിരിച്ചടി പോലെ അതില്‍ നിന്ന് മടങ്ങി വരുന്ന തിരമാല പോലെയുള്ള ഒരു സംഗതിയാണ്‌. മറ്റൊരു കാര്യം ഇന്ത്യ പോലെ ജന്മനാ ബഹുദേശീയതയുള്ള ഒരു ദേശത്തില്‍ ഒരു ദേശീയതയേ ഉള്ളൂ എന്നും ഒരു സംസ്കാരമേ ഉള്ളൂ എന്നു വരുത്തിത്തീര്‍ക്കാന്‍ ചില പ്രത്യയശാസ്ത്രങ്ങള്‍ സംഘപരിവാര്‍ പോലുള്ള സംഘടിത ശക്തികള്‍ ദീര്‍ഘകാലമായി ശ്രമിക്കുന്നതാണ്‌.

ഉപദേശീയതകളുടെ പ്രധാന പ്രശ്നം അതിലുള്ള ജാതിമതവര്‍ണ്ണ വേര്‍തിരിവുകളാണ്‌. ഇന്ത്യയെപ്പോലെ ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും അഭിമുഖീകരണങ്ങള്‍, വേര്‍തിരിവുകള്‍ അനുഭവിക്കുന്ന രാഷ്ട്രങ്ങള്‍ അപൂര്‍വ്വമാണ്‌. ഓരോ ജാതിയും ഒരോ ചെറുദേശേീയതായി പ്രവര്‍ത്തിക്കുന്നു. ഞങ്ങളായി, ഞങ്ങളുടെ ആളുകളായി ഞങ്ങളുടെ അമ്പലമായി ഞങ്ങളുടെ പള്ളികളായി.... ഇങ്ങനെ അധികാരത്തിനും ധനത്തിനും വേണ്ടി പരസ്പരം മല്‍സരിക്കുന്നതുകാണാം. ഓരോ ഉപദേശീയതയും എത്രത്തോളം ചുരുങ്ങുന്നോ അത്രത്തോളം അപകടകരമാണ്‌. നക്ഷത്ത്രങ്ങള്‍ നശിച്ച്‌ ബ്ലാക്ക്‌ ഹോള്‍സ്‌ ആകുന്നതുപോലെ ദേശീയതകള്‍ ചുരുങ്ങുമ്പോള്‍ സങ്കുചിതത്വം വര്‍ദ്ധിച്ച്‌ അതിവിപത്തായി മാറുന്നു. ജാതിയും മതവുമൊക്കെ തന്നിലേക്ക്‌ ചുരുങ്ങി മറ്റുള്ളവരിലേക്ക്‌ പൊട്ടിത്തെറിക്കുന്ന ടൈംബോംബുകളാവുന്നത്‌ ഇങ്ങനെയാണ്‌.



പ്രവാസികളെയും ഇത്തരം ചെറു ദേശീയതകള്‍ പിന്തുടരുന്നു. ജാതിമതവര്‍ണ്ണ സങ്കുചിതത്വങ്ങളുടെ പഴയ മനശാസ്ത്രം കുടിയേറിയ പുറം രാജ്യങ്ങളിലും അതേ രീതിയില്‍ തുടരുന്നു. എത്രകാലം ഇംഗ്ലണ്ടില്‍ താമസിച്ചാലും സ്വിറ്റ്‌സര്‍ലണ്ടില്‍ താമസിച്ചാലും യു.എ.ഇ.ലോ ചൈനയിലോ താമസിച്ചാലും ഈഴവന്‍ ഈഴവനായിട്ടും ക്നാനായക്കാരന്‍ ക്രിസ്ത്യാനി ക്നാനായക്കാരനയിട്ടും വിഭാഗീയതകള്‍ സൂക്ഷിക്കുന്നു. ഇതിന്റെ പിന്നാലെ ഇടുങ്ങിയ കക്ഷിരാഷ്ട്രീയവും വന്നെത്തും. ദേശീയതകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ഇത്തരം കെണികള്‍ മറുനാട്ടില്‍ മലയാളികളെപ്പോലും തമ്മിലടിപ്പിക്കുന്നു.

യു.എ.ഇ. പോലുള്ള ഒരു നവീന രാജ്യത്ത്‌ ബഹുദേശീയത ഒരു ആസൂത്രിത പ്രതിഭാസമാണ്‌. ഇവിടേക്ക്‌ പണിയെടുക്കാന്‍ എത്തുന്നവരിലൂടെ ഈ രാഷ്ട്രത്തിന്‌ ആവശ്യമുള്ള ജോലിക്കാരെ മറ്റിടങ്ങളില്‍ നിന്ന് കടമെടുക്കേണ്ടി വരുന്നതുകൊണ്ട്‌ രൂപപ്പെടുന്ന അവസ്ഥയാണ്‌ 'Melting Pot of Civilizations' എന്നത്‌. സംസ്കാരം എന്നാല്‍ ജീവിതരീതിയാണ്‌. ഭക്ഷണം കഴിക്കുന്ന വസ്ത്രം ധരിക്കുന്ന രീതിയാണ്‌. ചിന്തിക്കുന്ന രീതിയാണ്‌. പരസ്പരം കാണിക്കുന്ന മര്യാദകളും ജീവിതത്തില്‍ കാണിക്കുന്ന കരുണ്യവുമാണ്‌. പാട്ടും നൃത്തവുമാണ്‌ സംസ്കാരം എന്നൊരു തെറ്റിദ്ധാരണയുണ്ട്‌. എം.എസ്‌. സുബ്ബലക്ഷ്മിയുടെ പാട്ട്‌ അരമണിക്കൂര്‍ കേട്ടാല്‍ ഉണ്ടാവുന്നതാണ്‌ സംസ്കാരം എന്ന് കരുതുന്നത്‌ ശരിയല്ല. നമ്മള്‍ പരസ്പരം ഇടപെടുന്ന interfaceല്‍ ഉണ്ടാകുന്ന നന്മകളാണ്‌ സംസ്കാരം. ഭാഷയാണ്‌ അതിന്റെ അടിത്തറ. ഞാനിവിടെ നിന്ന് നിങ്ങളോട്‌ പോര്‍ട്ടുഗീസ്‌ ഭാഷയിലാണ്‌ സംസാരിക്കുന്നതെങ്കില്‍ ഭാഷയുടെ ആ ബന്ധം ഇല്ലാതാകും.

ഇന്ത്യയിലൊട്ടാകെ കേരളത്തിലും സംസ്കാരത്തെ മതമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നു. മതം സംസ്കാരങ്ങളുടെ ഒരു പ്രതിഫലനം മാത്രമാണ്‌. സാഹിത്യം പോലെ സംഗീതം പോലെ സിനിമ പോലെ മറ്റ്‌ കലകള്‍ പോലെ ഒന്ന്. സംസ്കാരങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഉപോല്‍പന്നം മാത്രമാണ്‌ മതം. അതിനെ തലതിരിച്ചു നിര്‍ത്തിയിട്ട്‌ മതത്തില്‍ നിന്നാണ്‌ സംസ്കാരം ഉണ്ടാകുന്നതെന്ന് പറയുന്നു. ഇതിനെയാണ്‌ മതദേശീയത എന്നു പറയുന്നത്‌. ഇതിന്റെ പരജയമണ്‌ പാകിസ്ഥാനില്‍ നാം കണ്ടത്‌. അത്‌ ബംഗാളി ഭാഷയുടെ പേരില്‍ വേര്‍പിരിഞ്ഞു പോയി. സിന്ധി ഭാഷയുടെയും പഞ്ഞാബി ഭാഷയുടെയും പേരില്‍ സംഘര്‍ഷാത്മകമായി. മതദേശീയത എന്ന മിത്ത്‌ പൊളിയുന്നതിന്റെ ചരിത്രം നമുക്കു മുന്നിലുണ്ട്‌.

ഇന്ന് ഗള്‍ഫില്‍ പ്രത്യേകിച്ച്‌ യു.എ.ഇ.ല്‍ ആധുനികവല്‍കരണത്തിനുവേണ്ടിയും സാമ്പത്തികവികാസത്തിനുവേണ്ടിയും തൊഴിലാളികള്‍ വിദഗ്ദ്ധര്‍ ബുദ്ധിജീവികള്‍ ഒക്കെ വേണ്ടിവരുന്നതുകൊണ്ടാണ്‌ ബഹുദേശീയ ജനത പ്രത്യക്ഷപ്പെടുന്നത്‌. ഇവിടം പ്രവാസികളുടെ സാംസ്കാരികവൈവിദ്ധ്യങ്ങള്‍ക്ക്‌ അസാധാരണമയ ഒരു താവളമായി മാറിയിരിക്കുന്നു. ഗള്‍ഫ്‌ കുടിയേറ്റത്തിന്റെ ഇടമല്ല. ജോലിസ്ഥലമാണ്‌. ഭൂമി വാങ്ങി വീടുവെച്ച്‌ ഇവിടുത്തുകാരായി മാറുന്നില്ല. ഇവിടെ പ്രവാസം കുടിയേറ്റക്കാരന്റെ പ്രവാസമല്ല. സംസ്കാരങ്ങളുടെ ഒരു Melting Potല്‍, തിളയ്ക്കുന്ന പാത്രത്തില്‍ ജീവിക്കുന്നവര്‍ക്ക്‌ സംസ്കാരങ്ങളുടെ തിരിച്ചറിവ്‌ പ്രധാനമണ്‌.



ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഫിലിപ്പിനോകളുമായി ശ്രീലങ്കക്കാരുമായി റഷ്യക്കാരുമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. കേരളത്തിലിരുന്ന് സാദ്ധ്യമാകാത്ത ഒരന്താരാഷ്ട്ര ചക്രവാളം ഇവിടെ ഉണ്ടായി വരുന്നു. ഇതാണ്‌ ഇത്തരം സങ്കേതത്തിന്റെ വില. ഉരുളികുന്നത്തു നിന്നു വരുന്ന ഞാന്‍ ഈ വലിയ ലോകവുമായി ഉരസുന്നു. ഞാനും എന്റെ അവബോധങ്ങളും മാറുന്നു. എന്നാല്‍ ഇത്തരം സാംസ്കാരിക ധാരണകള്‍ കേരളത്തിന്‌ ഒരു മുതല്‍ക്കൂട്ടായി മാറേണ്ടതായിരുന്നു. ആ മാറ്റത്തിന്റെ ഒരു മെക്കാനിസം എവിടേയോ ഉണ്ടാവേണ്ടതായിരുന്നു. വര്‍ഷങ്ങളായി മലയാളികള്‍ ലോകത്തിലെ ഏറ്റവും മാതൃകാപരമായ സമൂഹങ്ങളില്‍ കുടിയേറി ജീവിച്ചിട്ടും ഏറെ ധനം എത്തിയിട്ടും കേരളമിന്നും ഒരു പിന്നോക്കപ്രദേശമായിപരിതാപകരമായി തുടരുന്നു. ഒരു പുതിയ അവബോധം രൂപപ്പെടുക ഇവിടെ പഠിച്ചുവളരുന്ന കുട്ടികളിലായിരിക്കും.

അറബി സംസ്കാരത്തിനും ഈ താല്‍കാലിക പ്രതിഭാസം ഈ നീണ്ട കാലയളവില്‍ വളരെ വിലപ്പെട്ട ഒന്നാണ്‌. മറ്റൊരു വിധത്തിലും പിടിച്ചെടുക്കാന്‍ പറ്റാത്ത നൂറയിരം ജ്ഞാനങ്ങള്‍ പരിജ്ഞാനങ്ങള്‍ അതിനെ മാറ്റിമറിക്കുന്ന ആശയങ്ങള്‍ അവര്‍ക്കും ലഭിക്കുന്നു. ഇങ്ങനെ മാറ്റത്തിന്റെ പാതയിലേക്ക്‌ അറബ്‌ സംസ്കാരവും വന്നെത്തുന്നു. അമ്പത്‌ വര്‍ഷത്തിനു മുമ്പുള്ള യു.എ.ഇ യേയും പത്തു വര്‍ഷത്തിനു മുമ്പുള്ള യു.എ.ഇ.യേയും പണത്തിന്റെ കണക്കില്‍ മാത്രം അളക്കരുത്‌. അവിടെ സംസ്കാരത്തിന്റെ കണക്കു കൂടി എടുക്കണം. പുതിയ ലോകവുമായി പുതിയ അറിവുകളുമായി അറബ്‌ സംസ്കാരവും അറബ്‌ രാഷ്ട്രീയവും എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ ഉദാഹരണമണ്‌ ഈ മാറ്റങ്ങള്‍.



ഏതു സംസ്കാരത്തിന്റെയും അതിജീവനമാര്‍ഗ്ഗം വാതിലുകള്‍ തുറന്നിടുക എന്നതാണ്‌. ഇന്തോ അറബ്‌ സാംസ്കാരിക സംഭാഷണങ്ങള്‍ ഒരു വലിയ ഇന്‍പുട്ടാണ്‌. ജോലി, സമ്പാദ്യം, അതിജീവനം എന്നതിനപ്പുറത്തേക്ക്‌ അത്‌ മലയാളി ജീവിതത്തെയും മാറ്റുന്നു. ഈ മഹത്തായ സംരംഭത്തിന്‌ എല്ലാ ആശംസകളും നേരുന്നു.
 

comments